ദളിത് എന്ന വാക്ക് നിരോധിച്ച് കേരള സർക്കാർ ഉത്തരവ്

അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ദളിത് എന്ന പദം പൂർണമായും ഒഴിവാക്കണമെന്നാണ് കേരളസർക്കാരിന്റെ സർക്കുലർ. ഹരിജൻ , ദളിത് , ഗിരിജൻ എന്നീ പദങ്ങൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ അവഹേളിക്കുന്നതാണെന്നും ആയതിനാൽ ഇവ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്

ദളിത് എന്ന വാക്ക് നിരോധിച്ച് കേരള സർക്കാർ ഉത്തരവ്

ദളിത് എന്ന വാക്ക് നിരോധിക്കുന്ന കേരള സർക്കാർ ഉത്തരവ് വിവാദമായി. അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ദളിത് എന്ന പദം പൂർണമായും ഒഴിവാക്കണമെന്നാണ് കേരളസർക്കാരിന്റെ സർക്കുലർ. ഹരിജൻ , ദളിത് , ഗിരിജൻ എന്നീ പദങ്ങൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ അവഹേളിക്കുന്നതാണെന്നും ആയതിനാൽ ഇവ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.സർക്കാർ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം , കേരള കാളിങ് എന്നിവയിലും മറ്റു പരസ്യങ്ങളിലും ഈ പദങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

ഹരിജൻ, ​ഗിരിജൻ, ദളിത് എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് കാട്ടി ജിതിൻ ആർ എസ് എന്നയാൾ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര കമ്മീഷൻ മുമ്പാകെ നൽകിയ പരാതിയെ തുടർന്നാണ് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ഒക്ടോബർ 7 നു സർക്കുലർ ഇറക്കിയത്.

പിന്നാക്ക ആദിവാസി വിഭാ​ഗഹങ്ങളെ കുറിക്കാൻ ഹരിജൻ , ഗിരിജൻ തുടങ്ങിയ പദങ്ങൾ ഉപയോ​ഗിക്കുന്നതിനെതിരെ ദളിത് ബുദ്ധിജീവികളും ചിന്തകരും നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഈ വാക്കുകൾക്ക് പകരമായി ദളിത്-ആദിവാസി എന്ന വാക്കുകൾ ഉപയോ​ഗിക്കുന്നതിന് എഴുത്തുകാരും ചിന്തകരും സാമൂഹ്യപ്രവർത്തകരും താത്പര്യപ്പെട്ടിരുന്നു. സർക്കാർ തന്നെ പഠനപരമായും ഒദ്യോ​ഗികമായും പലയിടത്തും ഉപയോ​ഗിക്കുന്ന വാക്കാണ് ദളിത് എന്നത്. സാഹിത്യ അക്കാദമിയും ചലച്ചിത്ര അക്കാദമിയുമൊക്കെ ദളിത് സാഹിത്യം, ദളിത് സിനിമ എന്നിവയുമായി ബന്ധപ്പെട്ടു ശില്പശാലകൾ സംഘടിപ്പിക്കുകയും പ്രസിദ്ധീകരണങ്ങൾ ഇറക്കുകയും ചെയ്തിട്ടുണ്ട്.
ജാതിവ്യവസ്ഥക്കെതിരെ പൊരുതുന്ന ജനതയെ സൂചിപ്പിക്കാൻ ജ്യോതിബാ ഫുലെ, അംബേദ്‌കർ തുടങ്ങിയ മഹാനേതാക്കൾ ദളിത് എന്ന പദമാണ് മുന്നോട്ട് വച്ചത്. ഹരിജൻ എന്ന പദം ​ഗാന്ധി ഉപയോഗിച്ചപ്പോൾ അംബേദ്‌കർ അടക്കമുള്ളവർ എതിർത്തിരുന്നു. പട്ടികജാതി-പട്ടികവർ​ഗം എന്ന പ്രയോ​ഗത്തെ ഹിന്ദുത്വ ശക്തികളാണ് എപ്പോഴും പിന്തുണച്ചിരുന്നത്. ഹിന്ദുയിസത്തിൽ നിന്നുള്ള വേറിടൽ കൂടിയാണ് ദളിത് എന്ന പദം ഉപയോ​ഗിക്കുന്നതിലൂടെ അംബേദ്കർ അടക്കമുള്ളവർ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരള സർക്കാരിന്റെ അലക്ഷ്യമായ നടപടി വലിയ വിവാദത്തിന് ഇടകൊടുക്കും.


Read More >>