ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു കേരളത്തിന്റെയും പിന്തുണ; മന്ത്രിമാരുടെയാത്ര അധികാര ചിഹ്നമില്ലാതെ

അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വിജ്ഞാപനം പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിനു കാത്തുനില്‍ക്കാതെയാണ് മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് സ്വമേധയാ ഒഴിവാക്കിയത്.

ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു കേരളത്തിന്റെയും പിന്തുണ; മന്ത്രിമാരുടെയാത്ര അധികാര ചിഹ്നമില്ലാതെ

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും പിറകെ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി കേരളത്തിലേയും തമിഴ് നാട്ടിലെയും മന്ത്രിമാര്‍. കേരളത്തില്‍ നിന്ന് ധനമന്ത്രി തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി തോമസും വിജ്ഞാപനം പുറത്തിറങ്ങും മുന്‍പേ അധികാര ചിഹ്നമായ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിയും തന്റെ കാറിലെ ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചു.

പിന്നാലെ മന്ത്രിമാരായ എ.കെ. ബാലനും ഇ ചന്ദ്രശേഖരനും ബീക്കണ്‍ ലൈറ്റ് മാറ്റി. വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉന്നതരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചുവന്ന വെളിച്ചം-ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്.

അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വിജ്ഞാപനം പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിനു കാത്തുനില്‍ക്കാതെയാണ് മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് സ്വമേധയാ ഒഴിവാക്കിയത്. പല സംസ്ഥാനങ്ങളിലെ ഉന്നതരും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ച് ഉത്തരവിറക്കി.