വിഴിഞ്ഞം കരാർ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമെന്നു ഹൈക്കോടതി

കരാർ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിഴിഞ്ഞം കരാർ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമെന്നു ഹൈക്കോടതി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിൽ സംശയങ്ങൾ ഉന്നയിച്ച് കേരളാ ഹൈക്കോടതി. കരാർ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേരളത്തിന്റെ ഭാവി തുലാസിലാണ്. ഏകപക്ഷീയമായി കരാർ ഒപ്പിട്ടത് എന്തിനെന്നു സർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിൽ സംസ്ഥാന താൽപര്യത്തിന് അനുസൃതമായ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ആണ് ഹൈക്കോടതി പരാമർശങ്ങൾ നടത്തിയത്. സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്ന തരത്തിൽ കരാറുണ്ടാക്കിയതിനു പിന്നിൽ സാമ്പത്തിക ഇടപാടുണ്ടോ എന്നു സിബിഐയോ മറ്റു ദേശീയ ഏജൻസികളോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ പൊതുതാൽപര്യ ഹർജിയാണു കോടതിയിലുള്ളത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തിയിരുന്നു. അദാനി ഗ്രൂപ്പിനു വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതാണ് കരാർ എന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കരാറിലൂടെ അദാനിയ്ക്ക് 29217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 10 വർഷത്തിനു പകരം 20 വർഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താൽ 61,095 കോടി രൂപയുടെ അധിക വരുമാനം കരാറുകാർക്കു കിട്ടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.

സിഎജിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഇടതു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017 മേയ് 31നാണ് സര്‍ക്കാര്‍ വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് മൂന്നംഗ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നത്. മുന്‍ ഷിപ്പിങ് സെക്രട്ടറി കെ മോഹന്‍ദാസും ആഡിറ്റ് അക്കൗണ്ട്സ് സര്‍വീസില്‍ നിന്ന് വിരമിച്ച പി.ജെ മാത്യുവും അംഗങ്ങളായിരുന്നു.