ശ്രീജിത്തിനെ പുറത്താക്കിയിട്ടില്ലെന്ന് സിപിഐഎം; പുറത്താക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിശദീകരണം

സര്‍ക്കാര്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐഎം പുറത്താക്കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ശ്രീജിത്ത് ഇപ്പോള്‍ പാര്‍ട്ടിയംഗം തന്നെയാണെന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പാര്‍ട്ടി വിശദീകരിച്ചു. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബ്രാഞ്ച്, ഏരിയാ സെക്രട്ടറിമാര്‍ നാരദ ന്യൂസിനോട് വ്യക്തമാക്കി.

ശ്രീജിത്തിനെ പുറത്താക്കിയിട്ടില്ലെന്ന് സിപിഐഎം; പുറത്താക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിശദീകരണം

ജിഷ്ണു കേസില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ സമരത്തിനു പോയെന്നും പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കു മുന്നില്‍ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഐഎം. ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണെന്നും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും വണ്ണാര്‍കണ്ടി ബ്രാഞ്ച് സെക്രട്ടറി കണ്ണോത്ത് ശ്രീജിത്ത് നാരദ ന്യൂസിനോട് പറഞ്ഞു.

മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കത്ത് നല്‍കുമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ കെ ശ്രീജിത്ത് പറഞ്ഞു. വിശദീകരണം ആവശ്യപ്പെടാതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തെറ്റ് താന്‍ ചെയ്തിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും ശ്രീജിത്ത് വിശദീകരിച്ചു.

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. 13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റി ആണിത്. ഇന്നലെ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ചിലര്‍ ശ്രീജിത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയാണ് നടപടി. അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ല. ശ്രീജിത്തിന്റെ പിതാവ് പാര്‍ട്ടിക്കു വേണ്ടി നിരവധി ത്യാഗം സഹിച്ചയാളാണ്.

-കണ്ണോത്ത് ശ്രീജിത്ത്, ബ്രാഞ്ച് സെക്രട്ടറി

ശ്രീജിത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റിയും വ്യക്തമാക്കി. ശ്രീജിത്തിന്റെ നടപടിയെ സംബന്ധിച്ച് വിവിധ ഘടകങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ടെന്നും എന്നാല്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നും ഏരിയാ കമ്മിറ്റി സെക്രട്ടറി പി പി ചാത്തു പറഞ്ഞു. പാര്‍ട്ടി സ്ക്രൂട്ട്നിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം അത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വ്യക്തമാക്കി. ശ്രീജിത്തിനു പറയാനുള്ളത് പാര്‍ട്ടി ഘടകം കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് മേല്‍ഘടകത്തിലേക്കു നല്‍കിയ അംഗങ്ങളുടെ പട്ടികയില്‍ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നെന്നും പാര്‍ട്ടി വിശദീകരിക്കുന്നുണ്ട്.

Read More >>