മാവോയിസ്റ്റു ബാധിത മേഖലയ്ക്ക് അനുവദിക്കുന്നത് കോടികള്‍; കണക്കുകളില്‍ കണ്ണുംനട്ട് കേരളം

കഴിഞ്ഞ കാലങ്ങളില്‍ ഛത്തീസ്ഖഢ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളില്‍ അനുവദിച്ച ഫണ്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് തീവ്ര ഇടതു സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിന് 2008 മുതലിങ്ങോട്ടുള്ള കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോഴാണ് മാവോയിസ്റ്റ് കഥകളിലൂടെ കേരളവും ലക്ഷ്യം വെയ്ക്കുന്നതെന്താണെന്ന് വ്യക്തമാകുക.

മാവോയിസ്റ്റു ബാധിത മേഖലയ്ക്ക് അനുവദിക്കുന്നത്  കോടികള്‍; കണക്കുകളില്‍ കണ്ണുംനട്ട്  കേരളം

മാവോയിസ്റ്റുകളെ പ്രതിരോധിക്കാന്‍ ചെലവഴിയ്ക്കുന്ന കോടികളെക്കുറിച്ചുള്ള കണക്കുകളില്‍ കണ്ണും നട്ട് കേരളം. ഒമ്പത് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ അനുവദിച്ച കോടികളുടെ കണക്കുകള്‍ കണ്ടാണ് കേരളവും ഫണ്ടിനായി നിറം പിടിപ്പിച്ച മാവോയിസ്റ്റു കഥകള്‍ക്ക് രൂപം നല്‍കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഛത്തീസ്ഖഢ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളില്‍ അനുവദിച്ച ഫണ്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് തീവ്ര ഇടതു സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിന് 2008 മുതലിങ്ങോട്ടുള്ള കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോഴാണ് മാവോയിസ്റ്റ് കഥകളിലൂടെ കേരളവും ലക്ഷ്യം വെയ്ക്കുന്നതെന്താണെന്ന് വ്യക്തമാകുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ള വിവരമനുസരിച്ച് 2008-2009 വര്‍ഷത്തില്‍ 500 കോടിയും 2011-2012 കാലയളവില്‍ 460 കോടിയുമാണ് തീവ്ര ഇടതു സംഘടനകളുടെ വേരോട്ടമുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. പന്ത്രണ്ടാമത് പഞ്ചവത്സര പദ്ധതയിലുള്‍പ്പെടുത്തി 2013-2014 കാലയളവില്‍ 868.13 കോടി രൂപയാണ് മാവോയിസ്റ്റ് ബാധിത ജില്ലകളിലെ അടിസ്ഥാന വികസനം, സുരക്ഷ, പുനരധിവാസ പദ്ധതി എന്നിവയ്ക്കായി നീക്കി വച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം ഉള്‍പ്പെടെയാണ് ഇത്രയും തുക. 2015-2016 കാലയളവില്‍ 9,059 കോടി രൂപയാണ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ അനുവദിച്ചത്. ഇതില്‍ 8,711.90 കോടി ചെലവഴിച്ച് 1,39,729 പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. ഇങ്ങനെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് രേഖകള്‍ പറയുന്നത്.

മലബാറിലെ ചില ഭാഗങ്ങളിലൊഴികെ മാവോയിസ്റ്റ് സംഘടനകളുടെ സാന്നിധ്യം കേരളത്തില്‍ നാമമാത്രമാണ്. വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലാണ് സിപിഐ മാവോയിസ്റ്റിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലമ്പൂര്‍ വെടിവെപ്പോടെ കേരളവും മാവോയിസ്റ്റു ബാധിത പ്രദേശമാണെന്ന് ഉറപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസത്തിന് ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. കീഴടങ്ങുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും വീടും ജോലിയുമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭവാനി ദളത്തിലെ കന്യാകുമാരി ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ ചിക്ക് മംഗളൂരില്‍ കീഴടങ്ങാനുള്ള കാരണവും ഇതായിരുന്നു.

കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ കൈവശമുള്ള ആയുധങ്ങള്‍ തിരികെ ലഭിക്കുന്നതോടെ തുക പാരിതോഷികമായി കൊടുക്കുന്നുമുണ്ട്. സ്‌നൈപ്പര്‍ റൈഫിള്‍, റോക്കറ്റ് ലോഞ്ചര്‍ കൂടാതെ സമാനമായ ശേഷിയുള്ള ആയുധങ്ങള്‍ തിരികെ നല്‍കിയാല്‍ 35,000 രൂപയാണ് പാരിതോഷികം. എ കെ 45 റൈഫിളിന് 25,000 രൂപയും പിസ്റ്റള്‍, റിവോള്‍വര്‍, എസ് എല്‍ ആര്‍, സ്‌റ്റെന്‍ ഗണ്‍ പതിനായിരം രൂപയും റോക്കറ്റിന് 1000 രൂപയും ഗ്രനേഡ്, ഹാന്റ് ഗ്രനേഡ്, സ്റ്റിക് ഗ്രനേഡ് 500 രൂപയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഡിവൈസിന് 3000 രൂപയും, വെടിമരുന്നിന് ഓരോ റൗണ്ടിനും മൂന്ന് രൂപയും ഐഇഡി 1000 രൂപയും മൈന്‍സ് 3000 രൂപയും ഇതര സ്‌ഫോടക വസ്തുക്കള്‍ക്ക് കിലോയ്ക്ക് 1000 രൂപയും വയര്‍ലെസ് സെറ്റിന് ആയിരം മുതല്‍ 5000 വരെയും സാറ്റലൈറ്റ് ഫോണിന് 10,000 രൂപയും വി എച്ച് എഫ് കമ്മ്യൂണിക്കേഷന്‍ സെറ്റിന് 5000 രൂപയും ഇലക്ട്രോണിക് ഡിറ്റനേറ്ററിന് അമ്പത് രൂപയും സാധാരണ ഡിറ്റനേറ്ററിന് പത്ത് രൂപയുമാണ് കീഴടങ്ങുന്നവര്‍ കൈമാറുമ്പോള്‍ പാരിതോഷികമായി നല്‍കേണ്ടത്.

Story by