'കോൺഗ്രസ് നേതാക്കളേക്കാൾ കൂടുതൽ കംഫർട്ടബിൾ മോദി'; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി കെ വി തോമസ്; പ്രതിരോധത്തിലായി പാർട്ടി

ആപത്ക്കരമായ മോദിയുടെ ഹിന്ദുത്വ നടപടികൾക്ക് പ്രത്യക്ഷ പിന്തുണയാണ് കെ വി തോമസിന്റെ "കംഫർട്ടബിൾ"പരാമർശമെന്നാണ് വിലയിരുത്തൽ. ഇതാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ അണികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാക്കളേക്കാൾ കൂടുതൽ കംഫർട്ടബിൾ മോദി; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി കെ വി തോമസ്; പ്രതിരോധത്തിലായി പാർട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കോൺ​ഗ്രസ് എംപി കെ വി തോമസ് രം​ഗത്ത്. 'സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്'- എന്നായിരുന്നു എറണാകുളം എംപിയായ കെ വി തോമസിന്റെ പ്രസ്താവന. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കെ വി തോമസ് തന്റെ മനസു തുറന്നത്.

മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും കെ വി തോമസ് പ്രഖ്യാപിച്ചു. മാത്രമല്ല, ഇതു നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 'തന്റെ നടപടികളെ കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന നേതാവാണ് മോദി'- കെ വി തോമസ് പറയുന്നു. ന്യൂനപക്ഷ കൊലപാതകം തുടർവാർത്തയാകുന്ന സാഹചര്യത്തിൽ മോദിയുടെ നിസം​ഗത പകൽപോലെ വ്യക്തമായിരിക്കെ അദ്ദേഹവുമായുള്ള ആശയവിനിമയം കംഫർട്ടബിളാകുന്നത് എങ്ങനെയെന്നാണ് അണികൾ സോഷ്യൽമീഡിയയിൽ ഉയർത്തുന്ന ചോദ്യം. ഇതു സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളും ട്രോളുകളുമാണ് കെ വി തോമസിനെതിരെ സോഷ്യൽമീഡിയയിൽ ഉയർന്നിരിക്കുന്നത്.

ആപത്ക്കരമായ മോദിയുടെ ഹിന്ദുത്വ നടപടികൾക്ക് പ്രത്യക്ഷ പിന്തുണയാണ് കെ വി തോമസിന്റെ "കംഫർട്ടബിൾ"പരാമർശമെന്നാണ് വിലയിരുത്തൽ. ഇതാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ അണികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഭരണനിർവഹണത്തിൽ വിദഗ്ധനാണ് മോദി എന്നും കെ വി തോമസ് കൊച്ചിയിൽ പുകഴ്ത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന കാലയളവിൽ, തോമസ് ഇത്തരം പുകഴ്ത്തൽ പരസ്യമായി നടത്തിയതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ട് എന്നാണു പ്രധാന വിമർശനം.

"പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബൊക്കെ നൽകി കെ വി തോമസ് സ്വീകരിക്കുന്നത് സ്വന്തം ഹൃദയത്തിലേക്ക് തന്നെയാണ്. അവസരവാദപരമായ തീരുമാനങ്ങളിലൂടെ, എൽഡിഎഫ് വിട്ടു എൻഡിഎയിൽ ചേർന്ന് കേന്ദ്രമന്ത്രി സ്ഥാനം സ്വന്തമാക്കിയ കണ്ണന്താനവും കെ വി തോമസും തമ്മിൽ വ്യത്യാസമില്ലെ"ന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൊച്ചിയിലെ ഒരു കോൺഗ്രസ്സ് പ്രവർത്തകൻ പറഞ്ഞത്. "ദയവു ചെയ്തു ഇനി നിങ്ങൾ കോൺ​ഗ്രസ് എന്നു പറയരുത്. പക്കുവട എങ്ങനെ ഉണ്ടാക്കാം എന്നു പഠിച്ചു ബിജെപിയിൽ നിൽക്കുക. നാളെ മറ്റൊരു പത്ര സമ്മേളനം നടത്തി ഞാൻ പറഞ്ഞത് അങ്ങിനെയല്ല പത്രാധിപന് തെറ്റുപറ്റി എന്നൊന്നും പറയണ്ട. നിങ്ങൾ നിങ്ങളുടെ ഇഷ്ടം പറഞ്ഞു. നമുക്കും നിങ്ങളെ പോലെയുള്ളവർ കൊൺ​ഗ്രസ്സിൽ നിന്നു മാറിനിൽക്കുന്നതാണ് ഇഷ്ടം" എന്നാണ് മറ്റൊരു കോൺ​ഗ്രസ് പ്രവർത്തകൻ കെ വി തോമസിന്റെ ഫേസ്ബുക്ക് വാളിലിട്ട പോസ്റ്റ്.

കോൺഗ്രസിന്റെ നേതാക്കളേക്കാൾ മോദിയോട് കെ വി തോമസ് "കംഫർട്ടബിൾ"ആയതിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും രോഷത്തിലാണ്. അതേസമയം, കെ വി തോമസിന്റെ മോദിഭക്ത പ്രസ്താവനയിൽ പാർട്ടി പ്രതിരോധത്തിലായതോടെ കെപിസിസിയും ഹൈക്കമാൻഡും വിശദീകരണം തേടും.

Read More >>