ക്രിസ്തു കൊട്ടിയൂരിലെ പെണ്‍കുട്ടിയെ ഓര്‍ത്തു വാവിട്ടു കരയുമായിരുന്നു; സഭയ്‌ക്കെതിരെ ചാട്ടവാറെടുത്ത് കത്തോലിക്ക ദൈവശാസ്ത്ര മാസിക

അവള്‍ക്ക് ഈ ഗതി വരുത്തിയ സകലതിന്റെയും നേരെ അവന്‍ തന്റെ ചാട്ടവാര്‍ എടുക്കുമായിരുന്നു. അത് വ്യക്തികളാകട്ടെ സംവിധാനങ്ങളാകട്ടെ. ഒന്നിനെയും ക്രിസ്തു വെറുതെ വിടുമായിരുന്നില്ല. കിസ്തു ചെയ്യുമായിരുന്നത്, ഇവിടുത്തെ സഭയും സഭാനേതൃത്വവും ചെയ്യാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് സഭ പരാജയപ്പെടുന്നത്- കാരുണികന്‍ മാസിക പറയുന്നു.

ക്രിസ്തു കൊട്ടിയൂരിലെ പെണ്‍കുട്ടിയെ ഓര്‍ത്തു വാവിട്ടു കരയുമായിരുന്നു; സഭയ്‌ക്കെതിരെ ചാട്ടവാറെടുത്ത് കത്തോലിക്ക ദൈവശാസ്ത്ര മാസിക

കൊട്ടിയൂര്‍ പീഡനത്തില്‍ കത്തോലിക്കാസഭയും വിശ്വാസികളും എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. എല്ലാ കുറ്റത്തിനും കാരണക്കാരി പതിനാറുകാരിയായ പെണ്‍കുട്ടിയാണെന്ന് വരുത്തിതീര്‍ത്ത് സഭാ പ്രസിദ്ധീകരണങ്ങളില്‍ എഡിറ്റോറിയല്‍ നിരത്തണമായിരുന്നോ? നല്ലവരായ പുരോഹിതരുടെ ആത്മസമര്‍പ്പണത്തെക്കുറിച്ച് വാചലമാകണമായിരുന്നോ? ക്രിസ്തുവായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു. കൊട്ടിയൂര്‍ പീഡനത്തില്‍ സഭാ നിലപാടുകളെ വിമര്‍ശിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മാസികയായ കാരുണികന്‍. കൊട്ടിയൂര്‍ പീഡനത്തില്‍ സഭയ്‌ക്കെതിരെ പരസ്യ നിലപാടുമായി രംഗത്തുവന്ന കാരുണികന്‍ എം സി ബി എസ്സ് സന്ന്യാസമൂഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൈവശാസ്ത്ര മാസികയാണ്.ക്രിസ്തുവായിരുന്നുവെങ്കില്‍ ഹൃദയവും ജീവിതവും തകര്‍ന്ന പെണ്‍കുട്ടിയുടെ വേദനയില്‍ വാവിട്ടു കരയുമായിരുന്നുവെന്ന് കാരുണികന്‍ എഴുതുന്നു. മാസികയുടെ അവസാന പേജിലെ മനുഷ്യപുത്രന്‍ എന്ന സ്ഥിരം പംക്തിയില്‍ സഭ മരിക്കുന്നതെപ്പോള്‍ എന്ന തലക്കെട്ടിലാണ് രൂക്ഷ വിമര്‍ശനം.

ക്രിസ്തു അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളുടെ കൂടെ നില്‍ക്കുമായിരുന്നു. അവള്‍ക്ക് ഈ ഗതി വരുത്തിയ സകലതിന്റെയും നേരെ അവന്‍ തന്റെ ചാട്ടവാര്‍ എടുക്കുമായിരുന്നു. അത് വ്യക്തികളാകട്ടെ സംവിധാനങ്ങളാകട്ടെ. ഒന്നിനെയും ക്രിസ്തു വെറുതെ വിടുമായിരുന്നില്ല. കിസ്തു ചെയ്യുമായിരുന്നത്, ഇവിടുത്തെ സഭയും സഭാനേതൃത്വവും ചെയ്യാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് സഭ പരാജയപ്പെടുന്നത്. കാരണം ഇന്നത്തെ ലോകത്തില്‍ ക്രിസ്തുവിനെപ്പോലെ, സഭ ദുര്‍ബലരുടെയും പതിതരുടെയും സംരക്ഷയാകുമെന്നാണ് ക്രിസ്തുശിഷ്യരുടെയും മനുഷ്യസ്നേഹികളുടെയും വിശ്വാസം. അത് തകര്‍ന്നടിയുന്നിടത്താണ് സഭയുടെ ആത്മനാശം ആരംഭിക്കുന്നത- മാസിക പറയുന്നു.

