ജലക്ഷാമത്തിനൊപ്പം തൊഴിലാളി സമരവും; പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറിയില്‍ ഉല്‍പ്പാദനം നിര്‍ത്തി

കഞ്ചിക്കോടെ പെപ്‌സി ഫാക്ടറിയില്‍ ഒരു മാസത്തിലധികമായി ഉല്‍പ്പാദനം നിര്‍ത്തി. ജലക്ഷാമവും തൊഴിലാളികളുടെ സമരവും പെപ്‌സി ഉല്‍പ്പാദനം നിര്‍ത്താന്‍ കാരണമായി. ഉല്‍പ്പാദനം നടക്കാത്ത ഫാക്ടറിക്കു മുമ്പില്‍ ജലചൂഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി പി എമ്മിന്റെ സമരങ്ങളും.

ജലക്ഷാമത്തിനൊപ്പം തൊഴിലാളി സമരവും; പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറിയില്‍ ഉല്‍പ്പാദനം  നിര്‍ത്തി

ജലക്ഷാമത്തിനൊപ്പം തൊഴിലാളി സമരം കൂടിയായപ്പോള്‍ പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറി ഉല്‍പ്പാദനം നിര്‍ത്തി.വെള്ളം വേണ്ടത്ര കിട്ടാതായതിനെ തുടര്‍ന്ന് ഉല്‍പ്പാദനം കുറച്ചതോടെ കരാര്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായതാണ് സമരത്തിന് കാരണമായത്. ഉല്‍പ്പാദനം കുറച്ച സാഹചര്യത്തില്‍ കരാര്‍ തൊഴിലാളികള്‍ക്ക് തൊഴിലോ തത്തുല്യമായ വേതനമോ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഒരു വിഭാഗം തെഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. വെള്ളത്തിന്റെ കുറവ് നിമിത്തം ഉല്‍പ്പാദനം ആഴ്ച്ചയില്‍ മൂന്നു ദിവസമായി നടത്താനാണ് തീരുമാനിച്ചതെങ്കിലും സമരത്തെ തുടര്‍ന്ന് ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. കഴിഞ്ഞ ഫിബ്രവരി എട്ട് മുതലാണ് പെപ്‌സി ഉല്‍പ്പാദനം നിര്‍ത്തിയത്. എന്നാല്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.

വരള്‍ച്ച രൂക്ഷമായതോടെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വെള്ളമുപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഉപഭോഗത്തില്‍ 75 ശതമാനം കുറവ് വരുത്താന്‍ ദുരന്ത നിവാരണ സമിതിയും ജില്ല ഭരണകൂടവും നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം നിത്യേന ആറു ലക്ഷം വെള്ളം ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും പുതിയ ഉത്തരവ് പ്രകാരം ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഈ വെള്ളം പോലും കിട്ടാത്ത സ്ഥിതിയിലാണ് പെപ്‌സിക്ക് ഉല്‍പ്പാദനം നിര്‍ത്തേണ്ടി വന്നത്.

അതേ സമയം പ്രവര്‍ത്തനം നിര്‍ത്തിയ പെപ്‌സി ഫാക്ടറിക്കു മുന്നില്‍ പെപ്‌സിയുടെ ജല ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മിന്റേയും ഡി വൈ എഫ് ഐയുടേയും .നേതൃത്വത്തില്‍ സമരങ്ങള്‍ നടത്തിയിരുന്നു. പെപ്‌സി ഉല്‍പ്പാദനം നിര്‍ത്തി ഒരു മാസം പിന്നിട്ട ശേഷം മാര്‍ച്ച് ആദ്യവാരത്തില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ സമരം നടത്തി. കമ്പനിയുടെ മുഖ്യ കവാടം എം ബി രാജേഷ് എം പി പ്രതീകാല്‍മകമായി പൂട്ടിട്ടു പൂട്ടി അന്നത്തെ സമരം ഉല്‍ഘാടനം ചെയ്തു. പിന്നീട് ഈ മാസത്തെ രണ്ടാമത്തെ സമരം 17 ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി .മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് നടന്നത്. പെപ്‌സി കമ്പനിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയാണ് രണ്ടാം സമരം അവസാനിപ്പിച്ചത്. ഇതിനു മുമ്പ് ഡിസംബറിലാണ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പെപ്‌സിക്കു മുന്നില്‍ സമരം നടത്തിയത്. അന്നു നടന്ന ജനകീയ മാര്‍ച്ച് വി എസ് ആയിരുന്നു ഉല്‍ഘാടനം ചെയ്തത്. എന്നാല്‍ പിന്നീട് പെപ്‌സി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സമര രംഗത്തിറങ്ങാതിരുന്ന സി പി എം കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയ ശേഷം ഇപ്പോഴാണ് തുടര്‍ച്ചയായ രണ്ട് സമരങ്ങള്‍ നടത്തുന്നത്.


