പാലക്കാടിന്റെ ദാഹം മാറും; കുപ്പിവെള്ള മാഫിയകളുടേയും വെള്ളമൂറ്റു കമ്പനികളുടേയും 'കുടി' മുട്ടിച്ചാല്‍

കുടിക്കാന്‍ വെള്ളമില്ലാത്ത നാട്ടില്‍ നിന്ന് നിത്യേന കോടിക്കണക്കിനു ലിറ്റര്‍ കുപ്പിവെള്ളമാണ് പുറത്തേക്കു പോകുന്നത്. പാലക്കാടിനു പുറത്തേക്കു പോകുന്ന കുപ്പിവെള്ളം അത്രയും പിടിച്ചെടുത്ത് ഈ നാട്ടുകാർക്കു തന്നെ കൊടുത്താല്‍ അവരുടെ ദാഹം ശമിപ്പിച്ച ശേഷം ബാക്കിയുള്ള വെള്ളം കൊണ്ട് ഒരു പക്ഷെ മുടങ്ങിയ രണ്ടാംവിള തന്നെ ഇറക്കാന്‍ കഴിഞ്ഞെന്നിരിക്കും.

പാലക്കാടിന്റെ ദാഹം മാറും; കുപ്പിവെള്ള മാഫിയകളുടേയും വെള്ളമൂറ്റു കമ്പനികളുടേയും കുടി മുട്ടിച്ചാല്‍

തമിഴ്‌നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്ന ചില രംഗങ്ങള്‍ ഉണ്ട്. റോഡരികില്‍ കുടങ്ങളുമായി ടാങ്കര്‍ ലോറികളില്‍ വരുന്ന വെളളത്തിനായി കാത്തിരിക്കുന്ന സ്തീകള്‍, വല്ലപ്പോഴും വെള്ളം വരുന്ന പൊതുടാപ്പിനു മുന്നില്‍ നിരത്തിവച്ചിരിക്കുന്ന നൂറു കണക്കിനു കുടങ്ങള്‍, വെള്ളത്തിനായി അടികൂടുന്ന സ്ത്രീകള്‍. ഇങ്ങനെ കുറെ കാഴ്ച്ചകള്‍ കണ്ടാല്‍ അത് തമിഴ്‌നാടാണെന്ന് ഉറപ്പിച്ചിരുന്നവരാണ് മലയാളികള്‍.

തമിഴ്‌നാട്ടിലെ ഈ നഗരാന്തരീക്ഷം സൃഷ്ടിക്കാന്‍ സിനിമകളില്‍ കൂടി ഇതു പോലെയുള്ള രംഗങ്ങള്‍ സെറ്റിട്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ച് ചിത്രീകരിച്ച സംവിധായകര്‍ വരെയുണ്ട്. എന്നാല്‍ ഇന്നത്തെ പാലക്കാടന്‍ ഗ്രാമങ്ങളില്‍ വരെ ഇത്തരം രംഗങ്ങള്‍ ഒരു സെറ്റും അഭിനേതാക്കളുമില്ലാതെ പകര്‍ത്താം.

