കല്ലോടി സെന്റ്. ജോര്‍ജ് ചര്‍ച്ചിന് 14 ഏക്കര്‍ പാട്ടഭൂമി നൽകിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; കോടികള്‍ വിലയുള്ള സർക്കാർ ഭൂമി സഭയിലേക്കെത്തിയപ്പോൾ എൽഡിഎഫിനും മൗനം

ഭൂമി പതിച്ചുനല്‍കാന്‍ നീക്കമുണ്ടായ സാഹചര്യത്തില്‍ വയനാട് ഭൂസംരക്ഷണ സമിതി ചെയര്‍മാനായ കെ മോഹന്‍ദാസ് ഇതിനെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ ഓര്‍ഡറാകുന്നതിന് ദിവസങ്ങള്‍ക്കകം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പഴയ തിയ്യതിയില്‍ ഭൂമി പതിച്ചു നല്‍കിയതായി ഉത്തരവിറക്കുകയായിരുന്നു. മാനന്തവാടി രൂപതയ്ക്ക് കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്‍കിയത്. ഇതില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതിയില്ലായിരുന്നു. എന്നാല്‍ പാട്ടക്കരാര്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ചും അനുബന്ധമായി സഭയുടെ സ്‌കൂളുകളും ഇതര സ്ഥാപനങ്ങളും ഇവിടെ ഉയര്‍ന്നു.

കല്ലോടി സെന്റ്. ജോര്‍ജ് ചര്‍ച്ചിന് 14 ഏക്കര്‍ പാട്ടഭൂമി നൽകിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; കോടികള്‍ വിലയുള്ള സർക്കാർ ഭൂമി സഭയിലേക്കെത്തിയപ്പോൾ എൽഡിഎഫിനും മൗനം

വയനാട്ടിലെ മാനന്തവാടി രൂപതയുടെ കീഴിലെ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ചിന് 14 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഏക്കറിന് 100 രൂപ പ്രകാരം ഈടാക്കിയാണ് നാലു കോടിയിലധികം വിലമതിക്കുന്ന ഭൂമി ചര്‍ച്ചിന് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ അന്നത്തെ പ്രതിപക്ഷവും പ്രതികരിച്ചില്ലെന്നതാണ് ശ്രദ്ധേയം. മാനന്തവാടി എടവക വില്ലേജില്‍ എടച്ചന ദേശത്ത് 80/1, 101/1, 35/8, 9/10, 35/11, 19/1, 20/2, 96/5 എന്നീ സര്‍വേ നമ്പറുകളില്‍ വരുന്ന ഭൂമിയാണ് കത്തോലിക്കാ സഭയുടെ സ്ഥാപനത്തിനു പതിച്ചു നല്‍കിയത്. 2015നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്.

ഭൂമി പതിച്ചുനല്‍കാന്‍ നീക്കമുണ്ടായ സാഹചര്യത്തില്‍ വയനാട് ഭൂസംരക്ഷണ സമിതി ചെയര്‍മാനായ കെ മോഹന്‍ദാസ് ഇതിനെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ ഓര്‍ഡറാകുന്നതിന് ദിവസങ്ങള്‍ക്കകം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പഴയ തിയ്യതിയില്‍ ഭൂമി പതിച്ചു നല്‍കിയതായി ഉത്തരവിറക്കുകയായിരുന്നു. മാനന്തവാടി രൂപതയ്ക്ക് കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്‍കിയത്. ഇതില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതിയില്ലായിരുന്നു. എന്നാല്‍ പാട്ടക്കരാര്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ചും അനുബന്ധമായി സഭയുടെ സ്‌കൂളുകളും ഇതര സ്ഥാപനങ്ങളും ഇവിടെ ഉയര്‍ന്നു. ഇത് കടുത്ത പാട്ടക്കരാര്‍ ലംഘനമാണെന്നിരിക്കെ ഇടതു-വലതു സര്‍ക്കാരുകളൊന്നും തന്നെ നടപടിയെടുക്കാന്‍ തയ്യാറായില്ല. പിന്നീട് നിരവധി കെട്ടിടങ്ങള്‍ ഇവിടെ ഉയര്‍ന്നുകൊണ്ടിരുന്നു.

പാട്ടക്കാലവാധി 92-93 കാലയളവില്‍ കഴിഞ്ഞതോടെ ഭൂമി പതിച്ചുനല്‍കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. മാര്‍ക്കറ്റ് വില നല്‍കാന്‍ തയ്യാറാണെന്ന് സഭ വ്യക്തമാക്കിയിരുന്നു. അന്നത്തെ വയനാട് ജില്ലാ കളക്ടര്‍ പരിശോധിച്ച് 3,49,60,403 കോടി രൂപ മാര്‍ക്കറ്റ് വിലയിടുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏക്കറിന് 100 രൂപ എന്ന തോതില്‍ പതിച്ചു നല്‍കി സഭയെപ്പോലും ഞെട്ടിച്ചു.

കേരള വര്‍മ പഴശ്ശിരാജയുടെ സൈന്യാധിപനായിരുന്നു എടച്ചന കുങ്കന്റെ തറവാട്ടു സ്വത്തില്‍ വരുന്ന ഭൂമിയായിരുന്നു ഇത്. കുങ്കനെയും ബന്ധുക്കളെയും കമ്പനി സൈന്യം വധിച്ചതോടെ അനന്തരാവകാശികളില്ലാതെ കിടക്കുന്ന ഭൂമിയാണ് സര്‍ക്കാരിലേക്കു വന്നുചേര്‍ന്നത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്ന പറയുന്ന സര്‍ക്കാരാണ് മതസ്ഥാപനങ്ങള്‍ക്കു വഴിവിട്ട് ഭൂമി പതിച്ചുനല്‍കിയതെന്ന് വയനാട് ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ കെ മോഹന്‍ദാസ് നാരദാ ന്യൂസിനോട് പറഞ്ഞു.