കണ്ണൂരിന്റെ കാളിയനാകാന്‍ വീണ്ടും സില്‍ക്ക്; കപ്പല്‍ പൊളിക്കുന്ന പൊതുമേഖലാ സ്ഥാപനം പൂട്ടിക്കാന്‍ രണ്ടാംഘട്ട സമരത്തിന് കളമൊരുങ്ങുന്നു

അഴീക്കല്‍ തുറമുഖം വികസനത്തിന്റെ പാതയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് തൊട്ടടുത്ത് നൂറുകണക്കിന് മനുഷ്യജീവനുകള്‍ ആശങ്കയില്‍ കഴിയുന്നത്. രണ്ടുവര്‍ഷം മുമ്പ് ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കപ്പല്‍ പൊളിക്കല്‍ ശാലയില്‍ കഴിഞ്ഞദിവസം കപ്പലെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരാണ്. നൂറുകണക്കിന് പേരെ മാറാരോഗികളാക്കിയ സ്ഥാപനം വീണ്ടും പ്രവര്‍ത്തനമാരംഭിക്കാതിരിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. പണ്ട് കപ്പല്‍ പൊളിക്കല്‍ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ പൊതുമേഖലാസ്ഥാപനം തന്നെ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണ്ണൂരിന്റെ കാളിയനാകാന്‍ വീണ്ടും സില്‍ക്ക്; കപ്പല്‍ പൊളിക്കുന്ന പൊതുമേഖലാ സ്ഥാപനം പൂട്ടിക്കാന്‍ രണ്ടാംഘട്ട സമരത്തിന് കളമൊരുങ്ങുന്നു

കണ്ണൂര്‍ അഴീക്കലിലെ പൊതുമേഖലാ സ്ഥാപനം സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്), അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. കാലഹരണപ്പെട്ട കപ്പലുകള്‍ പൊളിച്ചുനീക്കി ഭീമമായ മലിനീകരണവും രോഗങ്ങളും സൃഷ്ടിച്ച് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് സില്‍ക്ക്.


ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സമരമുഖത്തിറങ്ങിയതോടെ രണ്ടുവര്‍ഷം മുമ്പ് ഇവിടെ കപ്പല്‍ പൊളിക്കുന്ന ജോലി നിര്‍ത്തിവെച്ചിരുന്നു. രഹസ്യമായി പൊളിക്കല്‍ ഇപ്പോഴും നടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതി ശരിവച്ചുകൊണ്ടാണ് ആഴ്ചകള്‍ക്ക് മുമ്പ് മാലിയില്‍ നിന്നെത്തിയ ഗേറ്റ് വേ പ്രസ്റ്റീജ് എന്ന കപ്പല്‍ സില്‍ക്കില്‍ നങ്കൂരമിട്ടത്. ഇതോടെ സ്ഥാപനം തന്നെ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സംഘടിക്കുകയാണ്. 2014 ല്‍ സില്‍ക്കിലെ കപ്പല്‍ പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചുവെങ്കിലും അത് സൃഷ്ടിച്ച ദുരന്തങ്ങളില്‍ നിന്ന് ഒരു ജനത ഇപ്പോഴും മോചിതരായിട്ടില്ല. ഇതിനിടെയാണ് ജനങ്ങളുടെ സമാധാനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ഒരു കപ്പല്‍കൂടിയെത്തിയത്. പ്രാദേശിക പാര്‍ട്ടി നേതാക്കളും യൂണിയന്‍കാരും കമ്പനി അധികൃതരും ഒറ്റക്കെട്ടായി ഒരു നാടിനെ കൊലക്കുകൊടുക്കാനുള്ള ചരടുവലികള്‍ നടത്തുകയാണെന്ന തിരിച്ചറിവിലാണ് നാട്ടുകാരിപ്പോള്‍. ഏതുനിമിഷവും കപ്പല്‍ പൊളിക്കല്‍ പുനരാരംഭിക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. തങ്ങള്‍ക്ക് മനസമാധാനമായി ജീവിക്കണമെങ്കില്‍ എന്നെന്നേക്കുമായി സില്‍ക്ക് അടച്ചുപൂട്ടണമെന്ന ഉറച്ച നിലപാടിലേക്ക് അഴീക്കല്‍ നിവാസികള്‍ എത്തിക്കഴിഞ്ഞു.

