കാരുണ്യ പദ്ധതി ക്രമക്കേട്; ഉമ്മന്‍ചാണ്ടിയും കെഎം മാണിയും കുറ്റക്കാരല്ലെന്ന് വിജിലന്‍സ്

കാരുണ്യലോട്ടറിയുടെ പദ്ധതിയുടെ ധനസഹായം കൂടുതല്‍ അനര്‍ഹര്‍ക്കാണ് നല്‍കിയത്, മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ക്രമക്കേട് നടത്തി തുടങ്ങിയ പരാതികളിലായിരുന്നു വിജിലന്‍സ് പരിശോധന.

കാരുണ്യ പദ്ധതി ക്രമക്കേട്; ഉമ്മന്‍ചാണ്ടിയും കെഎം മാണിയും കുറ്റക്കാരല്ലെന്ന് വിജിലന്‍സ്

കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ധനമന്ത്രി കെഎം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നും ഇടനിലക്കാരാണ് ക്രമക്കേട് നടത്തിയതെന്നും വിജിലന്‍സ് കണ്ടെത്തി. കാരുണ്യ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തതായും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒപി ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികിത്സാ സഹായമായ 5000 രൂപ തട്ടിയെടുക്കാനാണ് സംഘടിത ശ്രമം നടന്നത്. കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം പരിഗണിക്കും. കാരുണ്യലോട്ടറിയുടെ പദ്ധതിയുടെ ധനസഹായം കൂടുതല്‍ അനര്‍ഹര്‍ക്കാണ് നല്‍കിയത്, മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ക്രമക്കേട് നടത്തി തുടങ്ങിയ പരാതികളിലായിരുന്നു വിജിലന്‍സ് പരിശോധന. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി, കെഎം മാണി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. മലപ്പുറം സ്വദേശി കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്. ഇരുനൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Read More >>