സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിച്ചു; ഉത്തരവ് നാളെയിറങ്ങും

ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് മേധാവിയായി നിയമിച്ചു

സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിച്ചു; ഉത്തരവ് നാളെയിറങ്ങും

ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിച്ചു. നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. ടിപി സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരികെ നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി പുനര്‍നിയമനത്തിനുള്ള ഫയലില്‍ ഒപ്പുവെച്ചത്.

സെന്‍കുമാര്‍ കേസിലെ ഹരജി ചൊവ്വാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഈ തീരുമാനമുണ്ടായത്. വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് എജിയുടേയും നിയമസെക്രട്ടറിയുടേയും നിയമോപദേശവും സര്‍ക്കാരിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിയമന നടപടി കൂടുതല്‍ വൈകിക്കുന്നത് ബുദ്ധിമോശമാവുമെന്നു സര്‍ക്കാരിനു ബോധ്യമായി.