പിജെ ജോസഫിനെതിരെ വിമർശനവുമായി കേരള കോൺ​ഗ്രസ് മുഖപത്രം

യുഡിഎഫ്‌ നിയോജക മണ്ഡലം കൺവൻഷനെ കഴിഞ്ഞ ദിവസം സംഘർഷത്തിലാക്കിയിരുന്നു. പി ജെ ജോസഫിനെയും കൂട്ടരെയും ജോസ‌് കെ മാണി വിഭാഗം പ്രവർത്തകർ കൂകിവിളിച്ചിരുന്നു.

പിജെ ജോസഫിനെതിരെ വിമർശനവുമായി കേരള കോൺ​ഗ്രസ് മുഖപത്രം

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി മുഖപത്രം പ്രതിച്ഛായ. ചില നേതാക്കള്‍ ശകുനംമുടക്കുന്ന നോക്കുകുത്തിയെപ്പോലെ വഴിയിലിറങ്ങി നിന്നെന്നും വിഡ്ഢികളാകാനാണ് അവരുടെ നിയോഗമെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നെന്നും വ്യക്തമാക്കുന്നു.

ഉള്ളില്‍ അണപ്പല്ലുകൊണ്ട് ഇറുമ്മുകയും പുറമേയ്ക്ക് മുന്‍പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിയെ പാലായ്ക്ക് ആവശ്യമില്ലെന്ന് മുപ്രസംഗത്തില്‍ പറയുന്നു. നിഷ ജോസ് കെ മാണിയുടെ അടക്കം പേരുകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെ എതിര്‍ക്കുന്ന നിലപാടാണ് പിജെ ജോസഫ് സ്വീകരിച്ചത്. പകരം സമവായ സ്ഥാനാര്‍ഥി വേണം എന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില നേതാക്കള്‍ ശകുനംമുടക്കികളായി വഴിമുടക്കി നിന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നു. കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി വേണ്ട എന്ന നിലപാട് ജോസ് കെ മാണി മുന്‍പേ തന്നെ സ്വീകരിച്ചിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പമാണ് പാലായിലെ കേരളാ കോണ്‍ഗ്രസ് എന്നും മുഖപ്രസംഗം പറയുന്നു.

അതേ സമയം, കേരള കോൺഗ്രസിലെ തർക്കം പാലായിലെ യുഡിഎഫ്‌ നിയോജക മണ്ഡലം കൺവൻഷനെ വ്യാഴാഴ്ച വെെകിട്ട് സംഘർഷത്തിലാക്കിയിരുന്നു. പി ജെ ജോസഫിനെയും കൂട്ടരെയും ജോസ‌് കെ മാണി വിഭാഗം പ്രവർത്തകർ കൂകിവിളിച്ചു. കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസും യുഡിഎഫ്‌ നേതാക്കളും വലയം തീർത്താണ്‌ ഇവരെ രക്ഷിച്ചത്‌. യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ തുടക്കത്തിലേ അവതാളത്തിലായി. പാലായിൽ മൂന്നു പതിറ്റാണ്ടിനിടെ രണ്ടില ചിഹ്നമില്ലാതെ മത്സരിക്കേണ്ട അവസ്ഥ പ്രവർത്തകരെ നിരാശരാക്കി. സൂക്ഷ‌്മ പരിശോധനയ‌്ക്കുശേഷം സ്ഥാനാർഥി ജോസ‌് ടോമിന‌് രണ്ടില ചിഹ‌്നം നൽകാനാവില്ലെന്ന‌് വരണാധികാരി അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു യുഡിഎഫ‌് കൺവൻഷൻ. പാലാ ടിബിയിൽനിന്നും ഉമ്മൻചാണ്ടി, രമേശ്‌ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പമാണ‌് പി ജെ ജോസഫ‌് എത്തിയത‌്. ജോസഫിനെ കണ്ടതോടെ പ്രവർത്തകർ ഗോബാക്ക്‌ വിളി തുടങ്ങിയിരുന്നു.