അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

പീഡന വിവരം കുട്ടികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും പ്രധാനാധ്യാപിക ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കളെയോ വിദ്യാഭ്യാസ അധികൃതരെയോ അറിയിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ നാലാം ക്ലാസില്‍ പഠിക്കുന്ന പഠിക്കുന്ന എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ഡൊമിനിക് എ വര്‍ക്കി പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞദിവസം ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു കുട്ടി കൂടി അധ്യാപകന്റെ പീഡനത്തിനിരയായതായി വ്യക്തമായി.

പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഡൊമിനിക്ക് ഒളിവില്‍ കഴിയുകയാണ്. ഇയാളെ പിടികൂടുന്നതിനായി ആദൂര്‍ സിഐ സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഡൊമിനികിന്റെ പൂടങ്കല്ലിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരുമാസം മുമ്പാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായത്. ഈ വിവരം കുട്ടികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും പ്രധാനാധ്യാപിക ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കളെയോ വിദ്യാഭ്യാസ അധികൃതരെയോ അറിയിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഒരു കുട്ടിയുടെ രക്ഷിതാവ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി. ഇതോടെ എട്ടു വിദ്യാര്‍ത്ഥിനികള്‍ അധ്യാപകന്‍ തങ്ങളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിവരം നല്‍കിയപ്പോഴാണ് മറ്റു രക്ഷിതാക്കളും സംഭവമറിഞ്ഞത്. പിന്നീട് രക്ഷിതാക്കള്‍ കുട്ടികളെയും കൂട്ടി ബേഡകം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കുട്ടി കൂടി പരാതി നല്‍കിയത്.

ഇതിനിടെ അധ്യാപകനോട് അവധിയില്‍ പോകാന്‍ സ്കൂൾ അധികൃതര്‍ നിര്‍ദേശിച്ചു. മറ്റൊരു അധ്യാപിക കുട്ടികളോട് ചൈല്‍ഡ് ലൈനിന് എങ്ങനെ മൊഴി നല്‍കണമെന്നത് പഠിപ്പിച്ചു നല്‍കിയതായും ആരോപണമുണ്ട്. പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.

Read More >>