കേരളത്തിലെ ഒരു സ്കൂളില്‍ മലയാളം പഠിക്കാനായി കുരുന്നുകളുടെ സമരം!

ഭരണഭാഷ-മാതൃഭാഷ എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് കേരളത്തിലെ ഒരു സ്കൂളില്‍ കുരുന്നുകള്‍ക്ക് ഇങ്ങനെ മലയാളം പഠിക്കാനായി സമരം ചെയ്യേണ്ടി വരുന്നത്

കേരളത്തിലെ ഒരു സ്കൂളില്‍ മലയാളം പഠിക്കാനായി കുരുന്നുകളുടെ സമരം!

കുഞ്ഞുകൈകളില്‍ പേന പിടിച്ച് അനസ് എന്ന മൂന്നാംക്ലാസുകാരന്‍ മുഖ്യമന്ത്രിക്കായി പോസ്റ്റ് കാര്‍ഡില്‍ ഒരു കത്തെഴുതി.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഞങ്ങള്‍ക്ക് മലയാളം പഠിക്കണം. അതിന് മലയാളം ടീച്ചര്‍മാര്‍ വേണം. മലയാളം സ്‌കൂള്‍ സംരക്ഷിക്കണം'.

അനസ് ഉള്‍പ്പെടെ നിരവധി കുരുന്നുകളാണ് മുഖ്യമന്ത്രിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. കാസര്‍ഗോട് ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മലയാളം പഠിക്കാന്‍ സമരത്തിന്റെ പാതയിലാണ്.

ഭരണഭാഷ-മാതൃഭാഷ മുദ്രാവാക്യമാക്കിയ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഒരു കൂട്ടം കുരുന്നുകള്‍ മലയാളം പഠിക്കാനായി സമരം ചെയ്യുന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ സ്‌കൂളില്‍ നിന്നും നാല്‍പതിലേറെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു മലയാള ഭാഷാപഠിക്കാനാവശ്യമായ സഹായം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പോസ്റ്റ്കാര്‍ഡില്‍ കത്തയച്ചു നടപടിയുണ്ടാകാനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞദിവസം കാസര്‍ഗോഡ് എത്തിയ മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ നേരില്‍ക്കണ്ടും പരാതി നല്‍കിയിരുന്നു- കാസര്‍ഗോഡിനെയും കേരളത്തിന്റെ ഭാഗമായി ഭരണകൂടം കരുതണമെന്നാണ് ഇവരുടെ അപേക്ഷ.

2007ലാണ് ബണ്‍പത്തടുക്ക കന്നഡ മീഡിയം സ്‌കൂളില്‍ മലയാളം പഠനമാരംഭിച്ചത്. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കായി മലയാളം പഠനം ഉള്‍പ്പെടുത്താമെന്ന കെഇആര്‍ ചട്ടപ്രകാരമാണ് ഇവിടെ മലയാളം പഠിപ്പിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മലയാളം അധ്യാപകരെ പിരിച്ചുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ വിദ്യാലയം ആദായകരമല്ലെന്നു കാണിച്ചാണ് സ്‌കൂളിലെ മലയാളം അധ്യാപികമാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ ശമ്പളം തിരിച്ചടച്ചാല്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇവരെ ഇതേ സ്‌കൂളില്‍ വീണ്ടും നിയമിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് ഇവരെ അറിയിച്ചു.

2014-15 അധ്യയന വര്‍ഷത്തില്‍ എഇഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മലയാളം പഠിക്കുന്നത് 29 കുട്ടികളാണ് എന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്. ആകെ 42 വിദ്യാര്‍ത്ഥികളുള്ള സ്കൂളില്‍ തുടര്‍ന്ന് മലയാളം അധ്യാപികമാരെ പിരിച്ചുവിടുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സി രാഘവന്‍ നടത്തിയ പരിശോധനയില്‍ 32 മലയാളം വിദ്യാര്‍ത്ഥികളും 21 കന്നഡ വിദ്യാര്‍ത്ഥികളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെയും ഓഫീസിലെത്തിയിട്ടില്ലെന്നാണ് കുമ്പള ഉപവിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്.

മലയാളം അധ്യാപികമാരെ പിരിച്ചുവിട്ടതിനു പിന്നാലെ രണ്ട് കന്നഡ അധ്യാപകരെ നിയമിച്ചതായും പരാതി ഉയര്‍ന്നു.പിരിച്ചുവിടപ്പെട്ട അധ്യാപികമാരില്‍ ഒരാളായ രമ്യ യുവജന കമ്മീഷന് നല്‍കിയ പരാതി ന്യായമാണെന്ന് കമ്മീഷന്‍ അംഗീകരിക്കുകായും ചെയ്യുന്നുണ്ട്. അധ്യാപികമാരെ പിരിച്ചുവിട്ട കുമ്പള ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറുടെ കത്തിന് സാധുതയില്ലെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്താന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും യുവജനകമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാതൃഭാഷാപഠനം മൗലികാവകാശമായിരിക്കെ മലയാളം പഠിക്കാന്‍ വേണ്ടി ഇവിടെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് സാംസ്‌കാരിക കേരളത്തിനുതന്നെ അപമാനമാണ് എന്ന് സംശയലേശമെന്യേ പറയാം.

പരാതി കൈപ്പറ്റിയിട്ടും ഇതുവരെയും വിഷയത്തില്‍ മുഖ്യമന്ത്രിയും നിസംഗത തുടരുകയാണ്. കൃത്യമായി ബസ് സര്‍വീസ് പോലുമില്ലാത്ത ബണ്‍പത്തടുക്കയിലെ കുട്ടികള്‍ക്ക് ദൂരെയുള്ള മറ്റ് സ്‌കൂളുകളില്‍ പോയി മലയാളം പഠിക്കുന്നതുംഅസാധ്യമാണ്. സ്‌കൂളില്‍ മലയാളം അധ്യാപകരില്ലാതായാല്‍ ഈ തലമുറയും ഇനിയുള്ള തലമുറകളും കേരളത്തിലെ ഒരു സ്കൂളില്‍ മാതൃഭാഷയറിയാതെ വളരേണ്ടിവരും.