വിഷമൊഴുക്കല്‍ ഇങ്ങനെ

1989 ലാണ് അഴീക്കലില്‍ സില്‍ക്കിന്റെ ചെറുകിട കപ്പല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. വിവിധതരം ബോട്ടുകള്‍, സ്റ്റീല്‍ പാലങ്ങള്‍, ഡാം ഷട്ടറുകള്‍, പൈപ്പുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, കപ്പല്‍ പൊളിക്കല്‍ എന്നിവയായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ കപ്പല്‍പൊളിക്കലിലേക്ക് മാത്രമായി ഈ സ്ഥാപനം ചുരുങ്ങുകയായിരുന്നു. ഇതുവരെ 28 കപ്പലുകള്‍ ഇവിടെ പൊളിച്ചിട്ടുണ്ട്. 2011 ശേഷമാണ് കപ്പല്‍ശാലക്കെതിരേ ജനരോഷം ശക്തമായി ഉയരുന്നത്. അപ്പോഴേക്കും കമ്പനി സൃഷ്ടിച്ച മലിനീകരണങ്ങവും മാറാരോഗങ്ങളും അപ്പോഴേക്കും അതിഭീമമായ തോതിലേക്ക് ഉയര്‍ന്നിരുന്നു. ഡോ. ഡി സുരേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ ഗവേഷകസംഘം നടത്തിയ പഠനത്തില്‍ ഭയാനകമായ വിവരങ്ങളാണ് പുറത്തുവന്നത്. അഴീക്കല്‍ തീരദേശത്ത് നൂറുപേരില്‍ അറുപതുപേര്‍ രാസമാലിന്യത്തെ തുടര്‍ന്ന രോഗികളായിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. കാഴ്ചശക്തി നഷ്ടപ്പെടുന്ന ടെറീജന്‍ എന്ന മാരകരോഗവും സ്ഥിരീകരിച്ചു.

