മദ്യശാലകളുടെ അനുമതി: ചേര്‍ത്തല-കഴക്കൂട്ടം പാത ദേശീയ പാത തന്നെയെന്ന് സര്‍ക്കാര്‍; ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

14ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ മദ്യശാലകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്യാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഉദ്യോസ്ഥരെ വിമര്‍ശിച്ച കോടതി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചു.

മദ്യശാലകളുടെ അനുമതി: ചേര്‍ത്തല-കഴക്കൂട്ടം പാത ദേശീയ പാത തന്നെയെന്ന് സര്‍ക്കാര്‍; ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

വളപട്ടണം-കുറ്റിപ്പുറം റോഡില്‍ തുറന്നു കൊടുത്ത 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് ദേശീയ പാതയാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല-കഴക്കൂട്ടം പാത ദേശീയ പാതയാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഭാഗത്തെ മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 14ലേയ്ക്ക് മാറ്റി. അതുവരെ മദ്യശാലകള്‍ തുറക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുമ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ ഹാജരാകണം. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരാണ് ഹാജരാകേണ്ടത്. ഈ ഉദ്യോഗസ്ഥര്‍ 'മിടുക്കരെ'ന്ന് കോടതി പരിഹസിച്ചു.

വിധി പരിശോധിക്കാതെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകള്‍ തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയത്. കേസില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.