രക്ഷകരായി നെയ്യാര്‍ഡാം അഗ്നിശമനസേന; ആംബുലന്‍സില്‍ യുവതിക്കു സുഖപ്രസവം

അഗ്‌നിശമന സേന അംഗങ്ങളായ രാജീവിന്റെയും ബിജുകുമാറിന്റെയും സമയോചിതമായ ഇടപെടലും ശ്രദ്ധാപൂര്‍വ്വമായ പരിചരണവുമാണ് അഖിലയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്...

രക്ഷകരായി നെയ്യാര്‍ഡാം അഗ്നിശമനസേന; ആംബുലന്‍സില്‍ യുവതിക്കു സുഖപ്രസവം

കേരള അഗ്‌നിശമനസേന അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം യുവതിക്ക് ആംബുലന്‍സില്‍ സുഖ പ്രസവം. തിരുവനന്തപുരം ജില്ലയിലെ കാട്ടക്കടയിലാണ് പേരെകോണം കൈതകുഴി അനില ഭവന്‍ അനീഷിന്റെ ഭാര്യ അഖില( 24) അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ഇപ്പോള്‍ തൈക്കാട് ഗവ. ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

പരിശോധനയ്ക്കായി ഇരുചക്രവാഹനത്തില്‍ ആശുപത്രിയലേക്കു പോകുകയായിരുന്നു അഖിലയും ഭര്‍ത്താവ് അനീഷും. യാത്രയ്ക്കിടെ മൈലക്കരയില്‍ വച്ച് അഖിലയ്ക്കു ശാരീരിക അസ്വസ്തത അനുഭവപ്പെടുടയായിരുന്നു. തുടര്‍ന്നു ബൈക്ക് നിര്‍ത്തിയ അനീഷ് തന്റെ സുഹൃത്തുക്കളെ വിളിച്ചു എത്രയും വേഗം ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ വാഹനം എത്തിക്കാന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ അവിടെയെത്തിയ നാട്ടുകാരാണ് നെയ്യാര്‍ഡാം അഗ്നിശമന സേനയെ വിവരമറിയിച്ചത്. വിവരമറിഞ്ഞയുടന്‍ തന്നെ സേനയുടെ ആംബുലന്‍സ് സ്ഥലത്തെത്തി. ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടയില്‍ അഖിലയ്ക്കു വീണ്ടും വേദന കലശലാകുകയും പ്രസവലക്ഷണങ്ങള്‍ കാട്ടുകയും ചെയ്തു. പരിഭ്രാന്തനായ ഭര്‍ത്താവിനെ സമാധാനിപ്പിച്ചു ആംബുലന്‍സ് ഡ്രൈവര്‍ എം രാജീവ് വാഹനം റോഡിനു സൈഡില്‍ നിര്‍ത്തിയിട്ടു. വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന ഹോം ഗാര്‍ഡ് ബിജുകുമാറും രാജീവും ചേര്‍ന്നു ഇരുവര്‍ക്കും ധൈര്യം പകര്‍ന്നു.

രാജീവിന്റെ നിർദ്ദേശ പ്രകാരം അനീഷ് പ്രസവ ശുശ്രൂഷ ചെയ്തു. കുഞ്ഞും അമ്മയും സുരക്ഷിതരാണ് എന്ന് മനസിലായതോടെ പൊക്കിള്‍കൊടിക്കു ക്ഷതമല്‍േക്കാതെ രാജീവ് ആംബുലന്‍സ് കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെവച്ചു പൊക്കിള്‍ കൊടി വേര്‍പ്പെടുത്തി പ്രാഥമിക ശുശ്രുഷകള്‍ക്കു ശേഷം ഉച്ചയോടെ തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഗ്‌നിശമന സേന അംഗങ്ങളായ രാജീവിന്റെയും ബിജുകുമാറിന്റെയും സമയോചിതമായ ഇടപെടലും ശ്രദ്ധാപൂര്‍വ്വമായ പരിചരണവുമാണ് അഖിലയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്. അനീഷ് അഖില ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്. രണ്ടര വയസ്സുള്ള ആദിശേഷന്‍.