ഇന്നത്തെ പാലക്കാടൻ വേനൽക്കാഴ്ചകൾ

തമിഴ്‌നാട്ടില്‍ ഒരു പക്ഷെ കാണാന്‍ കഴിയാത്ത മറ്റു ചില രംഗങ്ങള്‍ കൂടി ഇവിടെ നിന്നും കിട്ടിയെന്നും വരാം. ടാങ്കര്‍ ലോറിയിലെ വെളളം വില കൊടുത്ത് വാങ്ങുന്നവര്‍, പുഴകളിലോ വറ്റിയ കുളങ്ങളിലോ കുഴികളുണ്ടാക്കി അഴുക്കു വെള്ളം കുടത്തിലേറ്റി കിലോമീറ്ററുകള്‍ താണ്ടുന്നവർ, ഒരു കുടം വെള്ളത്തിന് പത്തു രൂപ മുതല്‍ ആയിരം ലിറ്ററിന് ആയിരം രൂപ വരെ വില കൊടുത്തു വാങ്ങേണ്ടി വരുന്നവര്‍, കിണറുകളില്‍ നിന്ന് വെള്ളം മോഷ്ടിക്കുന്നവര്‍, കുടിവെള്ളം കിട്ടാത്തതിന് കുടങ്ങളുമായി പഞ്ചായത്തു ഓഫീസിലും മറ്റും എത്തി സെക്രട്ടറിയേയും പ്രസിഡന്റിനേയും മറ്റും ഘൊരാവൊ ചെയ്യുന്ന നാട്ടുകാര്‍ ഇതൊക്കെയാണ് വര്‍ഷങ്ങളായി കണ്ടു പഴകിക്കൊണ്ടിരിക്കുന്ന പാലക്കാടന്‍ കാഴ്ച്ചകള്‍. ഇപ്പോള്‍ ഇത് പാലക്കാട് മാത്രമല്ല, കേരളം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.


കേരളത്തിന്റെ നെല്ലറയായിരുന്ന പാലക്കാട് ഇന്നിപ്പോള്‍ സംസ്ഥാനത്തെ തന്നെ വരള്‍ച്ചയുടേയും കുടിവെള്ള ക്ഷാമത്തിന്റേയും മറ്റൊരു വാക്കായി മാറിക്കഴിഞ്ഞു. കത്തുന്ന 40 സെന്റിഗ്രേഡ് ചൂടും കരിഞ്ഞുണങ്ങിയ വയലുകളും കുടിവെള്ളത്തിനായി പരക്കം പായുന്ന ഒരു ജനതയുമാണ് പാലക്കാടിന്റെ വേനല്‍ കാഴ്ച്ചകള്‍. എന്നാല്‍ ഈ വരള്‍ച്ചയുടെ നാട്ടില്‍ നിന്നാണ് ഇപ്പോഴും കേരളത്തിലേയും തമിഴ്‌നാട്ടിലേയും പല സ്ഥലങ്ങളിലേക്കും ദാഹം അകറ്റാനുള്ള കുപ്പിവെള്ളം എത്തുന്നതെന്നാണ് വാസ്തവം.


കുടിക്കാൻ വെള്ളമില്ലാത്ത നാട്ടിൽ നിന്നും കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ

കുടിക്കാന്‍ വെള്ളമില്ലാത്ത നാട്ടില്‍ നിന്ന് നിത്യേന കോടികണക്കിന് ലിറ്റര്‍ കുപ്പിവെള്ളമാണ് പുറത്തേക്കു പോകുന്നത്. ശീതള പാനീയങ്ങളായും മദ്യമായും പാലക്കാടു നിന്ന് വെള്ളം പോകുന്നു. പാലക്കാടിനു പുറത്തേക്കു പോകുന്ന കുപ്പിവെള്ളമത്രയും പിടിച്ചെടുത്ത് പാലക്കാട്ടുകാര്‍ക്കു തന്നെ കൊടുത്താല്‍ അവരുടെ ദാഹം ശമിപ്പിച്ച ശേഷം ബാക്കിയുള്ള വെള്ളം കൊണ്ട് ഒരു പക്ഷെ മുടങ്ങിയ രണ്ടാംവിള തന്നെ ഇറക്കാന്‍ കഴിഞ്ഞെന്നിരിക്കും.

