കബനി ഒഴുകുമ്പോഴും വയനാട് കുഴൽക്കിണർ‍ കുഴിക്കുകയാണ്: അർഹതപ്പെട്ട ജലം പാഴായി ഒഴുകുന്നത് കർണാടകയിലേക്ക്; നാരദാ ന്യൂസ് പരമ്പര തുടരുന്നു

കാവേരി നദീജല ട്രൈബ്യൂണല്‍ വിധിയനുസരിച്ച് 21 ടിഎംസി വെള്ളം കേരളത്തിന് ഉപയോഗിക്കാമെന്നിരിക്കെ രണ്ട് ടിഎംസി വെള്ളം പോലും കേരളം ഉപയോഗിക്കുന്നില്ല. കടുത്ത വരള്‍ച്ചയില്‍ വയനാട് ജലക്ഷാമത്തിലകപ്പെട്ടു കിടക്കുമ്പോള്‍ ഇതുവഴി ഒഴുകുന്ന കബനിയുടെ വെള്ളം പാഴാവുകയാണ്. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ കുഴൽക്കിണർ വ്യാപകമാകുന്നത്. വയനാട് പോലെ പ്രകൃതിദുരന്ത സാധ്യത കൂടുതലുള്ള ജില്ലകളില്‍ കുഴല്‍ക്കിണര്‍ പാടില്ലെന്ന നിയമത്തിന് പുല്ലുവില കല്‍പ്പിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ഇവയുടെ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. ജീവനു ജലമുണ്ടോ നാരദാ ന്യൂസ് പരമ്പര തുടരുന്നു

കബനി ഒഴുകുമ്പോഴും വയനാട് കുഴൽക്കിണർ‍ കുഴിക്കുകയാണ്: അർഹതപ്പെട്ട ജലം പാഴായി ഒഴുകുന്നത് കർണാടകയിലേക്ക്; നാരദാ ന്യൂസ് പരമ്പര തുടരുന്നു

കാവേരി നദീജല ട്രൈബ്യൂണല്‍ വിധിയനുസരിച്ച് അര്‍ഹതപ്പെട്ട 21 ഘനയടി (ടിഎംസി) വെള്ളം ഒഴുക്കിക്കളഞ്ഞ് വരള്‍ച്ചാലകാലത്ത് വയനാട് കുഴല്‍ക്കിണര്‍ കുത്തുന്നു. കുടിവെള്ളത്തിനും അനുബന്ധ മേഖലകള്‍ക്കുമായി വിനിയോഗിക്കാന്‍ 21 ടിഎംസി വെള്ളം കേരളത്തിന് ഉപയോഗിക്കാമെന്നിരിക്കെ രണ്ട് ടിഎംസി വെള്ളം പോലും കേരളം ഉപയോഗിക്കുന്നില്ല. കടുത്ത വരള്‍ച്ചയില്‍ വയനാട് ജലക്ഷാമത്തിലകപ്പെട്ടു കിടക്കുമ്പോള്‍ ഇതുവഴി ഒഴുകുന്ന കബനിയുടെ വെള്ളം പാഴാവുകയാണ്.

ഈ സാഹചര്യത്തിലാണ് വയനാട്ടിൽ കുഴൽക്കിണർ വ്യാപകമാകുന്നത്. വയനാട് പോലെ പ്രകൃതിദുരന്ത സാധ്യത കൂടുതലുള്ള ജില്ലകളില്‍ കുഴല്‍ക്കിണര്‍ പാടില്ലെന്ന നിയമത്തിന് പുല്ലുവില കല്‍പ്പിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ഇവയുടെ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. മെയ് 31 വരെ സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മാണം നിരോധിച്ചിട്ടുണ്ടെങ്കിലും വയനാട്ടിലെ ബത്തേരി നഗരസഭയില്‍ മാത്രം 25 കുഴല്‍ക്കിണറുകളാണ് പുതുതായി വരുന്നത്.

കാരാപ്പുഴ പറയുന്നത്....

കേരളത്തിന് അര്‍ഹതപ്പെട്ട 21 ടിഎംസി ജലത്തില്‍ നിന്ന് 19 ടിഎംസി മാത്രം മതി നിലവിലെ ജലക്ഷാമത്തെ മറികടക്കാന്‍. കബനിയൊഴുകുന്ന വയനാടിന് ഇത് ഗുണകരമാവുകയും ചെയ്യും. വയനാട്ടില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ച് രണ്ട് അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലൊന്ന് കാരാപ്പുഴയാണ്. 1978-ല്‍ നിര്‍മാണം ആരംഭിച്ച് 1980-ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി വിഭാവനം ചെയ്തത് 7.6 കോടി രൂപയായിരുന്നു പദ്ധതിക്കുവേണ്ടി കണക്കാക്കിയ മുതല്‍മുടക്ക്. 3 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് കാരാപ്പുഴ പദ്ധതി 30 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല.

കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കോടികള്‍ വിഴുങ്ങിയപ്പോള്‍ കാരാപ്പുഴ നോക്കുകുത്തിയായി മാറി. 7.6 കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് 315.3 കോടിയാണ് ഇതുവരെ ചെലവഴിച്ചതെന്നാണ് ഇതു സംബന്ധിച്ച സംസ്ഥാനതല അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയും 254 കോടി രൂപ വേണമെന്നും ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ വ്യക്തമാണ് കൊള്ളയുടെ ചിത്രം.

ബാണാസുര സാഗറിലേക്ക് പോകുമ്പോള്‍......

1971ലാണ് ബാണാസുരസാഗര്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. പടിഞ്ഞാറത്തറയ്ക്കു സമീപം ബാണാസുരസാഗര്‍ മലയുടെ താഴ്വാരത്തായിരുന്നു അണക്കെട്ട് നിര്‍മാണം ആരംഭിച്ചത്. കബനിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെയായിരുന്നു അണക്കെട്ട് നിര്‍മാണം. 1.37 കോടി രൂപയായിരുന്നു പദ്ധതിയുടെ പ്രാരംഭ ചെലവ് പ്രതീക്ഷിച്ചിരുന്നത്. 850 മീറ്റര്‍ നീളമുള്ള അണക്കെട്ടിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 775.6 മീറ്ററായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ മണ്‍ അണക്കെട്ടെന്ന എന്ന പ്രത്യേക ബാണാസുര സാഗറിനുണ്ട്. 7.2 ടിഎംസി ജലമാണ് ബാണാസുര സാഗറിന്റെ ജലസംഭരണം. ഇതില്‍ 1.7 ടിഎംസി ജലസേചനത്തിനും ആറു ടിഎംസി വൈദ്യുതി ഉല്‍പാദനത്തിനുമെന്നായിരുന്നു കണക്കുകൂട്ടല്‍. കടമാന്‍തോട് തടത്തില്‍ 3200 ഹെക്ടര്‍, കുറ്റ്യാടി തടത്തില്‍ 5200 ഹെക്ടര്‍ സ്ഥലത്തും കൃഷിക്കു ജലം ലഭ്യമാക്കുകയെന്നതായിരുന്നു പദ്ധതി ആരംഭിക്കുമ്പോള്‍ പറഞ്ഞിരുന്നത്.


ജലസേചനത്തിനായി നിര്‍മാണം ആരംഭിച്ച കനാലുകളുടെ പ്രവൃത്തികള്‍ തൂണുകളില്‍ മാത്രമൊതുങ്ങി. പദ്ധതിക്കായി 1604 കി.മീറ്റര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ 224 ഹെക്ടര്‍ ഭൂമി സ്വാഭാവിക വനമായിരുന്നു. 1380 ഹെക്ടര്‍ സ്വകാര്യ ഭൂമിയും ബാണാസുര സാഗര്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനു പുറമെ 43 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും പദ്ധതിക്കായി നീക്കിവച്ചു. കാര്‍ഷിക മേഖലയിലെ ജലസേചനം, കുടിവെള്ളം എന്നീ പദ്ധതികള്‍ അധികൃതര്‍ വിസ്മരിച്ച മട്ടാണ്.

കാവേരി നദീജല കരാര്‍ മുഖേന ലഭ്യമാകേണ്ട വെള്ളം പോലും വയനാടിനു ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറില്ല. കടുത്ത വരള്‍ച്ചയില്‍ വയനാട് ഉരുകുമ്പോള്‍ ഇവിടെ പെയ്യുന്ന മഴയെ മാത്രം ആശ്രയിച്ചു തൊട്ടടുത്ത കര്‍ണാടക നേട്ടങ്ങള്‍ കൊയ്യുകയാണ്. വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന ഓരോ തുള്ളിയും കര്‍ണാടകയ്ക്കു ജീവജലമാകുന്നത് അങ്ങനെയാണ്.

കുഴല്‍ക്കിണറിലെ അപകടങ്ങള്‍...

