സെൻകുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്കു വനിതാ ജീവനക്കാരിയുടെ പരാതി; അന്യായമായി സ്ഥലം മാറ്റിയെന്ന് ആരോപണം

പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്നും തന്നെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റിയെന്നാണ് പരാതി. അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നു അപ്രധാനമായ യു ബ്രാഞ്ചിലേക്കു തന്നെ സ്ഥലം മാറ്റിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരാതിയിൽ പറയുന്നു.

സെൻകുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്കു വനിതാ ജീവനക്കാരിയുടെ പരാതി; അന്യായമായി സ്ഥലം മാറ്റിയെന്ന് ആരോപണം

സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി ടി പി സെൻകുമാറിനെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി. ജൂനിയർ സൂപ്രണ്ട് ആയ കുമാരി ബീനയാണ് ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസിനു പരാതി നൽകിയിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്നും തന്നെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റിയെന്നാണ് പരാതി. അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നു അപ്രധാനമായ യു ബ്രാഞ്ചിലേക്കു തന്നെ സ്ഥലം മാറ്റിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞദിവസമാണ് ബീനയെ ടി ബ്രാഞ്ചില്‍ നിന്നും യു ബ്രാഞ്ചിലേക്ക് മാറ്റിയത്. പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി എസ് സജീവിനെ നിയമിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിക്കുകയായിരുന്നു. ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു ബീനയുടെ സ്ഥലംമാറ്റം. ഇതൂകൂടാതെ, മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ചില വിവാദ ഉത്തരവുകൾ സെൻകുമാർ റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാൽ, ജിഷ, പുറ്റിങ്ങൽ കേസുകളുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി നൽകുന്നതിൽ വീഴ്ച വരുത്തതിയതിനാലാണ് ബീനയെ സ്ഥലം മാറ്റിയതെന്ന് ഡിജിപി ഓഫീസ് ജീവനക്കാർ പറയുന്നു. അതേസമയം, പൊലീസ് ആസ്ഥാനത്തുനിന്ന് രഹസ്യങ്ങൾ ചോർത്തിയതിനു എട്ടുമാസം മുമ്പ് പേരൂർക്കട എസ്എപി ക്യാംപിലേക്ക് സ്ഥലം മാറ്റപ്പെട്ട ആളാണ് കുമാരി ബീനയ്ക്കു പകരം നിയമിതനായ സുരേഷ് കൃഷ്ണയെന്ന് ആരോപണമുണ്ട്. ‌ചട്ടവിരുദ്ധമാണ് സുരേഷിന്റെ നിയമനമെന്നും ആരോപണമുയർന്നിട്ടുണ്ട്.