പാതയോരത്തെ മദ്യശാലകള്‍; സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

മൂന്ന് മാസത്തേക്കെങ്കിലും സമയം നീട്ടിക്കിട്ടിയാല്‍ പാതയോരത്തെ എല്ലാ മദ്യശാലകളും പൂര്‍ണമായും മാറ്റി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കും. അതുവരെ സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.

പാതയോരത്തെ മദ്യശാലകള്‍; സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവില്‍ സാവകാശം തേടി സംസ്ഥാനസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. മൂന്നു മാസത്തെ ഇളവ് തേടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ദേശീയ പാതയോരത്തെ ഭൂരിഭാഗം മദ്യശാലകളും ജനകീയപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. നഗരത്തില്‍നിന്ന് മാറി മദ്യശാലകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ പലയിടത്തും തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം തേടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുന്നത്.

മൂന്ന് മാസത്തേക്കെങ്കിലും സമയം നീട്ടിക്കിട്ടിയാല്‍ പാതയോരത്തെ എല്ലാ മദ്യശാലകളും പൂര്‍ണമായും മാറ്റി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കും. ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ദേശീയ പാതയോരത്തു നിന്നും അടച്ചുപൂട്ടിയ എല്ലാ ബിവറേജസ് കോര്‍പ്പറേഷനുകള്‍ക്കും പകരം സ്ഥലം ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. ജനകീയ പ്രതിഷേധങ്ങല്‍ ഒഴിവാക്കിക്കൊണ്ട് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സാവകാശമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്നും തേടുക.

ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി 1956 മദ്യശാലകള്‍ എക്‌സൈസ് പൂട്ടി മുദ്രവച്ചിരുന്നു. കള്ളുഷാപ്പ് ലൈസന്‍സികള്‍ക്ക് സ്‌റ്റോപ്പ് നോട്ടീസും നല്‍കി. ഏപ്രില്‍ ഒന്നിന് അവധിയായതിനാല്‍ ഞായറാഴ്ച മുതലാണ് ഉത്തരവ് പൂര്‍ണമായും നടപ്പിലായിത്തുടങ്ങിയത്. കോടതി വിധി മറികടക്കാന്‍ ദേശീയ-സംസ്ഥാന പാതകള്‍ ഡീ നോട്ടിഫൈ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കള്ളുഷാപ്പുകള്‍ വഴി വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.