ആഭ്യന്തര മന്ത്രിയുടെ വാക്കുകളെ അവഗണിച്ച് കേരള പൊലീസ് അതിക്രമങ്ങൾ തുടരുന്നു

റോഡരികിൽ പച്ചക്കറി കച്ചവടം നടത്തിയെന്നാരോപിച്ചാണ് പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെ പൊലീസ് അക്രമം അഴിച്ചുവിട്ടത്

ആഭ്യന്തര മന്ത്രിയുടെ വാക്കുകളെ അവഗണിച്ച് കേരള പൊലീസ് അതിക്രമങ്ങൾ തുടരുന്നു

അമിതാധികാര പ്രയോഗത്തിനെതിരെ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞതിന് ശേഷവും ക്രൂരതകൾ അവസാനിപ്പില്ലെന്നുറപ്പിച്ച് പൊലീസ്. റോഡരികിൽ പച്ചക്കറി കച്ചവടം നടത്തിയെന്നാരോപിച്ചാണ് പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെ പൊലീസ് അക്രമം അഴിച്ചുവിട്ടത്. സുബൈർ എന്ന പച്ചക്കറി വിൽപ്പനക്കാരൻ കടയുടെ മുന്നിൽ റോഡരികിൽ പച്ചക്കറികൾ നിരത്തിവെച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

റോഡരികില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന പച്ചക്കറികള്‍ റോഡിലേക്ക് പൊലീസ് വലിച്ചെറിഞ്ഞതു കൂടാതെ അവയ്ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയും ചെയ്തതായി സുബൈർ പറയുന്നു. തന്റെ പച്ചക്കറികള്‍ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയെന്നും സുബൈര്‍ പരാതിപ്പെടുന്നു.

റോഡരികില്‍ വച്ച് പച്ചക്കറികള്‍ വില്‍ക്കരുതെന്ന് കുറച്ചു ദിവസം മുമ്പ് പൊലീസ് നേരത്തെ സുബൈറിനോട് നിർദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പച്ചക്കറികള്‍ കടയിലാണ് വച്ചിരുന്നതെന്ന് സുബൈര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച പൊലീസ് ഒന്നും പറയാതെ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും സുബൈര്‍ പറഞ്ഞു.

Read More >>