മരം മുറിച്ചുണ്ടാക്കുന്ന കടലാസിൽ ഒന്നാം പേജ് ഫുൾ പരസ്യം; മരം നടും: കേരള സർക്കാർ ജൂൺ 5 വിഡ്ഢി ദിനമാക്കി

ഏതു കുഞ്ഞിനും അറിയാം, മരം നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് പേപ്പര്‍ നിര്‍മ്മാണത്തിലാണെന്ന്. 33 പത്രങ്ങളിലും ഫുൾപേജ് പരസ്യം കോടികള്‍ മുടക്കി നല്‍കിയാണ് കേരള സര്‍ക്കാരിന്റെ ഒരു കോടി മരം നടല്‍. മരം നടല്‍ പരസ്യങ്ങള്‍ക്ക് കുറഞ്ഞത് 10 കോടി രൂപ ചെലവായി കാണുമെന്ന് വിദഗ്ദര്‍ പറയുന്നു

മരം മുറിച്ചുണ്ടാക്കുന്ന കടലാസിൽ ഒന്നാം പേജ് ഫുൾ പരസ്യം; മരം നടും: കേരള സർക്കാർ ജൂൺ 5 വിഡ്ഢി ദിനമാക്കി

വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതില്‍ മുഖ്യപങ്ക് ന്യൂസ് പേപ്പറുകള്‍ക്കുണ്ടെന്ന 'ചോറു തിന്നുന്ന ബുദ്ധി' പോലുമില്ലാതെ 33 പത്രങ്ങളുടേയും ഒന്നാം പേജില്‍ ഫുള്‍ പേജ് പരസ്യം കൊടുത്ത് ഒരു കോടി മരം നട്ട് ലോക പരിസ്ഥിതി ദിനത്തില്‍ കേരള സര്‍ക്കാര്‍ വിഢിത്തം കാണിച്ചു. ഒരു റീം പേപ്പറുണ്ടാക്കാന്‍ 12 മരം വേണമെന്നാണ് ലോകം അംഗീകരിച്ച കണക്ക്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മരം നടല്‍ പരസ്യം കൊടുത്ത വകയില്‍ മാത്രം ആയിരക്കണക്കിന് മരങ്ങളാണ് ഈ പരസ്യങ്ങളിലൂടെ ഇല്ലാതായത്. മരത്തെ കൊന്നാണോ മരം നടുന്നത് എന്ന ചോദ്യം ഉയരും.

ഏറ്റവും കൂടുതല്‍ പരസ്യ നിരക്ക് മനോരമയ്ക്കാണ് ഓള്‍ എഡിഷന്‍ കളര്‍ പരസ്യത്തിന് സ്‌ക്വയര്‍ സെന്റീ മീറ്ററിന് 10650 രൂപ വരും. ഒന്നാം പേജിലെ ഫുള്‍ പരസ്യം 1580 സ്വ്ക്വയര്‍ ഫീറ്റാണ്. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് 50 ശതമാനത്തില്‍ താഴെ ഡിസ്‌ക്കൗണ്ടുണ്ട്. അതു കൂട്ടിയാല്‍ പോലും മനോരമയ്ക്ക് മാത്രം 70 ലക്ഷം രൂപയോളം മനോരമയ്ക്ക് മാത്രമാകും. കുറഞ്ഞ റേറ്റ് മംഗളത്തിനും ദീപികയ്ക്കും വരെ 1500 രൂപയോളം സ്‌ക്വയര്‍ ഫീറ്റ് നിരക്കുണ്ട്.

ഒരു കോടി മരം മരം നടാന്‍ പരസ്യ ഇനത്തില്‍ മാത്രം എത്ര കോടി രൂപ ചെലവാക്കിയെന്ന കണക്ക് വരുന്നതോടെ സമൂഹത്തിനുമുന്നില്‍ ഇളിഭ്യരാകാനുള്ള വഴിയാണ് ഹരിത കേരള മിഷനും പിആര്‍ഡിയും ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ഫുള്‍ പേജ് പരസ്യം സകല പത്രത്തിലും നല്‍കിയതിനു പിന്നാലെയാണ് 'പരിസ്ഥിതി വിനാശ പരസ്യം' നല്‍കി മരം നടുന്നത്.

കൊട്ടിഘോഷിച്ച മരം നടലിന്റെ പരസ്യം കഴിഞ്ഞ കുറേ ദിവസങ്ങളായി പത്രങ്ങളിലുണ്ട്. സിനിമാ താരങ്ങളെ ഉപയോഗിച്ച് സകല മീഡിയകളിലും പരസ്യം കൊടുക്കുന്നുണ്ട്. അതിന്റെ ക്ലൈമാക്‌സിലാണ് യാതൊരു പരിസ്ഥിതി അവബോധവുമില്ലാത്ത 'എന്റെ തല എന്റെ ഫുള്‍ ഫിഗര്‍' പരസ്യം.

നവകേരളത്തിന്റെ ഒന്നാം വര്‍ഷം എന്ന പ്രഖ്യാപനത്തില്‍ തുടങ്ങുന്ന പരസ്യത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് കേരളം ചരിത്രം കുറിക്കുന്നു എന്നതാണ് ആന സൈസിലുള്ള അറിയിപ്പ്. മൂന്നു കോടിയിലേറെ ജനങ്ങളില്‍ മൂന്നു പേരില്‍ ഒരാള്‍ക്ക് ഒരു വൃക്ഷത്തൈ എന്ന നിരക്കിലാമ് മരം നടുന്നതെന്നും ഒരുപക്ഷെ, ഇത്തരം ഒരു സംരഭം ലോകത്തില്‍ ആദ്യമായിരിക്കാമെന്നും പരസ്യം പറയുന്നു. പിന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും- പരസ്യം തീര്‍ന്നു. ദേശീയ ദിനപത്രങ്ങളിലടക്കം എല്ലാ പത്രങ്ങള്‍ക്കും പരസ്യം നല്‍കിയിട്ടുണ്ട്.

മരം നടലുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്ന സകല പരസ്യമഹാമഹങ്ങളും കൂട്ടിയാല്‍ കുറഞ്ഞത് പത്തു കോടിയിലധികം രൂപ ചെലവാക്കിയിട്ടുണ്ടാകുമെന്ന് പരസ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു- കൃത്യമായി എത്ര മരം ഈ പരസ്യങ്ങളുടെ പേരില്‍ നശിപ്പിച്ചു എന്ന കണക്ക് കൂട്ടി കൊണ്ടിരിക്കുകയാണ്- വൈകാതെ നാരദ അതും പ്രസിദ്ധീകരിക്കും.

പരിസ്ഥിതി വിനാശകരമെന്നു കുപ്രസിദ്ധമായ വിഴിഞ്ഞം, അതിരപ്പിള്ളി പദ്ധതികളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ മരം നട്ട് ചരിത്രം സൃഷ്ടിക്കുന്നതും അതു പരസ്യം ചെയ്യുന്നത് തന്ത്രപരമായ സമീപനമായും വിലയിരുത്തലുകള്‍ വരും. പ്രാഥമിക നിഗമനത്തില്‍ സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന നിലയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. രാജ്യം മുഴുവന്‍ പരസ്യം നല്‍കിയിട്ടുണ്ടെങ്കില്‍, സര്‍ക്കാര്‍ വലിയ മറുപടികള്‍ പറയേണ്ടി വരും.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വാചകം പോലും പരസ്യത്തിലില്ലാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നമുക്കൊരുമിച്ച് മുന്നേറാം സര്‍ക്കാര്‍ കൂടെയുണ്ട് എന്നാണ് പ്രസ്താവന.


Read More >>