പൊളിച്ചത് കള്ളന്റെ കുരിശെന്ന് കാനം; കുരിശ് പൊളിച്ചതിനെ വിമര്‍ശിക്കുന്നത് കൈയേറ്റക്കാരെ സഹായിക്കാനെന്നു ബിനോയ് വിശ്വം

പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് ത്യാഗത്തിന്റെ കുരിശല്ലെന്നും കള്ളന്റെ കുരിശാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ കുരിശിനെ ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ട. കുരിശ് പൊളിച്ച ദിവസം ആരും ഇതിനെ വിമര്‍ശിച്ചില്ലെന്നും കാനം ചൂണ്ടിക്കാട്ടി. ശരിയുടെ പക്ഷത്താണ് സിപിഐ എന്നും നിലകൊള്ളുന്നതെന്നും കാനം പറഞ്ഞു.

പൊളിച്ചത് കള്ളന്റെ കുരിശെന്ന് കാനം; കുരിശ് പൊളിച്ചതിനെ വിമര്‍ശിക്കുന്നത് കൈയേറ്റക്കാരെ സഹായിക്കാനെന്നു ബിനോയ് വിശ്വം

എല്‍ഡിഎഫില്‍ കുരിശുവിവാദം വീണ്ടും പുകയുന്നു. മൂന്നാറില്‍ ഭൂമി കൈയേറി നാട്ടിയ കുരിശു പൊളിച്ചതില്‍ ഗൂഡാലോചനയില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രസ്താവിച്ചതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയുമായി രംഗത്തെത്തി.

പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് ത്യാഗത്തിന്റെ കുരിശല്ലെന്നും കള്ളന്റെ കുരിശാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ കുരിശിനെ ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ട. കുരിശ് പൊളിച്ച ദിവസം ആരും ഇതിനെ വിമര്‍ശിച്ചില്ലെന്നും കാനം ചൂണ്ടിക്കാട്ടി. ശരിയുടെ പക്ഷത്താണ് സിപിഐ എന്നും നിലകൊള്ളുന്നതെന്നും കാനം പറഞ്ഞു.

കാനം രാജേന്ദ്രനു പിന്നാലെ കുരിശു തകര്‍ക്കലിനെ വിവാദമാക്കിയതിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വവും രംഗത്തെത്തി. കുരിശ് പൊളിച്ചതിനെ ബാബറി മസ്ജിദിനോട് ഉപമിച്ചവര്‍ കൈയേറ്റ വീരന്‍മാരെ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കുരിശ് മാറ്റിയത് ബാബരി മസ്ജിദ് തകര്‍ത്തതിനു തുല്യമെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇത്തരക്കാര്‍ ആര്‍എസ്എസിനേയും ബിജെപിയേയും സഹായിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ കൈയേറ്റ വീരന്‍മാരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

കുരിശു തകര്‍ത്ത വിഷയത്തില്‍ ഗൂഡാലോചന ഉണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നേരത്തേ പറഞ്ഞിരുന്നു. സംഭവത്തില്‍ ഗുഡാലോചയുണ്ടോ എന്നു തെളിയിക്കേണ്ട വകുപ്പല്ല തന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.