അമ്പതു കുടുംബങ്ങളില്‍ എട്ടുപേരിലാണ് രോഗം കണ്ടെത്തിയത്. അഴീക്കല്‍ മാട്ടൂല്‍പ്പുഴയില്‍ വെച്ചാണ് കപ്പലുകള്‍ പൊളിക്കുന്നതെന്നതിനാല്‍ കടല്‍വെള്ളത്തിലും പുഴയിലും ഇറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മറ്റും കാല്‍ ചൊറിഞ്ഞുതടിക്കുന്നതായും ആരോഗ്യസര്‍വെയിലൂടെ കണ്ടെത്തിയിരുന്നു. കാഡ്മിയം, ആഴ്‌സനിക്, മെര്‍ക്കുറി, ബെറിലിയം തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ കപ്പല്‍പ്പപൊളി വഴി അന്തരീക്ഷത്തില്‍ കലരുന്നുണ്ടെന്നും പഴകിയ ബാറ്ററികള്‍, ബല്ലാസ്റ്റ് മിശ്രിതം, പെയിന്റ് തുടങ്ങിയ മാലിന്യങ്ങള്‍ ജലവും മണ്ണും വിഷമയമാക്കുന്നുവെന്നും തെളിഞ്ഞു. കപ്പലിലെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇരുനൂറിലേറെ രാസവസ്തുക്കളടങ്ങിയ മിശ്രിതം മാരകമായ വിഷമാണ്. ഇത് വായുവിലും വെള്ളത്തിലും കലര്‍ന്ന് ശരീരത്തില്‍ പ്രവേശിക്കുന്നതിനാലാണ് ചര്‍മ്മരോഗങ്ങള്‍, അലര്‍ജി, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ പഠനത്തില്‍ തെളിഞ്ഞിരുന്നു. ആഴ്ചയില്‍ ഒരാളില്‍ വീതം കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളും പ്രായമായവരുമുള്‍പ്പെടെ ബഹുഭൂരിപക്ഷവും ഹൃദ്രോഗത്തിനും ത്വക്ക് രോഗത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും അടിമകളാണിവിടെ. കിണറുകളിലെ വെള്ളം പോലും ഉപയോഗശൂന്യമാക്കുന്ന വിധത്തിലേക്ക് രാസമാലിന്യങ്ങളുടെ വ്യാപനം മാറിയെന്ന് സമരസമിതി ചെയര്‍മാന്‍ എം കെ മനോഹരന്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം സില്‍ക്ക് അധികൃതര്‍ ഇപ്പോഴും നിഷേധിക്കുകയാണ്. ഫാക്ടറി ലൈസന്‍സോടു കൂടിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും നോണ്‍ റേഡിയോ ആക്ടിവിറ്റി ലൈസന്‍സുള്ള കപ്പലുകള്‍ മാത്രമേ പൊളിച്ചിട്ടുള്ളൂവെന്നുമാണ് സില്‍ക്ക് വക്താക്കള്‍ പറയുന്നത്. പരമ്പരാഗത മത്സ്യ പ്രജനന കേന്ദ്രമായ അഴീക്കല്‍ മുതല്‍ ഏഴിമല വരെയുള്ള പ്രദേശത്തെ മത്സ്യ സമ്പത്തിലും കാര്യമായ ഇടിവുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മത്തി, അയല, അയക്കൂറ, മുള്ളന്‍, ആവോലി, നത്തോലി, തിരണ്ടി, സ്രാവ് തുടങ്ങിയ കടല്‍ മത്സ്യങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി. പുഴമത്സ്യങ്ങളുടെ അളവും കുറഞ്ഞു. നാടിന്റെ പട്ടിണിമാറ്റുന്ന മത്സ്യസമ്പത്ത് ഇടിഞ്ഞത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് മത്സ്യം കയറ്റുമതി ചെയ്തിരുന്ന ഇവിടെ നിന്ന് മുന്‍കാലങ്ങളിലെപ്പോലെ മത്സ്യങ്ങള്‍ കിട്ടുന്നില്ലെന്ന് വ്യവസായികളും പറയുന്നു. രാസമാലിന്യങ്ങള്‍ കലര്‍ന്നതാണ് ഇതിന് മുഖ്യകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.നിര്‍ബാധം തുടര്‍ന്ന നിയമലംഘനങ്ങള്‍

അന്താരാഷ്ട്രതലത്തില്‍ റെഡ് കാറ്റഗറി വിഭാഗത്തില്‍പ്പെട്ട വ്യവസായമാണ് കപ്പല്‍ പൊളിക്കല്‍. ഇന്ത്യയടക്കം 148 രാജ്യങ്ങള്‍ പങ്കെടുത്ത ബാസല്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലെ കരാര്‍പ്രകാരം ഇത്തരംസ്ഥാപനങ്ങള്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിരവധി സംസ്‌കരണയൂണിറ്റുകളും ഹെക്ടര്‍ കണക്കിന് സ്ഥലവും കപ്പല്‍ പൊളിക്കല്‍ യൂണിറ്റുകള്‍ക്ക് വേണമെന്ന് നിഷ്‌കര്‍ഷയുണ്ടെങ്കിലും വെറും രണ്ടരയേക്കറിലാണ് സില്‍ക്കിന്റെ പ്രവര്‍ത്തനം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കപ്പല്‍പൊളിക്കാന്‍ പാടില്ലെന്ന നിയമവും ലംഘിക്കപ്പെട്ടു. ബീഡിക്കമ്പനി പ്രവര്‍ത്തിക്കുന്ന ലാഘവത്തോടെയാണ് ഈ കമ്പനി ഇത്രയും നാള്‍പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് നാട്ടുകാര്‍ പറുന്നു. 2005 ല്‍ സമരസമിതി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ സ്ഥാപനത്തിന് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്നും വ്യക്തമായിരുന്നു. നാട്ടുകാരുടെ പരാതികള്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ചെവിക്കൊണ്ടതുമില്ല. ഒടുവില്‍ ജനകീയ പ്രക്ഷോഭം ശക്തമായപ്പോഴാണ് 2014 ല്‍ അന്നത്തെ ജില്ലാ കലക്ടര്‍ നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ചത്. നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം കപ്പല്‍പൊളിക്കല്‍ ജോലി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.എന്തിന് ഇങ്ങനൊരു സ്ഥാപനം

