പൊന്നമ്പല മേട്ടില്‍ ആരാധനയില്ലാത്ത ക്ഷേത്രം നിര്‍മ്മിക്കുമെന്നു പ്രയാര്‍; കാടുവെട്ടിത്തെളിച്ച് ക്ഷേത്രം പണിയാന്‍ പ്രയാറിനെ ആരു ചുമതലപ്പെടുത്തിയെന്നു കടകംപള്ളി

കാട് വെട്ടിത്തെളിച്ച് അവിടെ ഒരേക്കര്‍ സ്ഥലത്ത് അമ്പലം പണിയുമെന്ന് പറയുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, അവിടെ ആരാധന അനുവദിക്കില്ലെന്ന വ്യവസ്ഥ ചെയ്യുമെന്നും അവകാശപ്പെടുന്നുവെന്നുള്ള കാര്യവും കടകംപള്ളി ചൂണ്ടിക്കാണിക്കുന്നു.അപ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് പുതിയ ക്ഷേത്രമെന്നു പ്രയാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊന്നമ്പല മേട്ടില്‍ ആരാധനയില്ലാത്ത ക്ഷേത്രം നിര്‍മ്മിക്കുമെന്നു പ്രയാര്‍; കാടുവെട്ടിത്തെളിച്ച് ക്ഷേത്രം പണിയാന്‍ പ്രയാറിനെ ആരു ചുമതലപ്പെടുത്തിയെന്നു കടകംപള്ളി

ശബരിമല പൊന്നമ്പല മേട്ടില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രസ്താവന നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു പിന്നാലെ വിമര്‍ശനവുമായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ശബരിമല പൊന്നമ്പലമേട്ടില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ദേവസ്വബോര്‍ഡിന്റെ പദ്ധതി നടക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളി പ്രയാറിനെതിരെ വിമര്‍ശനവുമായി എത്തിയത്.

ക്ഷേത്ര നിര്‍മ്മാണത്തിനായി വനഭൂമി വിട്ടു കിട്ടണമെന്ന് ദേവസ്വം ബോര്‍ഡ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിനായി ദേവസ്വം ബോര്‍ഡിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി ചോദിച്ചു. 'ദേവസ്വം ബോര്‍ഡിന്റെ ചുമതല ആചാരക്രമങ്ങള്‍ ഉറപ്പുവരുത്തുക മാത്രമാണ്. ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ പൂങ്കാവനം എന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെട്ട വനഭൂമി അറിയപ്പെടുന്നത്. അയ്യപ്പഭക്തര്‍ പരിപാവനമായി കാണുന്നതാണ് ആ പൂങ്കാവനം'- മന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

കാട് വെട്ടിത്തെളിച്ച് അവിടെ ഒരേക്കര്‍ സ്ഥലത്ത് അമ്പലം പണിയുമെന്ന് പറയുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, അവിടെ ആരാധന അനുവദിക്കില്ലെന്ന വ്യവസ്ഥ ചെയ്യുമെന്നും അവകാശപ്പെടുന്നുവെന്നുള്ള കാര്യവും കടകംപള്ളി ചൂണ്ടിക്കാണിക്കുന്നു.അപ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് പുതിയ ക്ഷേത്രമെന്നു പ്രയാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും കാലത്ത് അങ്ങനെയൊരു ക്ഷേത്രമുണ്ടായിരുന്നോയെന്ന് ഞാന്‍ അന്വേഷിച്ചു. ഒരു കാലത്തും അങ്ങനെയൊരു ക്ഷേത്രം പൊന്നമ്പലമേട്ടില്‍ ഉണ്ടായിരുന്നില്ലെന്നും, ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യവും പവിത്രതയും നശിപ്പിക്കുന്ന തരത്തില്‍ ഒരു പുതിയ ക്ഷേത്രം പണിയുന്നത് ആചാരവിരുദ്ധമാണെന്നും പന്തളം രാജകുടുംബം വ്യക്തമാക്കി'- മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

രാഷ്ട്രീയ നിയമനം നേടി എത്തിയ ബോര്‍ഡ് പ്രസിഡന്റ് എങ്ങനെയാണ് ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മന്ത്രി ചോദിക്കുന്നു. ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ പേര് സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ പോലെ പുതിയ വിഗ്രഹവും പ്രതിഷ്ഠിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കടകംപള്ളി ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്.

Read More >>