യോഗയുടെ മറവില്‍ പൊലീസില്‍ തീവ്ര ഹൈന്ദവസംഘം: വാര്‍ത്ത പുറത്തു വിട്ട് മുഖ്യമന്ത്രിയുടെ സ്വന്തം കൈരളി

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ബ്രിട്ടാസ് എംഡിയായ കൈരളിയാണ് പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. സിപിഐഎം സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ പുറത്തു വന്ന വാര്‍ത്ത ഏറെ കോളിളക്കമുണ്ടാക്കുന്നതാണ്

യോഗയുടെ മറവില്‍ പൊലീസില്‍ തീവ്ര ഹൈന്ദവസംഘം: വാര്‍ത്ത പുറത്തു വിട്ട് മുഖ്യമന്ത്രിയുടെ സ്വന്തം കൈരളി

പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസില്‍ സംഘപരിവാര്‍ പരസ്യപ്രവര്‍ത്തനം ആരംഭിക്കുന്നു എന്ന് സിപിഐഎം നിയന്ത്രണത്തിലുള്ള കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ കണ്ടെത്തലുകളാണ് കൈരളി പുറത്തുവിട്ടിരിക്കുന്നത്. വലിയതുറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് ഇതിന്റെ ചുമതലയെന്നും വിഴിഞ്ഞം ടൂറിസം പൊലീസില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പ്രസിഡൻ്റെന്നുമാണ് റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണ് ട്രഷറര്‍. തത്വമസി എന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. കഴിഞ്ഞ മാസം 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന പ്രഥമ ശിബിരത്തിലാണ് പരസ്യ പ്രവര്‍ത്തനത്തിനുള്ള തീരുമാനം എടുത്തത്. ഏറെ നാളായി ഇവരുടെ പ്രവര്‍ത്തനം പൊലീസില്‍ രഹസ്യമായി നടക്കുന്നുണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങളില്‍ എല്ലാ മാസവും പ്രവര്‍ത്തക യോഗങ്ങള്‍ നടക്കും. യോഗയുടെ മറവിലാണ് ഇവരുടെ പ്രവര്‍ത്തനം.


പൊലീസിനുള്ളില്‍ ഹൈന്ദവ തീവ്രവാദികളുടെ സ്വാധീനമുണ്ടെന്ന ആരോപണത്തെ ശരിവെയ്ക്കുകയാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എംഡിയായ സ്ഥാപനം. നടന്‍ മമ്മൂട്ടിയാണ് കൈരളിയുടെ ചെയര്‍മാന്‍. ഭരണത്തോട് അത്രയ്ക്ക് അടുത്തു നില്‍ക്കുന്ന സ്ഥാപനം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തു വിട്ടത് ഏറെ ഞെട്ടലുണ്ടാക്കുകയാണ്. രഹസ്യമായി നടന്ന പ്രവര്‍ത്തനങ്ങള്‍ ഏകീകൃതമാക്കാനാണ് നീക്കം. പൊലീസിലെ സംഘപരിവാര്‍ അനുകൂലികളെ വാട്ട്‌സപ്പിലൂടെ സംഘടിപ്പിച്ചു വരികയാണ്- വാര്‍ത്ത പറയുന്നു. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പ്രകാരം ആഴ്ചയിലെ ഒരു ദിവസം എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ബന്ധമായും യോഗ ചെയ്യണം. പോലീസുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനും പോലീസുകാരുടെ ആത്മസംയമനം വളര്‍ത്തുന്നതിനുമാണ് യോഗ നിര്‍ബന്ധമാക്കിയതെന്ന് ഡിജിപി അറിയിച്ചിരുന്നു. യോഗ നിര്‍ബന്ധമാക്കിയതോടെ ചിലര്‍ പരിശീലകരായി മാറി. ഈ പരിശീലകരാണ് നിലവില്‍ സംഘപരിവാറിനെ പൊലീസിലേയ്ക്ക് രഹസ്യമായി പ്രവേശിപ്പിച്ചത്. യോഗ നടപ്പിലാക്കേണ്ട ചുമതല അതത് പോലീസ് സ്റ്റേഷനുകളിലെ എസ്.ഐമാര്‍ക്കാണ് നല്‍കിയിരുന്നത്. ആരെങ്കിലും യോഗയില്‍ പങ്കെടുത്തില്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് എസ്.ഐമാര്‍ക്ക് എസ്.പിമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. യോഗ പരിശീലിപ്പിക്കുന്നതിന് പോലീസിലെ ട്രെയിനര്‍മാരെ കൂടാതെ സ്വകാര്യസ്ഥാപനങ്ങളിലുളളവരെയും നിയമിച്ചിട്ടുണ്ട്. പ്രശസ്ത യോഗാചാര്യനായ ബാബ രാംദേവിന്റെയും, ശ്രീ ശ്രീ രവിശങ്കറിന്റേയും സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രെയിനര്‍മാര്‍. സംഘപരിവാര്‍ അനുകൂലികള്‍ ട്രെയിനര്‍മാരായി എത്താനുള്ള സാധ്യതയായി ഇതു മാറി.


അംഗങ്ങള്‍ 100 രൂപ മാസവരിയായി ഈടാക്കാനും അനുഭാവികള്‍ ഒന്നിച്ചുകൂടുന്ന ദിവസം ചരിത്രപ്രാധാന്യമുള്ള സ്ഥലത്തുവച്ച് യോഗ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ചുമതല. സംഘടനയുടെ പ്രവര്‍ത്തനഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിമാസം 1000 രൂപ തവണ അടയ്‌ക്കേണ്ട 11 മാസം നീണ്ടുനില്‍ക്കുന്ന ചിട്ടി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് പൊലീസിലെ സംഘപരിവാര്‍ സംഘടന. തന്ത്രപ്രധാനമായ സ്‌പെഷല്‍ബ്രാഞ്ച് അടക്കമുള്ള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്- കൈരളി വാര്‍ത്ത പറയുന്നു.


സിപിഐഎം സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ പുറത്തു വന്ന വാര്‍ത്ത ഏറെ കോളിളക്കമുണ്ടാക്കുന്നതാണ്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ നേരത്തെ പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യത്തിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയടക്കം സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ജില്ലാ പൊലീസ് മേധാവിക്ക് ഈയടുത്ത കാലത്തുമാത്രമാണ് സ്ഥാനചലനമുണ്ടായത്. കണ്ണൂരിലെ ആരാധനാലയങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ആര്‍എസ്എസിന്റെ ആയുധപരിശീലനം നടക്കുന്നുവെന്നും പൊലീസ് ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി പി ജയരാജന്‍ ആഭ്യന്തരമന്ത്രിക്ക് കത്തുനല്‍കിയ സംഭവും ഇതിനുശേഷമുണ്ടായി. അന്നും പൊലീസിലെ ആര്‍എസ്എസ് സാന്നിധ്യം സിപിഐഎമ്മിനുള്ളില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പല ഇടപെടലുകളിലും സംഘപരിവാര്‍ സാന്നിധ്യം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ന്നിരുന്നു. ഈ വാദത്തിന് സ്ഥിരീകരണം നല്‍കുന്ന കൈരളി വാര്‍ത്ത, സമ്മേളന സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യം സജീവ ചര്‍ച്ചയാക്കുമെന്നുറപ്പ്.

Read More >>