പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്; കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള കര്‍ശന ഉപാധിയോടെയാണ് ജാമ്യം

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്; കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 20 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന സുരേന്ദ്രന് ഈ കേസില്‍ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയും.

കഴിഞ്ഞ തവണത്തെ ജാമ്യവ്യവസ്ഥയിൽ റാന്നി താലൂക്കിൽ പ്രവേശിക്കരുത് എന്നായിരുന്നതിന് പുരോഗമനം ഉണ്ട്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനം തിട്ട ജില്ലയിൽ തന്നെ പ്രവേശിക്കരുത് എന്നാണ് പുതിയ വ്യവസ്ഥ.

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നതടക്കമുള്ള ഉപാധികൾ വേറെയുമുണ്ട്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും സുരേന്ദ്രന്‍ നല്‍കണം. ഇതിന് പുറമേ പാസ്‌പോര്‍ട്ടും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം 17നാണ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ട സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്തധികാരമാണുള്ളതെന്ന് കോടതി ഇന്നലെ വാദത്തിനിടെ വിമർശിച്ചിരുന്നു.