'കലാപമുണ്ടാകും'; കേരളീയരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍

നടുറോഡില്‍ പശുക്കളെ കൊല്ലുന്നതും ബീഫ് മേളകള്‍ നടത്തുന്നതും ആളുകളെ പ്രകോപിപ്പിക്കലാണ്. ഇത് സാമൂഹികാന്തരീക്ഷം കലുഷിതമാക്കും. അങ്ങനെയുണ്ടാകുന്ന കലാപങ്ങള്‍ക്ക് ബിജെപി ഉത്തരവാദികളായിരിക്കില്ലെന്നും നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കശാപ്പുശാലകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധിക്കുന്നത് കേരളത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തെറ്റായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അതിരുകടന്നതാണ്. വലിയ പ്രകോപനമാകും ഇത് കേരളത്തിലുണ്ടാക്കുക. നടുറോഡില്‍ പശുക്കളെ കൊന്ന്, ബീഫ് മേളകള്‍ നടത്തി ആളുകളെ പ്രകോപിപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാകും. അതിലൊരു സംശയവുമില്ല- കെ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെയുണ്ടാകുന്ന കലാപങ്ങള്‍ക്ക് ബിജെപി ഉത്തരവാദികളായിരിക്കില്ലെന്നും എല്‍ഡിഎഫിനും യുഡിഎഫിനുമാണ് അതിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ മുന്നറിയിപ്പ്.

നിയമവിധേയമായ ഉത്തരവാണ് കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്. നേരത്തെ നിലവിലുള്ള നിയമങ്ങള്‍ തന്നെയാണ് പുതിയ ഉത്തരവിലുമുള്ളത്. ഇതിനെ സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമായി വിശേഷിപ്പിക്കുന്നത് ശരിയല്ല. നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. നാലുമാസം മുമ്പുതന്നെ ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ മനപ്പൂര്‍വം മിണ്ടാതിരുന്നു. ഇത് രാഷ്ട്രീയലാഭത്തിന് വേണ്ടിയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയെ വിമര്‍ശിക്കുന്ന എകെ ആന്റണി ഇരട്ടത്താപ്പാണ് കാട്ടുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്താണ് ഇന്ത്യയില്‍ 21 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കിയത്. ബിജെപി അധികാരത്തിലേറിയ ശേഷം മഹാരാഷ്ട്രയില്‍ മാത്രമാണ് ഗോവധ നിരോധനം നടപ്പായത്. അന്ന് മിണ്ടാതിരുന്ന എ കെ ആന്റണി ഇപ്പോള്‍ മിണ്ടുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമൊന്നുകൊണ്ടു മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അനധികൃതമായ നിരവധി അറവുശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗമുള്ള കന്നുകാലികളെ ഒരു നിയന്ത്രണവുമില്ലാതെ ഇവിടങ്ങളില്‍ കൊല്ലുന്നു. ഇത് സമൂഹത്തിന് ദോഷമാണ്. സിപിഐഎം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അറവുശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയല്ലോ? സിപിഐഎം അവിടെ ബീഫ് ഫെസ്റ്റ് നടത്താത്തതെന്തേ - സുരേന്ദ്രന്‍ ചോദിച്ചു. വൃത്തിയുള്ള ഇടങ്ങളില്‍ വേണം കന്നുകാലികളെ കൊല്ലാന്‍. അല്ലാതെ നടുറോഡിലല്ല. ഇസ്ലാമിക രാജ്യങ്ങളിലെ അറവുശാലകള്‍ പോലെ ഇവിടെയും വൃത്തിയുള്ള സംസ്‌കരണശാലകള്‍ വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More >>