പിണറായി ഫോണില്‍ സംസാരിച്ചു; ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു

മൂന്നാംപ്രതി ശക്തിവേല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.

പിണറായി ഫോണില്‍ സംസാരിച്ചു; ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു

ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചുദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണു കേസിലെ മൂന്നാംപ്രതി ശക്തിവേല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. അറസ്റ്റിന് പിന്നാലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു ജിഷ്ണുവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

മഹിജയെ ഇനി കാണില്ലെന്ന് നേരത്തെ തന്നെ പറഞ്ഞ മുഖ്യമന്ത്രി അവരുമായി ഫോണില്‍ സംസാരിച്ച് കേസിലെ എല്ലാ പ്രതികളെയും പിടികൂടുമെന്ന് ഉറപ്പുനല്‍കി. പോലീസുകാരുടെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും അദ്ദേഹം മഹിജയോട് പറഞ്ഞു. നീതി ആവശ്യപ്പെട്ട് ഡിജി പി ഓഫീസിന് മുന്നിലെത്തിയ മഹിജയെയും കുടുംബാംഗങ്ങളെയും റോഡില്‍ വച്ച് പൊലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലായ മഹിജയും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും മെഡിക്കല്‍ കോളജില്‍ നിരാഹാരം ആരംഭിക്കുകയായിരുന്നു. നിരാഹാര സമരം നാല് ദിവസം പിന്നിടുമ്പോഴാണ് സമരം പിന്‍വലിക്കാന്‍ സാഹചര്യമൊരുങ്ങിയത്.

മഹിജയുടെ മകള്‍ അവിഷ്ണ കോഴിക്കോട് വളയത്തെ വീട്ടില്‍ നടത്തുന്ന നിരാഹാര സമരം തിരുവനന്തപുരത്ത് നിന്നും സമരം പിന്‍വലിച്ചതായി ഔദ്യോഗിക പ്രഖ്യാപനംവന്നശേഷം മാത്രമേ പിന്‍വലിക്കൂ. ജിഷ്ണു മരിച്ച് 90 ദിവസം പിന്നിടുമ്പോഴാണ് നീതി തേടി അമ്മയുടെ കുടുംബാംഗങ്ങളും ഡി ജി പി ഓഫസിലെത്തുന്നത്. അന്നാണ് അനിഷ്ടസംഭവങ്ങള്‍ രൂപപ്പെട്ടത്. ഇവര്‍ക്കു നേരെ പൊലീസ് അതിക്രമം നടന്നു. പക്ഷേ, മുഖ്യമന്ത്രി ആദ്യം തന്നെ പൊലീസിനെ ന്യായീകരിച്ചു. പിന്നീട് ഐ ജി അന്വേഷണം നടത്തിയ ശേഷം പൊലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോര്‍ട്ടും നല്‍കി.തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നില്‍ പൊലീസ് അതിക്രമം നടന്നതിന് തൊട്ടുപിന്നാലെ ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാന്‍ ക്രൈം ബ്രാഞ്ച് ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഇന്ന് കേസിലെ മൂന്നാം പ്രതിയും നെഹ്‌റു കോളജിലെ വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിനെ കോയമ്പത്തൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ പ്രവീണിനെ നാഗര്‍കോവിലില്‍ നിന്നും അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.ഇന്ന് രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മഹിജയെ ആശുപത്രിയിലെത്തി കാണുകയും പിന്നീട് പൊലീസ് നടപടി അനാവശ്യമാണെന്ന് പ്രസ്താവന നടത്തുകയും ഐജിയുടെ റിപ്പോര്‍ട്ട് തള്ളുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇത്തരം ഇടപെടലുകളെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചത്.