ജിഷ വധക്കേസില്‍ ഗുരുതര വീഴ്ചയെന്നു വിജിലന്‍സ്: അന്വേഷണം തുടക്കംമുതല്‍ പാളി; റിപ്പോര്‍ട്ട് ഡിജിപി തള്ളി

കേസന്വേഷണത്തില്‍ സര്‍ക്കാരിനു തിരിച്ചടിയാകുന്ന വിധത്തിലുള്ളതാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഇത് പ്രതിക്കു സഹായകമാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ കുറ്റപത്രവുമായി മുന്നോട്ടുപോയാല്‍ കോടതിയില്‍ തിരിച്ചടി നേരിടും. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. ടി പി സെന്‍കുമാര്‍ ഡിജിപിയായിരുന്ന സമയത്തും തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റ ശേഷവും കേസന്വേഷണത്തില്‍ വന്‍ വീഴ്ചയാണ് ഉണ്ടായത്.

ജിഷ വധക്കേസില്‍ ഗുരുതര വീഴ്ചയെന്നു വിജിലന്‍സ്: അന്വേഷണം തുടക്കംമുതല്‍ പാളി; റിപ്പോര്‍ട്ട് ഡിജിപി തള്ളി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി തള്ളി. കേസന്വേഷണത്തില്‍ ആദ്യം മുതല്‍ തന്നെ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം പാളിയെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി തള്ളിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയതിനെ കുറിച്ചു പ്രതികരിക്കാന്‍ ഡിജിപി തയ്യാറായില്ല.

അന്വേഷണം സംബന്ധിച്ച പാളിച്ചകള്‍ വിശദമായി പ്രതിപാദിക്കുന്ന 16 പേജ് വരുന്ന റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് വിജിലന്‍സ് കൈമാറിയത്. ഇത് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുകയായിരുന്നു. കേസന്വേഷണത്തില്‍ സര്‍ക്കാരിനു തിരിച്ചടിയാകുന്ന വിധത്തിലുള്ളതാണ് റിപ്പോര്‍ട്ട്. നിലവില്‍ കോടതിയില്‍ വിചാരണ നടക്കുന്ന കേസാണിത്.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഇത് പ്രതിക്കു സഹായകമാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ കുറ്റപത്രവുമായി മുന്നോട്ടുപോയാല്‍ കോടതിയില്‍ തിരിച്ചടി നേരിടും. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. ടി പി സെന്‍കുമാര്‍ ഡിജിപിയായിരുന്ന സമയത്തും തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റ ശേഷവും കേസന്വേഷണത്തില്‍ വന്‍ വീഴ്ചയാണ് ഉണ്ടായത്.

ജനുവരി 16 നാണ് അതീവ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്. റിപ്പോര്‍ട്ട് ലഭിച്ച ആഭ്യന്തര സെക്രട്ടറി അതു മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുകയായിരുന്നു. ജിഷ വധക്കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ നേരത്തെ വിജിലന്‍സിനു പരാതി ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ സംസ്ഥാന പൊലീസ് എതിര്‍ക്കുകയും ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളുകയുമായിരുന്നു.

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം മാത്രമാണോ പ്രതിയെന്ന സംശയമാണ് വിജിലന്‍സ് ഉന്നയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് മുന്നോട്ടുവയ്ക്കുന്നു. വിവിധ കേസുകളില്‍ ആഭ്യന്തര വകുപ്പിനും പൊലീസിനും നിരന്തരം വീഴ്ചകള്‍ ഉണ്ടായെന്നു സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജിഷ വധക്കേസിലും പൊലീസിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.