കണ്ണൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിക്കഥയില്‍ ട്വിസ്റ്റ്; പിടിയിലായതു വീട്ടില്‍ വളര്‍ത്തിയ പുലിയാണെന്നു റിപ്പോര്‍ട്ട്

പുലിയുടെ ശരീരം നല്ല വൃത്തിയോടെ പരിപാലിച്ചതായും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാണിക്കുന്നുണ്ട്. ഷാംപുവോ അതുപോലുള്ള മറ്റ് വസ്തുക്കള്‍ കൊണ്ടോ പുലിയുടെ ദേഹം വൃത്തിയാക്കിയിരുന്നതായും ജയകുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തിയ പുലിയായിരിക്കാം ഇതെന്നാണ് ജയകുമാറിന്റെ കണ്ടെത്തൽ. അതല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കസ് കൂടാരത്തില്‍ നിന്നോ മറ്റോ ചാടിയ പുലിയായിരിക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു....

കണ്ണൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിക്കഥയില്‍ ട്വിസ്റ്റ്; പിടിയിലായതു വീട്ടില്‍ വളര്‍ത്തിയ പുലിയാണെന്നു റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിക്കഥയില്‍ ട്വിസ്റ്റ്. കണ്ണൂരില്‍ ഇറങ്ങിയ പുലി വളര്‍ത്തു പുലിയെന്ന് വനംവകുപ്പ് വെറ്റിറനറി സര്‍ജന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കണ്ണൂര്‍ സിറ്റി തായത്തെരുവില്‍ പുലിയിറങ്ങിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്തില്‍ കണ്ട പുലിയെ രാത്രിയോടെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ പുലിയെ പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി തലസ്ഥാന ജില്ലയിലെ നെയ്യാർ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടെ പുലിയെ ചികിത്സിച്ച വനംവകുപ്പ് വെറ്റിറനറി സര്‍ജന്‍ കെ ജയകുമാറാണ് പുലി കാട്ടില്‍ വളര്‍ന്നതായുള്ള ലക്ഷണമില്ലെന്ന റിപ്പോര്‍ട്ട് വനംവകുപ്പ് അധികൃതര്‍ക്കു നല്‍കിയത്. അതിനുള്ള കാരണങ്ങളും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തായത്തെരു റെയില്‍വേ ട്രാക്കിന് സമീപം ഏഴ് മണിക്കൂര്‍ പുലി യാതൊരു ഭയവുമില്ലാതെ കിടന്നുവെന്നും, ഇതുവഴി ഇരു ഭാഗങ്ങളിലേക്കും കൂടി 29 തീവണ്ടികള്‍ പാഞ്ഞുപോയിട്ടും പുലി ഭയന്നില്ലെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പുലിയെ കണ്ടതോടെ കുറ്റിക്കാടു വളഞ്ഞ നാട്ടുകാര്‍ അലറി വിളിച്ചിട്ടും പുലി ശാന്തനായിത്തന്നെയാണ് കിടന്നിരുന്നതെന്നും ജയകുമാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പുലി ജനങ്ങളുമായി ഇടപഴകിയെന്നതിനു തെളിവാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ചിക്തസയ്ക്കു ശേഷം തിരുവനന്തപുരം മൃഗശാലയില്‍ കൊണ്ടുവന്ന പുലിക്ക് തീറ്റയായി രണ്ട് മുയലിനെയും രണ്ട് ആടിനെയും നല്‍കുകയുണ്ടായി. പുലി ഒരു മുയലിനെ കൊന്നുവെങ്കിലും ഭക്ഷിച്ചില്ലെന്ന കാര്യം ജയകുമാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പുലിക്കു വേട്ടയാടാന്‍ എത്തിച്ച ആടുമായി അത് ചങ്ങാത്തത്തിലാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുലിയുടെ ശരീരം നല്ല വൃത്തിയോടെ പരിപാലിച്ചതായും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാണിക്കുന്നുണ്ട്. ഷാംപുവോ അതുപോലുള്ള മറ്റ് വസ്തുക്കള്‍ കൊണ്ടോ പുലിയുടെ ദേഹം വൃത്തിയാക്കിയിരുന്നതായും ജയകുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തിയ പുലിയായിരിക്കാം ഇതെന്നാണ് ജയകുമാറിന്റെ കണ്ടെത്തൽ. അതല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കസ് കൂടാരത്തില്‍ നിന്നോ മറ്റോ ചാടിയ പുലിയായിരിക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മൃഗശാലയിലുള്ള പുലി ഇരയെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രണ്ടുമാസം കഴിഞ്ഞിട്ടും പുലിയെ കാട്ടിലേക്കു തുറന്നുവിടാനാകാതെ കുഴങ്ങുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സമ്പന്നന്റെ വീട്ടില്‍ ആഡംബരത്തിനു വളര്‍ത്തിയതാകാം ഈ പുലിയെന്നാണു വനംവകുപ്പ്‌സംശയിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ പുറത്തിറങ്ങിയ പുലി ഓടിപ്പോയതാകാമെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമടിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നത്.