തമിഴ് ബ്രാഹ്മണ സമ്മേളനം മുന്നോട്ടു വെക്കുന്നത് വംശീയ വാദം; ജാതിവാദിയാണോ എന്ന് കല്യാൺ ഗ്രൂപ്പ് ഉടമ തുറന്നു പറയണമെന്നും സണ്ണി എം കപിക്കാട്

കേരളീയ സംസ്കാരത്തിൽ തമിഴ് ബ്രാഹ്മണരുടെ സംഭാവന എന്താണ്? രണ്ടു മൂട് കപ്പ വച്ച് മറ്റുള്ളവരെ സഹായിച്ച പാരമ്പര്യം പോലും തമിഴ് ബ്രാഹ്മണർക്കില്ല.

തമിഴ് ബ്രാഹ്മണ സമ്മേളനം മുന്നോട്ടു വെക്കുന്നത് വംശീയ വാദം; ജാതിവാദിയാണോ എന്ന് കല്യാൺ ഗ്രൂപ്പ് ഉടമ തുറന്നു പറയണമെന്നും സണ്ണി എം കപിക്കാട്

കേവല ജാതിവാദത്തിനും അപ്പുറത്ത് അപകടകരമായ വംശീയ വാദമാണ് ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനം മുന്നോട്ടു വെക്കുന്നതെന്ന് ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ സണ്ണി എം കപിക്കാട് നാരദാ ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിൽ കച്ചവടം നടത്തി സമ്പത്ത് കയ്യാളുന്ന കല്യാൺ ഗ്രൂപ്പ് ഉടമ കല്യാണരാമന്‌ തമിഴ് ബ്രാഹ്മണ ജാതി വാദം ഉണ്ടെങ്കിൽ അത് തുറന്നു പറയണം. അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനത്തിലെ ഉപഭോക്താക്കൾ തമിഴ് ബ്രാഹ്മണരല്ലെന്ന് ഓർക്കണം. ഉപഭോക്താക്കൾക്ക് ഇതിനോട് പ്രതികരിക്കാൻ അറിയാമെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി. കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ ഔദാര്യത്തിൽ കേരളത്തിലെ ഊട്ടു പുരകളിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ പാരമ്പര്യമാണ് തമിഴ് ബ്രാഹ്മണരുടേത്. കുഞ്ചൻ നമ്പ്യാരുടെ കൃതികളിൽ ഇത് കാണാമെന്നും കപിക്കാട് വ്യക്തമാക്കി.

കേരളീയ സംസ്കാരത്തിൽ തമിഴ് ബ്രാഹ്മണരുടെ സംഭാവന എന്താണ്? രണ്ടു മൂട് കപ്പ വച്ച് മറ്റുള്ളവരെ സഹായിച്ച പാരമ്പര്യം പോലും തമിഴ് ബ്രാഹ്മണർക്കില്ല.

ശാസ്ത്ര വിരുദ്ധമായ വാദങ്ങളാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്. 'ചാതുര്‍വര്‍ണ്യത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ നടന്ന സെമിനാറിനെയും കപിക്കാട് വിമർശിച്ചു. ചാതുർവർണ്യത്തിനെതിരെ ദേശീയ പ്രസ്ഥാനങ്ങളടക്കം പ്രതികരിച്ചിട്ടുള്ളതാണ്. ഗാന്ധിജി പോലും ഇതിന്റെ അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണഘടനയെ മാനിക്കുന്നതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞ് കയ്യടി വാങ്ങിക്കൊണ്ട് ഭരണഘടനാ വിരുദ്ധമായ പ്രസംഗം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് സ്ഥാനം ഒഴിയണമെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി. പൂര്‍വ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത് എന്നും ബ്രാഹ്മണൻ മനുഷ്യസ്നേഹിയാണ് എന്നതടക്കം നിരവധി പ്രസ്താവനകളാണ് ജസ്റ്റീസ് ചിദംബരേഷ് നടത്തിയത്.