എല്‍ഡിഎഫിലെത്തിയാലും അടുത്ത തവണ ജോസ് കെ മാണി ലോക്‌സഭ കയറില്ല; ഇടതുമുന്നണി പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനം ചര്‍ച്ചയാക്കി നിര്‍ത്തുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്ന് സൂചന. ഒരു മുന്നണിയിലുമില്ലാതെ തെരഞ്ഞെടുപ്പിലൂടെ ജയിച്ചു കയറാമെന്ന പ്രതീക്ഷ ജോസ് കെ മാണിക്കില്ല. യുഡിഎഫുമായുള്ള ബന്ധത്തില്‍ ഉടനെ മഞ്ഞുരുകല്‍ സാധ്യമില്ലെന്നിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേ എല്‍ഡിഎഫുമായുള്ള സഹകരണമാകും ജോസ് കെ മാണി ലക്ഷ്യം വെക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറുക അത്ര എളുപ്പമായിരിക്കില്ല.

എല്‍ഡിഎഫിലെത്തിയാലും അടുത്ത തവണ ജോസ് കെ മാണി ലോക്‌സഭ കയറില്ല; ഇടതുമുന്നണി പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എല്‍ഡിഎഫ് പ്രവേശന ചര്‍ച്ച കേരളാ കോണ്‍ഗ്രസ് സജീവമായി നിലനിര്‍ത്തുന്നതെന്ന് സൂചന. ഒരു മുന്നണിയിലുമില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കെ എം മാണിയും മകന്‍ ജോസ് കെ മാണിയും തയ്യാറാകില്ല. യുഡിഎഫുമായുള്ള തര്‍ക്കം വേഗത്തില്‍ തീര്‍ക്കാന്‍ കഴിയാത്ത വിധം വഷളായതിനാല്‍ എല്‍ഡിഎഫ് ആണ് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സുരക്ഷിത ഇടം. തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാകും ജോസ് കെ മാണി ചരടുവലി നടത്തുക.

എന്നാല്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും പരിശോധിച്ചാല്‍ എല്‍ഡിഎഫിനു പ്രതീക്ഷ നല്‍കുന്ന മണ്ഡലമല്ല കോട്ടയം. എല്‍ഡിഎഫ് അനുകൂല തരംഗമുണ്ടായ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള ഏഴു മണ്ഡലങ്ങളില്‍ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. അതില്‍ പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളില്‍ 27000നും 42000നും ഇടയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ 27092 വോട്ടിനും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33632 വോട്ടുമാണ് വിജയിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മോന്‍സ് ജോസഫിന് 42256 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. പാര്‍ട്ടിയില്‍ പി ജെ ജോസഫിനൊപ്പമുള്ള നേതാവാണ് മോന്‍സ് ജോസഫ്. പാലായില്‍ കെ എം മാണിയ്ക്ക് നാലായിരം വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. മാണിക്കൊപ്പമുള്ള തോമസ് ചാഴിക്കാടന്‍ ഏറ്റുമാനൂരില്‍ പരാജയപ്പെടുകയും ചെയ്തു. മാണിക്കൊപ്പമുള്ളവര്‍ക്ക് വലിയ വിജയം നേടാനായില്ലെന്നും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളില്‍ മികച്ച ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും ചുരുക്കം.

എല്‍ഡിഎഫിനൊപ്പം ചേരാന്‍ മാണിയും മകനും തീരുമാനിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന സൂചനകള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. എല്‍ഡിഎഫിലേയ്ക്ക് പോകാന്‍ മാണിയ്ക്ക് താത്പര്യമില്ലെങ്കിലും സുരക്ഷിത ഇടം തേടിയുള്ള മകന്റെ തീരുമാനത്തിനു അദ്ദേഹം വഴങ്ങിയേക്കും. ബാര്‍ കോഴകേസ് തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്ന വാളായതിനാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍ഡിഎഫിനുള്ളിലും പാര്‍ട്ടിയ്ക്കുള്ളിലുമുള്ള എതിര്‍പ്പുകള്‍ വകവെയ്ക്കാതെ സിപിഐഎം സമീപിച്ചാല്‍ മാണി ഇടതുമുന്നണിയ്‌ക്കൊപ്പം നിന്നേക്കുമെന്നും സൂചനയുണ്ട്.

മണ്ഡലത്തില്‍ സ്വാധീനമുള്ള ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ വിഭാഗങ്ങള്‍ യുഡിഎഫ് അനുകൂല നിലപാട് പുലര്‍ത്തുന്നവരാണ്. മാണി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗത്തിന്റെ എതിര്‍പ്പുയരും. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്തുണ പ്രതീക്ഷിച്ചാണ് മൂന്നാറിലെ കുരിശിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചതെന്ന് വിലയിരുത്തലുകള്‍ ഇതിനോട് കൂട്ടിവായിക്കണം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കേരള കോണ്‍ഗ്രസ്, സിപിഐഎം വോട്ട് വാങ്ങി വിജയിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളിലെ മുറിവുണങ്ങാന്‍ ഏറെ സമയമെടുക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലേക്ക് പോകാന്‍ ജോസ് കെ മാണി ശ്രമം നടത്തിയിരുന്നെങ്കിലും ബാര്‍ കോഴ കേസാണ് തടസ്സമായത്. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് ചര്‍ച്ച നടത്തിയിരുന്നു. മാണി എന്‍ഡിഎയിലേക്ക് പോകുന്നത് തടയാന്‍ സിപിഐഎം നേതൃത്വം ബാര്‍ കോഴ ഉപയോഗിക്കുന്നുണ്ടെന്ന് പി സി തോമസ് പറയുന്നു.

2019-ലെ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമായില്ലെങ്കില്‍ പാര്‍ട്ടിയുടെ സ്വാധീനം ഇല്ലാതാകുമെന്ന വിലയിരുത്തലുകള്‍ നേതാക്കള്‍ക്കിടയിലുണ്ട്. അതിനാല്‍ എല്‍ഡിഎഫില്‍ ചേരാനുള്ള ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്താനുള്ള ശ്രമമാകും ജോസ് കെ മാണി നടത്തുക. സിറ്റിംഗ് സീറ്റായ കോട്ടയം ഇടുക്കിയുമായി വെച്ചുമാറാനുള്ള സാധ്യതകളും ചര്‍ച്ചയിലുണ്ടാകും.