ശ്രീജീവിന്റെ കസ്റ്റഡി മരണം: സിബിഐ നിലപാട് പുനഃപരിശോധിക്കാന്‍ സർക്കാർ ആവശ്യപ്പെടും

2014 ല്‍ ആണ് ശ്രീജിത്തിന്റെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാല്‍ ശ്രീജിത്ത് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ശ്രീജിത്തിന്റെ പരാതിയിൽ 2016 മെയ് 17 ന് കംപ്ലൈന്‍റ് അതോറിറ്റി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു.

ശ്രീജീവിന്റെ കസ്റ്റഡി മരണം: സിബിഐ നിലപാട് പുനഃപരിശോധിക്കാന്‍ സർക്കാർ ആവശ്യപ്പെടും

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതു സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തെഴുതാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്‍റെ പ്രശ്നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ശ്രീജിത്തിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അത് നിരസിക്കുകയാണ് ചെയ്തത്.

2014 ല്‍ ആണ് ശ്രീജിത്തിന്റെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാല്‍ ശ്രീജിത്ത് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ശ്രീജിത്തിന്റെ പരാതിയിേല്‍ 2016 മെയ് 17 ന് കംപ്ലൈന്‍റ് അതോറിറ്റി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉത്തരവ് പരിശോധിക്കുകയും സെപ്തംബര്‍ മൂന്നിന് ആഭ്യന്തര വകുപ്പ് ഇതിേല്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ശ്രീജീവിന്‍റെ മാതാവിനും സഹോദരന്‍ ശ്രീജിത്തിനുമായി 10 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഉത്തരവിലെ ഒരു നിര്‍ദ്ദേശം. ഒരു മാസത്തിനകം ഒക്ടോബര്‍ 15ന് 10 ലക്ഷം രൂപ ആശ്വാസമായി ഇരുവര്‍ക്കും നല്‍കി. ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുമായിരുന്നു മറ്റൊരു നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ആ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇതിനിടയിലാണ് പ്രതികള്‍ക്കെതിരെ കേരള പൊലീസ് അന്വേഷണം നടത്തുന്നതില്‍ ആക്ഷേപമുന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ശ്രീജിത്ത് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുന്നത്. തുടർന്ന് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി സ്റ്റേഷന്‍ പൊലീസ് ആക്ട് പ്രകാരം പാറശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ അന്വേഷണത്തിന് വിട്ട് 2017 ജൂൺ എട്ടിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ കത്തും വിജ്ഞാപനവും 2017 ജൂലൈ18ന് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുകയും ചെയ്തു.

2018 ജനുവരി മൂന്നിന് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേസ് സിബിഐ ഏറ്റെടുക്കില്ലെന്നാണ് മറുപടി ലഭിച്ചത്. അപൂര്‍വ്വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നാണ് സിബിഐ അറിയിയിച്ചത്. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം നിരസിക്കുകയാണെന്ന നിലപാടാണ് സിബിഐ എടുത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More >>