മലയാളികളുടെ ജീവൻ അപകടത്തിൽ; കഴുത്തറുത്ത പശുക്കളുടെ വ്യാജ ഫോട്ടോയുമായി കെ സുരേന്ദ്രന്‍: പാക്കിസ്ഥാനിലെ ചിത്രം കേരളത്തിലേതാക്കി

കന്നുകാലി ഇറച്ചി വിറ്റാല്‍ കലാപം ഉണ്ടാകുമെന്ന ഭീഷണി മുഴക്കിയ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കേരളീയരെ ദേശമെമ്പാടും അപകടപ്പെടുത്തുന്ന നിലയ്ക്കുള്ള വ്യാജഫോട്ടോ പ്രചാരണം നടത്തുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ചിത്രമാണ് കേരളത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്.

മലയാളികളുടെ ജീവൻ അപകടത്തിൽ; കഴുത്തറുത്ത പശുക്കളുടെ വ്യാജ ഫോട്ടോയുമായി കെ സുരേന്ദ്രന്‍: പാക്കിസ്ഥാനിലെ ചിത്രം കേരളത്തിലേതാക്കി

കേരളത്തെ അപമാനിച്ചുകൊണ്ടു ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പ്രചാരണം. കേരളത്തിൽ നടക്കുന്ന ബീഫ് മേളകൾക്കെതിരായി കെ സുരേന്ദ്രൻ എഴുതിയ ഫേസ്ബുക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിൽ കഴുത്തറുക്കപ്പെട്ട പശുക്കളുടെ ചിത്രം. സംസ്ഥാനത്ത് നടന്നുവരുന്ന ബീഫ് മേളകൾ തടയാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് തെറ്റിധാരണ പടർത്തുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2015 ജൂലൈ 21നു ഇന്ത്യ ടൈംസ് വെബ്‌സൈറ്റ് പാക്കിസ്ഥാനെക്കുറിച്ച് വിശദീകരിക്കുന്ന ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രമാണിത്. പാക്കിസ്ഥാനിലെ പശു കശാപ്പ് എന്ന അടിക്കുറിപ്പോടെയാണ്‌ വെബ്‌സൈറ്റ് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.


നേരത്തെ, മുസഫർ നഗർ കലാപത്തിനു കാരണമായത് ഇത്തരത്തിൽ സംഘപരിവാർ പ്രചരിപ്പിച്ച പാക്കിസ്ഥാനിൽ നിന്നുള്ള വ്യാജ വീഡിയോ ആയിരുന്നു. ഇക്കാര്യം അന്വേഷണ ഏജൻസികൾ പിന്നീട് കണ്ടെത്തിയിരുന്നു. ജാട്ട് വിഭാഗക്കാരെ മുസ്ലിംകൾ ആക്രമിക്കുന്ന എന്ന പേരിലായിരുന്നു ഈ വിഡീയോ സംഘപരിവാർ നേതാക്കൾ പ്രചരിപ്പിച്ചത്. 2013 ആഗസ്റ്റിൽ നടന്ന കലാപത്തിൽ നൂറോളം മുസ്ലിങ്ങൾ കൊല്ലപ്പെടുകയും 50,000ത്തോളം പേർ അഭയാർത്ഥികളാവുകയും ചെയ്തിരുന്നു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടിനെ കശാപ്പ് ചെയ്ത സംഭവത്തിൽ പശുവിനെ കശാപ്പു ചെയ്തെന്നു ഉത്തരേന്ത്യൻ സംഘപരിവാർ നേതാക്കൾ പ്രചരിപ്പിക്കുന്നതിനിടെയാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണവുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്.

സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുകയാണെന്നും ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരും ഇത്തരം ഭീഭൽസമായ സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നുണ്ട്.

കേരളത്തിലേതെന്ന നിലയിൽ ഈ ചിത്രം ദേശവ്യാപകമായി പ്രചരിക്കുന്നതിലൂടെ അപകടകാരികളായ പശു സംരക്ഷകരുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളുടെ ജീവൻ അപകടത്തിലാവും. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അറവു സമരത്തെ കോൺഗ്രസ് ദേശീയ നേതൃത്വം പോലും തള്ളിപ്പറഞ്ഞിരുന്നു. കേരളീയ സമൂഹത്തിൽ നിന്നും ഇതിനു യാതൊരു വിധ പിന്തുണയും ലഭിച്ചിരുന്നില്ല.

കേരളീയരെല്ലാം പശുക്കളെ അപമാനിക്കുകയും വ്യാപകമായി കൊല്ലുകയും ചെയ്യുന്ന ആളുകളാണെന്ന തരത്തിൽ മലയാളിയായ ഒരു നേതാവ് നടത്തുന്ന പ്രചാരണം അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കും. ഉത്തരേന്ത്യയിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങി എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി മലയാളികുടുംബങ്ങൾ കുടിയേറി താമസിക്കുന്നുമുണ്ട്.

നേരത്തെ കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സന്ദർഭത്തിൽ ബിജെപി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ ട്വീറ്റ് ചെയ്ത വീഡിയോ വിവാദമാവുകയും വ്യാജപ്രചാരണത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐഎം പ്രവർത്തകർ പ്രകടനം നടത്തുന്നു എന്ന രീതിയിലായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.