ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി കേരളവും; മന്ത്രിമാരുടെ വാഹനങ്ങൾക്കും ഇനി രജിസ്‌ട്രേഷൻ നമ്പർ

ബീക്കൺ ലൈറ്റുകൾ ഒഴിവാക്കുന്നതിന് പുറമെ മന്ത്രിമാരുടെ വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ മന്ത്രിമാരുടെ വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പറുകൾ പ്രദര്ശിപ്പിക്കുന്നില്ല. പകരം 'കേരളാ സ്റ്റേറ്റ് ഒന്ന്, രണ്ട്' തുടങ്ങിയ നമ്പറുകളാണ് പ്രദർശിപ്പിക്കുന്നത്.

ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി കേരളവും; മന്ത്രിമാരുടെ വാഹനങ്ങൾക്കും ഇനി രജിസ്‌ട്രേഷൻ നമ്പർ

കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് കേരളാ സർക്കാരും ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഒപ്പം മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ രജിസ്‌ട്രേഷൻ നമ്പർ വെക്കാനും ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇനി സംസ്ഥാനത്ത് ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ കഴിയുക.

നിലവിൽ മന്ത്രിമാരുടെ വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പറുകൾ പ്രദര്ശിപ്പിക്കുന്നില്ല. പകരം 'കേരളാ സ്റ്റേറ്റ് ഒന്ന്, രണ്ട്' തുടങ്ങിയ നമ്പറുകളാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. പുതിയ തീരുമാനപ്രകാരം വാഹനത്തിന്റെ യഥാർത്ഥ രജിസ്റ്റർ നമ്പറുകളും പ്രദർശിപ്പിക്കപ്പെടും.

കിന്‍ഫ്രയുടെ പാലക്കാട്ടെ മെഗാ ഫുഡ് പാര്‍ക്ക് , കോഴിക്കോട് രാമനാട്ടുകരയിലെ വ്യവസായ പാര്‍ക്ക്, കുറ്റിപ്പുറം വ്യവസായ പാര്‍ക്ക്, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്ക്, കെഎസ്ഐഡിസിയുടെ കീഴിലുള്ള അങ്കമാലി ബിസിനസ് പാര്‍ക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്ക് എന്നിവയ്ക്ക് ഏകജാലക ക്ലിയറൻസ് ബോർഡ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസന്‍സുകളും ക്ലിയറന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്‍റെ ചെയര്‍മാന്‍. കിന്‍ഫ്ര, കെഎസ്ഐഡിസി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 15 അംഗങ്ങളാവും ബോർഡിലുണ്ടാവുക.

കിന്‍ഫ്ര മുഖേന പെട്രോ കെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഫാക്ടിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 600 ഏക്കർ പരസ്പര ധാരണ പ്രകാരം ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്. 1864 കോടി രൂപ ചെലവില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്സിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്.

2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുമ്പില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ എന്തൊക്കെ വിഷയങ്ങളാണ് പരിഗണനയ്ക്ക് വരിക എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

കേരള ചലച്ചിത്ര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാനും എക്സൈസ് വകുപ്പിൽ 138 വനിതാ സിവിൽ എക്സൈസ് ഓഫിസർമാരുടെ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Read More >>