പെപ്‌സി കമ്പനി എന്നെന്നേക്കും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് സി പി എം ആവശ്യപ്പെടുന്നില്ല. കാലവര്‍ഷം തുടങ്ങും വരെ പെപ്‌സിയെ വെള്ളം ഊറ്റാന്‍ അനുവദിക്കില്ലെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മെയ് മാസം തീരുന്നതു വരെ പെപ്‌സിക്കു പൂര്‍ണമായ തോതില്‍ ഉല്‍പ്പാദനം തുടങ്ങാനാവില്ലെന്നതാണ് സ്ഥിതി. മെയ് വരെ പെപ്‌സിക്കു പൂര്‍ണമായ തോതില്‍ ഉല്‍പ്പാദനം നടത്താനാവാത്ത സ്ഥിതിയില്‍ കമ്പനിക്കു മുന്നില്‍ സി പി എം എന്തിനാണ് സമരം നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേ സമയം പേരിനെങ്കിലും സമരവുമായി പെപ്‌സിക്കെതിരെ സി പി എം മാത്രമേ സമര രംഗത്തിറങ്ങിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് , ബി ജെ പി ഉള്‍പ്പടെ മറ്റൊരു രാഷ്ട്രീയ കക്ഷിയും പെപ്‌സിക്കെതിരെ സമരവുമായി രംഗത്ത് ഇറങ്ങിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെപ്‌സിക്കെതിരെ സമരത്തിന് ഇറങ്ങിയിരുന്ന സി പി ഐയും ഇപ്പോള്‍ സമരത്തിനില്ല.നിത്യേന ആറു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ അനുമതിയുള്ള സമയത്തു തന്നെ 25 ലക്ഷത്തിലേറെ വെള്ളമാണ് പെപ്‌സി ഉപയോഗിച്ചിരുന്നതെന്ന് വിവിധ പരിസ്ഥിതി സംഘടനകളും മറ്റും ആരോപിച്ചിരുന്നു. സംയുക്ത പരിശോധനയ്ക്കായി ഭൂജല വകുപ്പിന്റെ സഹകരണം പുതുശ്ശേരി പഞ്ചായത്ത് തേടിയിരുന്നെങ്കിലും കിട്ടിയില്ല. കമ്പനിക്ക് പഞ്ചായത്ത്, സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും കമ്പനി അത് തള്ളിക്കളയുകയാണ് ചെയ്തത്. എടുക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയോ പഞ്ചായത്ത് അംഗങ്ങളേയോ പെപ്‌സിക്കോ അനുവദിക്കുന്നില്ല. ഭൂഗര്‍ഭ വകുപ്പു ഉദ്യോഗസ്ഥരാണെങ്കില്‍ അതിനകത്തു ചെന്ന് പരിശോധിക്കാനും തയാറാവുന്നില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികള്‍ക്കും കമ്പനിയുടെ കോംപൗണ്ടിനകത്തേയ്ക്ക് കടക്കാന്‍ അനുവാദമില്ലാത്ത തരത്തില്‍ ഒരു സമാന്തര വ്യവസ്ഥയാണ് പെപ്‌സി കഞ്ചിക്കോടുണ്ടാക്കിയിരിക്കുന്നത്. 2000ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഒരു രൂപ പോലും നികുതിയായി സര്‍ക്കാരിലേയ്ക്ക് അടച്ചിരുന്നില്ല. ഇൗ നടപടി വിവാദമായപ്പോൾ മാസങ്ങള്‍ക്കു മുമ്പ് അമ്പത് ലക്ഷം കമ്പനി പഞ്ചായത്തിലേക്ക് അടക്കുകയായിരുന്നു.കോടികളാണ് നികുതി ഇനത്തില്‍ കമ്പനി അടയ്ക്കാനുള്ളത്. അകത്തേയ്ക്ക് കടക്കണമെങ്കില്‍ ഡല്‍ഹിയിലുള്ള വൈസ് ചെയര്‍മാന്റെ അനുവാദം വേണമെന്നാണ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പെപ്സി കമ്പനി പറയുന്നത്. 53 ഏക്കറില്‍ പരന്നു കിടക്കുന്ന കഞ്ചിക്കോട്ടെ പെപ്‌സി പ്ലാന്റ് മേഖലയിലെ ജലത്തിന്റെ ഏതാണ്ട് 48.5 ശതമാനം ഊറ്റിയെടുക്കുന്നതായാണ് ആരോപണം.

loading...