21 ജീവനക്കാരാണ് സില്‍ക്കിലുള്ളത്. ഇവരാരും പക്ഷെ, കപ്പല്‍ പൊളിക്കല്‍ ജോലിയിലേര്‍പ്പെടുന്നില്ലെന്ന സമരസമിതിയുടെ വാദം സില്‍ക്ക് അധികൃതരും ശരിവെക്കുന്നു. കപ്പല്‍ പൊളിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. അപകടത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ നിലപാട്. സില്‍ക്കിന്റെ കഴിഞ്ഞവര്‍ഷത്തെ ലാഭം 2000 രൂപ മാത്രമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ജോലിചെയ്യാതെ കാരംസ് കളിച്ച് സമയം കളയുന്ന 21 പേര്‍ക്ക് ശമ്പളം കൊടുക്കാനായി നൂറുകണക്കിന് ജനങ്ങളുടെ ജീവന്‍ കുരുതികൊടുക്കേണ്ടെന്ന നിലപാടിലാണ് തങ്ങളെന്ന് സമരസമിതി ചെയര്‍മാന്‍ എംകെ മനോഹരന്‍ പറഞ്ഞു.

'ഇത്രയും കാലം കപ്പല്‍ പൊളിക്കുന്നത് നിര്‍ത്താന്‍ വേണ്ടിയുള്ള സമരമാണ് നയിച്ചത്. അത് താല്‍ക്കാലികമായി വിജയിച്ചു. പക്ഷെ പുതിയ കപ്പല്‍ വന്നതോടെ കപ്പല്‍ പൊളിക്കല്‍ പുനരാരംഭിക്കാനുള്ള ചരടുവലികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായി. എപ്പോള്‍ വേണമെങ്കിലും ഭരണകൂടത്തിന്റെ പിന്തുണയോടെ കപ്പല്‍ പൊളിക്കലാരംഭിക്കാം. അത് സൃഷ്ടിക്കുന്ന ആഘാതം താങ്ങാന്‍ ഒരുപക്ഷെ അഴീക്കല്‍ ജനതയ്ക്ക് ശേഷിയുണ്ടായിരിക്കില്ല. അതിനാല്‍ സില്‍ക്ക് അടച്ചുപൂട്ടാതെ ഞങ്ങള്‍ ഇനി പിന്നോട്ടില്ല. മലിനീകരണത്തിന് കാരണമാകുന്ന കമ്പനി അടച്ചുപൂട്ടട്ടെ, ഗ്വാളിയാര്‍ റയോണ്‍സിന്റെ തനിയാവര്‍ത്തനം അഴീക്കലിലുണ്ടാകും' - സമരസമിതി ചെയര്‍മാന്‍ എം കെ മനോഹരന്‍.

അതേസമയം മാലി കപ്പലിന് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതു മാത്രമെയുള്ളൂവെന്നും കപ്പല്‍ പൊളിക്കുന്നതിനുള്ള അനുവാദം നല്‍കിയിട്ടില്ലെന്നുമാണ് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നത്. കസ്റ്റംസിന്റെ ക്ലിയറന്‍സ് രേഖകള്‍, തീരസംരക്ഷണ സേന, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതിയും ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. കപ്പല്‍ പൊളിക്കാന്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് സില്‍ക്കും വ്യക്തമാക്കുന്നു. എന്നാല്‍ അനധികൃതമായി പതിറ്റാണ്ടുകളോളം കപ്പല്‍ പൊളിച്ചവര്‍ വീണ്ടും കപ്പല്‍ കൊണ്ടുവന്നത് പിന്നെന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

Read More >>