സത്യം പുറത്തു വന്നതില്‍ സന്തോഷമെന്ന് കാരായി രാജന്‍;എല്ലാം അറിഞ്ഞിട്ടും ഇരകളാക്കി വേട്ടയാടി

സിപിഐഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരു കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനു പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഫസലിനെ വധിച്ചത് താനുള്‍പ്പെടെയുള്ള നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന സുബീഷിന്റെ വെളിപ്പെടുത്തലിനോടാണ് കാരായി രാജന്റെ പ്രതികരണം. സത്യം പുറത്തു കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും നാലഞ്ച് വര്‍ഷമായി തങ്ങളെ ഇരകളാക്കി വേട്ടയാടുകയായിരുന്നുവെന്നും കാരായി രാജന്‍ പറഞ്ഞു.

സത്യം പുറത്തു വന്നതില്‍ സന്തോഷമെന്ന് കാരായി രാജന്‍;എല്ലാം അറിഞ്ഞിട്ടും ഇരകളാക്കി വേട്ടയാടി

എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊന്നത് തങ്ങളാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്തു വന്നതില്‍ സന്തോഷമുണ്ടെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കാരായി രാജന്‍. സത്യം പുറത്തു കൊണ്ടുവരുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ജാഗ്രത കാണിച്ചു. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും തങ്ങളെ പീഡിപ്പിക്കുകയായിരുന്നെന്നും നികൃഷ്ടമായി വേട്ടയാടുകയായിരുന്നുവെന്നും കാരായി രാജന്‍ പറഞ്ഞു.

അഞ്ചു വര്‍ഷക്കാലം അനുഭവിച്ച യാതനകള്‍ക്കും പ്രയാസങ്ങള്‍ക്കും ഞങ്ങളെ വേട്ടയാടിയതിനും എന്തു പരിഹാരം കാണും എന്ന് ആരാണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. ഫസലിനെ കൊന്നത് ആര്‍എസ്എസ്സുകാരണെന്ന് ആദ്യമായി പറഞ്ഞത് അദ്ദേഹത്തിന്റെ സംഘടനയായ എന്‍ഡിഎഫ് ആണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടെയുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐഎം ഉള്‍പ്പെടെയുള്ള ആളുകളും ഇത് ആര്‍എസ്എസ് നടത്തിയതാണെന്ന ഉറച്ച അഭിപ്രായത്തിലെത്തിയത്. സമാധാന യോഗത്തില്‍ ഫസലിന്റെ കൊലപാതകികളായിട്ടുള്ള ആര്‍എസ്എസുകാര്‍ ഇരിക്കുകയാണെന്നും അവര്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന യോഗത്തില്‍ ഞങ്ങള്‍ക്കിരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോക്ക് നടത്തുക പോലും ചെയ്തിട്ടുണ്ട്. ഇതൊക്കെ അന്നേ പുറത്തു വന്ന കാര്യങ്ങളാണെന്നും കാരായി രാജന്‍ പറയുന്നു.

ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ ഒന്നര വര്‍ഷം മുമ്പ് സുബീഷ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. സുബീഷിനെ തല്ലിയിട്ടാണ് പറയിപ്പിച്ചതെന്നു പറയുമ്പോള്‍ ഒന്നര വര്‍ഷം മുമ്പ് എങ്ങനെയാണ് സുബീഷ് ഫോണില്‍ കുറ്റം സമ്മതിച്ചു കൊണ്ട് മറ്റ് സഹപ്രവര്‍ത്തകരുമായി സംസാരിച്ച രേഖയുണ്ടാകുക? ഇനിയുമെത്രയോ രേഖയുണ്ട്. ആറ്റിങ്ങല്‍ കാര്യാലയത്തില്‍ വെച്ച് ഷിനോജ് വിഷ്ണുവിനോട് പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷിനോജ് കണ്ണൂര്‍ ജയിലില്‍ വെച്ച് മറ്റുള്ളവരോട് ,സഹതടവുകാരോട് പറഞ്ഞ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും ഞങ്ങളെ പീഡിപ്പിക്കുകയായിരുന്നു. നിരപരാധികളെ ഇരകളാക്കി വളരെ നികൃഷ്ടമായി വേട്ടയാടുകയായിരുന്നു.- കാരായി രാജന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുള്‍പ്പെടെ പ്രതികളാണെന്ന് സിബിഐ കണ്ടെത്തിയ കേസില്‍, സുപ്രധാന കണ്ടെത്തലുമായി കേരളാപൊലീസ് രംഗത്തെത്തിയത് കഴിഞ്ഞ നവംബറിലാണ്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സിപിഐഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനു പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്. കുറ്റവിമുക്തരാക്കണമൊവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍ക്കുകയായിരുന്നു. ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികളെ സിബിഐ കണ്ടെത്തലിനെതിരേ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.

ജാമ്യം കിട്ടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഇരുവര്‍ക്കും അനുവാദം ലഭിക്കാത്തതിനാല്‍ എറണാകുളത്താണ് വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജനും ചന്ദ്രശേഖരനും സ്ഥാനാര്‍ത്ഥികളായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ രാജന്‍ പതിനെട്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തലശേരി മുന്‍സിപ്പാലിറ്റിയിലെ ചിള്ളക്കര ഡിവിഷനില്‍ നിന്ന് ചന്ദ്രശേഖരനും വിജയിച്ചു. തുടര്‍ന്ന് രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കണ്ണൂരില്‍ പ്രവേശിക്കാനാകാത്തതിനാല്‍ ഇരുവരും സ്ഥാനം രാജിവെക്കുകയായിരുന്നു.