ഫാ: വടക്കുംഞ്ചേരിയുടെ കുറ്റകൃത്യത്തേക്കാള്‍ സഭയുടെയും സഭാ സംവിധാനങ്ങളുടെയും കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നതെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നും കുറിപ്പിലൂടെ പറഞ്ഞു വയ്ക്കുന്നു.

സഭാ സംവിധാനത്തെ പ്രതിരോധിക്കാനും സംരക്ഷിക്കാനുള്ള പരാക്രമങ്ങളാണ് എവിടെയും കാണുന്നത്. സ്വന്തം കിഡ്‌നി വരെ ദാനം ചെയ്ത ആത്മത്യാഗികളായ അച്ചന്‍മാരുടെ കഥകള്‍ ചിലര്‍ ആവര്‍ത്തിക്കുന്നു. ചിലര്‍ വൈദിക ഗണത്തെ ആശ്വസിപ്പിച്ചു കൊണ്ട് അവര്‍ക്കു നേരിട്ട അപമാനത്തെ കുറയ്ക്കാന്‍ ശ്രമിക്കുന്നു. ചിലര് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന വരുത്തി തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭയെ കൂടുതല്‍ പ്രതിരോധത്തിലേയ്ക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്നും പംക്തി ചൂണ്ടിക്കാണിക്കുന്നു.

വൈദിക സമൂഹത്തിനുണ്ടായ ക്ഷീണം പരിഹരിക്കാനുള്ള ഭക്തരുടെ ശ്രമമാണ് ഇതെങ്കിലും വിചാരണ ചെയ്യപ്പെടുന്നത് പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയിലാണെന്നും വ്യക്തമാക്കുന്നു. വിശ്വാസികളുടെ മനസ്സിലാണ് സഭ നിലനില്‍ക്കുന്നതെന്നും ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും സംരക്ഷണവും മതിലുമാകുന്ന സമൂഹത്തിലുള്ള ജനവിശ്വാസമാണ് സഭയുടെ മൂലക്കല്ലെന്നും ഊന്നിപ്പറയുന്നു.

ആ മൂലക്കല്ലിനാണ് ഇളക്കം തട്ടിയിരിക്കുന്നത്. ദുര്‍ബലരെ അധീശത്വ ശക്തികളില്‍ നിന്ന് സംരക്ഷിക്കേണ്ട സംവിധാനം തന്നെ നിഷ്‌ക്കളങ്കയും ദുര്‍ബലയുമായ കുഞ്ഞിന്റെ ജീവിതം നിഷ്ഠൂരമായി തകര്‍ത്തു കളഞ്ഞു. അവിടംകൊണ്ട് നിന്നില്ല, ആ കുഞ്ഞിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും പരാജയപ്പെട്ടു. ഫാ: ജെ നാലുപാറയില്‍ വിമര്‍ശിക്കുന്നു.മനുഷ്യഹൃദയത്തിലുള്ള വിശ്വാസമാണ് ചോര്‍ന്ന് ചോര്‍ന്ന് പോകുന്നതെന്നും ആ ചോര്‍ച്ചയില്‍ ശോഷിച്ചു തീരാവുന്നതേയുള്ളൂ സഭയെന്നും മാസിക പറഞ്ഞു വയ്ക്കുന്നു.

കൊട്ടിയൂര്‍ പീഡനം കത്തോലിക്കാസഭയ്ക്ക് കിട്ടിയ അടിയായിരുന്നു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. എന്നാല്‍ ഇരയെ കല്ലെറിഞ്ഞു കൊണ്ടും വേട്ടക്കാരനെ ചേര്‍ത്തുപിടിച്ചു കൊണ്ടും പുരോഹിതര്‍ നാളിതു വരെ ചെയ്ത നന്മകള്‍ ഈന്നിപ്പറഞ്ഞു കൊണ്ട് പുരോഹിത വര്‍ഗ്ഗത്തെ ഒന്നടക്കം മാനം കെടുത്തുകയായിരുന്നു സഭാ സമൂഹത്തില്‍ ചിലര്‍ എടുത്ത നിലപാടുകള്‍. കത്തോലിക്കാസഭയുടെ സണ്‍ഡേ ശാലോം പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയത് വ്യാപക വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.