ജനകീയ സമരത്തില്‍ നിന്ന് സിപിഐഎം പിന്‍മാറി; പ്രതിഷേധം മറികടന്ന് പാര്‍ട്ടി നിയന്ത്രണത്തില്‍ കാവിലുംപാറയില്‍ ബിവ്‌റജ് ഔട്ട്‌ലെറ്റ് തുറന്നു

ഇടതുപക്ഷം ഭരിക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് ഉള്‍പ്പെടുന്ന സമരസമിതി തൊട്ടില്‍പ്പാലത്തെ ഔട്ട് ലെറ്റ് സ്ഥാപിക്കാനൊരുങ്ങുന്ന കെട്ടിടത്തിന് മുന്നില്‍ സമരം തുടങ്ങി. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കാളികളായത്. സമരം ഇന്നലെ 22 ദിവസം പിന്നിടുന്ന വേളയിലാണ് സിപിഐഎം തന്ത്രപരമായി പിന്‍മാറിയത്. ഇപ്പോള്‍ സിപിഐഎം മലക്കം മറിഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന് സമരസമിതി പ്രവര്‍ത്തകനും കാവിലുംപാറ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയുമായ റോബിന്‍ ജോര്‍ജ്ജ് നാരദാ ന്യൂസിനോട് പറഞ്ഞു

ജനകീയ സമരത്തില്‍ നിന്ന് സിപിഐഎം പിന്‍മാറി; പ്രതിഷേധം മറികടന്ന് പാര്‍ട്ടി നിയന്ത്രണത്തില്‍ കാവിലുംപാറയില്‍ ബിവ്‌റജ് ഔട്ട്‌ലെറ്റ് തുറന്നു

കുറ്റ്യാടി പഞ്ചായത്തിലെ ബിവ്‌റജ് ഔട്ട്‌ലെറ്റ് കാവിലുംപാറയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സര്‍വകക്ഷികള്‍ 22 ദിവസമായി തുടരുന്ന സമരത്തില്‍ നിന്ന് പിന്‍മാറിയ സിപിഐഎമ്മിന്റെ നിയന്ത്രണത്തില്‍ത്തന്നെ മദ്യശാല തുറന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റ് മാറ്റാന്‍ നീക്കം തുടങ്ങിയത് മൂന്നാഴ്ച്ച മുമ്പായിരുന്നു. കുറ്റ്യാടിയില്‍ത്തന്നെ ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലമുണ്ടെന്നിരിക്കെ കാവിലുംപാറ പഞ്ചായത്തിലേക്ക് മാറ്റുകയായിരുന്നു.

കാവിലുംപാറ-തൊട്ടില്‍പാലം റോഡിലുള്ള കെട്ടിടത്തില്‍ മൂന്ന് മുറികളിലായി ഔട്ട്‌ലെറ്റ് സ്ഥാപിക്കാനായിരുന്നു നീക്കം. ഇതേത്തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് ഉള്‍പ്പെടുന്ന സമരസമിതി തൊട്ടില്‍പ്പാലത്തെ ഔട്ട്ലെറ്റ് സ്ഥാപിക്കാനൊരുങ്ങുന്ന കെട്ടിടത്തിന് മുന്നില്‍ സമരം തുടങ്ങി. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കാളികളായത്. സമരം ഇന്നലെ 22 ദിവസം പിന്നിടുന്ന വേളയിലാണ് സിപിഐഎം തന്ത്രപരമായി പിന്‍മാറിയത്. ഇപ്പോള്‍ സിപിഐഎം മലക്കം മറിഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന് സമരസമിതി പ്രവര്‍ത്തകനും കാവിലുംപാറ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയുമായ റോബിന്‍ ജോര്‍ജ്ജ് നാരദാ ന്യൂസിനോട് പറഞ്ഞു.

കാവിലുംപാറ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ബിന്ദു ടാക്കീസ് റോഡിലെ പുതിയ കെട്ടിടത്തില്‍ ഇന്ന് രാവിലെ മുതലാണ് ബിവ്‌റജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സമരത്തില്‍ നിന്ന് പിന്‍മാറിയ സിപിഐഎം പ്രവര്‍ത്തകര്‍ പുതിയ കെട്ടിടത്തിലേക്ക് ഔട്ട്‌ലെറ്റ് മാറ്റുന്നതിന് നീക്കങ്ങള്‍ നടത്തിയത് ഇന്നലെയായിരുന്നു. രാത്രിയില്‍ ലോഡുമായെത്തിയ വാഹനം കാവിലുംപാറയില്‍ വച്ച് ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘടിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ നിയന്ത്രണത്തില്‍ പുതിയ കെട്ടിടത്തിലെത്തിക്കുകയായിരുന്നെന്ന് സമരക്കാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ സമരമാണെന്ന് തോന്നിയതിനാലാണ് സമരത്തില്‍ നിന്ന് പിന്‍മാറിയതെന്ന് സിപിഐഎം കുന്നുമ്മല്‍ ഏരിയ സെക്രട്ടറി കെ കൃഷ്ണന്‍ പറഞ്ഞു. തുടക്കത്തില്‍ ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു നീക്കം. അതിനാലാണ് സമരത്തില്‍ സിപിഐഎം പങ്കാളിയായത്. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് ജനവാസ കേന്ദ്രത്തിലല്ല. പിന്നെയെന്തിനാണ് സമരം ചെയ്യുന്നതെന്നും കൃഷ്ണന്‍ ചോദിച്ചു.

കുറ്റ്യാടി പഞ്ചായത്തില്‍ സംസ്ഥാന പാതയിലുള്ള ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ല. കുറ്റ്യാടിയുമായി അതിര്‍ത്തി പങ്കിടുന്ന മരുതോങ്കര, കായക്കൊടി, കുന്നുമ്മല്‍, വേളം പഞ്ചായത്തുകളിലേയ്ക്കൊന്നും മാറ്റാതെയാണ് കാവിലുംപാറയില്‍ സ്ഥാപിച്ചിരിക്കുന്നത്. കുറ്റ്യാടിയിലെ ബിയര്‍-വൈന്‍ പാര്‍ലറുകാര്‍ക്ക് വേണ്ടിയാണീ നീക്കമെന്ന് സമരക്കാര്‍ ആരോപണമുന്നയിക്കുന്നുണ്ട്. കുറ്റ്യാടിയില്‍ത്തന്നെ ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലമുണ്ടെന്നിരിക്കെയാണ് കാവിലുംപാറയില്‍ തുറന്നത്. ഇതാവട്ടെ ജനവാസകേന്ദ്രത്തില്‍ത്തന്നെയാണ് താനും.