സംസ്ഥാനത്ത് ഏകദേശ കണക്കനുസരിച്ച് നാലു ലക്ഷം കുഴല്‍ക്കിണറുകളുണ്ടെന്നാണ് കണക്ക്. വയനാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലെവിടെയും കുഴല്‍ക്കി‌ണറുകളുടെ കണക്ക് ലഭ്യമല്ല. താല്‍ക്കാലികമാണെങ്കില്‍പോലും നിരോധനം നിലനില്‍ക്കുമ്പോഴും ഡിസംബര്‍ മുതല്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടക്കുന്നുണ്ട്. വൈത്തിരി മുതല്‍ ബത്തേരി വഴി പുല്‍പ്പള്ളിക്കു സഞ്ചരിക്കുമ്പോള്‍ പാതയോരങ്ങളില്‍ പലയിടത്തും കുറഞ്ഞ ചെലവില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചു കൊടുക്കുമെന്നുുള്ള പോസ്റ്ററുകളുണ്ട്.


കുഴല്‍ക്കിണര്‍ നിര്‍മാണം വര്‍ധിക്കുന്നതോടെ ഭൂഗര്‍ഭജലം താഴോട്ടുപോകുന്ന പ്രതിഭാസം വര്‍ധിച്ചുവരുന്നുണ്ടെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗമായ കെ ബാലഗോപാലന്‍ നാരദാ ന്യൂസിനോട് പഞ്ഞു. കുഴല്‍ കിണറില്‍ നിന്നു വെള്ളമെടുക്കുന്നതോടെ ഇത് റീച്ചാര്‍ജ് ചെയ്യപ്പെടുന്നില്ല. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വയനാട്ടിലെവിടെയും തന്നെ ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നില്ല.

ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിൽ കുഴല്‍ കിണറുകളെ രണ്ടായി തരം തിരിക്കാം. ഷാലോ അക്വിഫര്‍, ഡീപ്പ് അക്വിഫര്‍ എന്നുമാണ് വിളിക്കുന്നത്. 400 അടി വരെയുള്ള കുഴല്‍ കിണറുകളെ ഷാലോ അക്വിഫറെന്നാണ് പറയുന്നത്. അതിൽക്കൂടുതൽ അടി താഴ്ച്ചയിലെടുക്കുമ്പോള്‍ ഡീപ്പ് അക്വിഫര്‍ ആകുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ബോര്‍വെല്‍ നിര്‍മാണ സംഘം 1200 അടി താഴ്ച്ചയില്‍ വരെ കുഴല്‍ക്കിണര്‍ നിര്‍മിച്ചു കൊടുക്കുന്നുണ്ട്. ഇതാണ് വലിയ അപകടമാകുന്നത്.

നെല്‍വയലുകള്‍ കുറയുമ്പോള്‍ ജീവജലവും മറയുന്നു

1996-2000 കാലയളവില്‍ 22,000 ഹെക്ടര്‍ നെല്‍കൃഷി വയനാട്ടിലുണ്ടായിരുന്നു. ഇപ്പോഴിത് 9000-10,000 ഹെക്ടറായി ചുരുങ്ങി. ജലസംരക്ഷണം കുറയാനുള്ള പ്രധാന കാരണം ഇതുതന്നെയാണ്. വെള്ളത്തെ മണ്ണില്‍ തടഞ്ഞുനിര്‍ത്തി റീച്ചാര്‍ജ് ചെയ്തിരുന്നത് പ്രധാനമായും നെല്‍വയലുകളാണ്. ചരിത്രത്തിലേറ്റവും വലിയ വരള്‍ച്ചയെ വയനാട് അഭിമുഖീകരിക്കുമ്പോള്‍ കുഴല്‍ക്കിണറിലേക്ക് അഭയം തേടുകയാണ് ഇവിടുത്തുകാര്‍.

കുഴല്‍ക്കിണര്‍ വര്‍ധിച്ചതിന്റെ ദൃഷ്ടാന്തമാണ് കിണറുകളിലെയും അരുവികളിലെയും കുളങ്ങളിലെയുമൊക്കെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒയിസ്‌ക ഇന്റര്‍നാഷണല്‍ സൗത്ത് ഇന്ത്യന്‍ സെക്രട്ടറി തോമസ് തേവര ചൂണ്ടിക്കാട്ടുന്നു. ജലത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന ഘടകങ്ങളെല്ലാം വയനാട്ടില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്.

കബനിയില്‍ നിന്നു കേരളത്തിന് അവകാശപ്പെട്ട ജലത്തില്‍ നിന്ന് ആവശ്യാനുസരണമെടുത്താല്‍ ഇവിടുത്തെ കാര്‍ഷിമേഖല കരകയറുന്നതിനൊപ്പം ജലക്ഷാമം പരിഹരിച്ചുകൊണ്ടുതന്നെ ഭൂമിയിലേക്കു റീച്ചാര്‍ജിങ് നടത്താവുന്നതുമാണ്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരില്‍ നിന്ന് അനുകൂലമായൊരു നടപടിയുണ്ടാകുന്നില്ല എന്നതാണ് വസ്തുത.