വടയമ്പാടി ജാതിമതിൽ പ്രക്ഷോഭം: പുലയ മഹാസഭാ നേതാക്കൾക്കും സമരക്കാർക്കും നേരെ പൊലീസ് ആക്രമണം; സമരപ്പന്തൽ പൊളിച്ചു

എറണാകുളം ജില്ലയിലെ വടയമ്പാടി പ്രദേശത്ത് കഴിഞ്ഞ ഒരു വർഷത്തോള മായി സമരം തുടരുന്ന ദളിത് ഭൂ അവകാശമുന്നണി പ്രവർത്തകർക്കു നേരെയാണ് പൊലീസ് നരനായാട്ട്.

വടയമ്പാടി ജാതിമതിൽ പ്രക്ഷോഭം: പുലയ മഹാസഭാ നേതാക്കൾക്കും സമരക്കാർക്കും നേരെ പൊലീസ് ആക്രമണം; സമരപ്പന്തൽ പൊളിച്ചു

വടയമ്പാടിയിൽ ക്ഷേത്രസമിതി തീർത്ത ജാതിമതിലിനെതിരായി സമരക്കാർക്കു നേരെ പൊലീസ് ആക്രമണം. പുലർച്ചെ അഞ്ചരയോടെ റവന്യൂ അധികാരികൾക്കൊപ്പമെത്തിയ വൻ പൊലീസ് സന്നാഹം സമരപ്പന്തൽ പൊളിച്ചുനീക്കുകയും കേരളാ പുലയമഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാവിലെ മുതൽ അനിശ്ചിതകാലനിരാഹാരം തുടർന്ന സമരസമിതി കൺവീനർ എം പി അയ്യപ്പൻ കുട്ടി, നേതാക്കളായ രാമകൃഷ്ണൻ പൂതേത്ത്, പി കെ പ്രകാശ്, വി കെ മോഹനൻ, വി കെ രജീഷ്, വി ടി പ്രശാന്ത്, പ്രവീൺ തുടങ്ങിയവരെയാണ് പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോയത്. മാത്രമല്ല, കെപിഎംഎസ് നേതാവ് ശശിധരനെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പുറത്തുനിന്നും ആരെയും അടുപ്പിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് പൊലീസ്. എറണാകുളം ജില്ലയിലെ വടയമ്പാടി പ്രദേശത്ത് കഴിഞ്ഞ ഒരു വർഷത്തോള മായി സമരം തുടരുന്ന ദളിത് ഭൂ അവകാശമുന്നണി പ്രവർത്തകർക്കു നേരെയാണ് പൊലീസ് നരനായാട്ട്.

ഏഴു പതിറ്റാണ്ടിലധികം വടയമ്പാടിയിലെ ദളിതരടക്കമുള്ള പൊതുസമൂഹം ഒന്നാകെ ഉപയോ​ഗിച്ചുകൊണ്ടിരുന്ന മൈതാനം ദളിതർ കയറിയാൽ അശുദ്ധമാകുമെന്നാരോപിച്ച് കള്ളപ്പട്ടയമുണ്ടാക്കി ഇവിടുത്തെ ഭജനമഠം അധികൃതർ ജാതി മതിൽ തീർക്കുകയായിരുന്നു. ഇത് കഴിഞ്ഞ അംബേദ്ക്കര്‍ ദിനത്തിൽ ദളിത് ഭൂ അവകാശ സമരമുന്നണി പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ ക്ഷേത്ര അധികൃതർ രം​ഗത്തെത്തിയതോടെയാണ് ജാതിമതിലിനെതിരായ സമരം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിന് ശാശ്വത പരിഹാരം കാണാൻ അധികാരികള്‍ ഇതുവരെ ശ്രമിച്ചിരുന്നില്ല. ഇതിനിടെയാണ് പൊലീസിനെ ഉപയോ​ഗിച്ച് സമരക്കാരെ അടിച്ചമർത്താനുള്ള നീക്കം ഭജനമഠം അധികൃതർ നടത്തിയതെന്നാണ് ആക്ഷേപം.

മണ്ഡല പൂജയോട് അനുബന്ധിച്ചാണ് എന്‍എസ്എസ് മൈതാനത്തിനു സമീപത്തുള്ള ജനവിഭാഗങ്ങളെ ക്ഷേത്ര മതിലിനുള്ളില്‍ കയറുന്നത് വിലക്കിയത്. കണ്ട കാളനും കൂളനും അമ്പലത്തില്‍ കയറിയാല്‍ ദേവീ കോപം ഉണ്ടാകുമെന്നു പറഞ്ഞാണ് ദേശവിളക്ക് മുടക്കിയത്. എന്നാല്‍ തങ്ങളെ അവിടുന്ന് ഇറക്കിവിട്ട സാഹചര്യം അന്വേഷിച്ചപ്പോഴാണ് അത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ദേശവാസികൾക്ക് അറിയാൻ സാധിച്ചത്. 1969 ല്‍ ഇഎംഎസ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ സ്ഥലമാണ് മൈതാനം.

1981ലാണ് വ്യാജ രേഖകള്‍ ചമച്ച് എന്‍എസ്എസ് പുറമ്പോക്ക് ഭൂമി തട്ടിയെടുത്തതതും ജാതി മതില്‍ കെട്ടിയുയര്‍ത്തിയതും. നിലവില്‍ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ വിഷയത്തെ ദളിതരുടെ കോണില്‍ നിന്നും കാണുന്നില്ല. സ്വതന്ത്രമായി ഉപയോഗിച്ചു പോകുന്ന ഭൂമി അധികാരികളെ സ്വാധീനിച്ച് എന്‍എസ്എസ് കൈയേറിയ നടപടികള്‍ റദ്ദാക്കി ഭൂമി ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടക്കം എല്ലാ അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. ഇത് കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ വിരുദ്ധവും ദളിത് വിരുദ്ധവുമാണെന്ന് സമര സമിതി കണ്‍വീനര്‍ അയ്യപ്പന്‍കുട്ടി പറഞ്ഞിരുന്നു.

സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ തൊഴില്‍ നിഷേധിച്ചും കള്ളക്കേസുകള്‍ ചമച്ചും ഊരുവിലക്കിയും ജാതി പീഡനം നടത്തുന്നവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍​ഗ പീഡനനിരോധന നിയമപ്രപകാരം കേസ്സെടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ദളിതരടക്കമുള്ള ജനവിഭാഗങ്ങള്‍ക്കും നേരത്തെ ക്ഷേത്ര നടത്തിപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ 2013-ല്‍ ദളിതരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ക്ഷേത്രത്തില്‍ ദളിതര്‍ കയറിയാല്‍ ജാതിപ്പേര് വിളിച്ച് കളിയാക്കുകയും കാര്‍ക്കിച്ചു തുപ്പുകയും വരെ ചെയ്യാറുണ്ടെന്നും സമര സമിതി പറയുന്നു.

Read More >>