നേരത്തെ, കുപ്പിയില്‍ അടച്ച കുടിവെള്ളം വരുന്നുവെന്നു കേട്ടപ്പോള്‍ ഞെട്ടുകയും പണം കൊടുത്ത് ഇതാരു വാങ്ങുമെന്നും ചിന്തിച്ച് അതിലെ വിഡ്ഡിത്തം ഓര്‍ത്തു ചിരിച്ചവരാണ് മലയാളികള്‍. എന്നാല്‍ വഴിയരികില്‍ നിന്നു കിട്ടുന്ന കുപ്പിവെള്ളം വാങ്ങിക്കുടിക്കുകയും കുപ്പി വഴിയില്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന മലയാളിക്ക് കുപ്പിവെള്ളം ഇല്ലാത്ത കാലത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഹോട്ടലില്‍ നല്ല തിളപ്പിച്ചാറിയ ചുക്ക് വെള്ളം സൗജന്യമായി കിട്ടിയാലും കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നത് അന്തസിന്റെ ഭാഗമായി കരുതുന്നവതും പുതിയ സംസ്‌കാരത്തിന്റെ ഭാഗമാണ്.


പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദോഷ്ടാവ് ഡോ. പി കെ അയ്യപ്പന്‍ കേരളത്തിലെ കുപ്പിവെള്ള വില്‍പ്പനയെ സാങ്കേതിക വിദ്യയുടെ ദുര്‍വിനിയോഗം എന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പെ വിശേഷിപ്പിച്ചത്. കേരളം പോലൊരു സംസ്ഥാനത്തെ കുപ്പിവെള്ള സംസ്‌കാരം വലിയ ദുരന്തത്തിലേക്കു കൊണ്ടെത്തിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പെ അദ്ദേഹം ചൂണ്ടികാട്ടി. കുടിവെള്ളം കുപ്പിവെള്ളമായി വില്‍പ്പന ചരക്കായപ്പോള്‍ സംഭവിച്ചതും മറ്റൊന്നല്ല. ഈ കണക്കുകള്‍ അത് തെളിയിക്കും.

ഇനി ചില കണക്കുകൾ പറയാം

കേരളത്തിലെ തന്നെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ മലമ്പുഴയില്‍ നിന്ന് പാലക്കാട് മുനിസിപ്പാലിറ്റിക്കും അഞ്ച് പഞ്ചായത്തുകള്‍ക്കുമായി ഒരു ദിവസം വേണ്ടത് 420 ലക്ഷം ലിറ്റര്‍ വെള്ളമാണ്. ഒറ്റപ്പാലം നഗരസഭയില്‍ ഇത് 120 ലക്ഷം ലിറ്ററും ഷൊര്‍ണൂരില്‍ 100 ലക്ഷം ലിറ്ററുമാണ്. പാലക്കാട് കഴിഞ്ഞാല്‍ മറ്റു നഗരസഭകളിലെല്ലാം ശരാശരി 150 ലക്ഷം ലിറ്ററില്‍ താഴെയാണ് കുടിവെള്ളം ആവശ്യമായുള്ളത്.

ഈ കണക്കു നോക്കിയാല്‍ 12 കോടി ലിറ്റര്‍ വെള്ളമാണ് ജില്ലയിലെ ഏഴു നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും മാത്രം ആവശ്യമായുള്ളത്. എന്നാല്‍ ജില്ലയിലെ കണക്കില്‍ വരുന്ന 16 കുപ്പിവെള്ള കമ്പനികളും, കുഴല്‍ കിണറുകളില്‍ നിന്നു വെള്ളം ശേഖരിച്ച് ജില്ലക്കുള്ളില്‍ വിൽപ്പന നടത്തുന്നവരും, തമിഴ്‌നാട്ടിലെ ഹോട്ടലുകളിലേക്കു മാത്രം എത്തിച്ചുകൊടുക്കുന്നവരെല്ലാം കൂടി 15 കോടിയിലേറെ ലിറ്റര്‍ വെള്ളമാണ് ഊറ്റി കടത്തുന്നത്.


അതായത് പാലക്കാടിന് ഒരു ദിവസം വേണ്ടതിലും മൂന്നു കോടിയിലധികം ലിറ്റര്‍ വെള്ളം കുപ്പിവെള്ളമായും മദ്യമായും ശീതള പാനീയങ്ങളായും പോകുന്നു. ഓരോ സ്ഥലങ്ങളിലും അതാത് ജനപ്രതിനികളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഈ വെള്ള കച്ചവടത്തിനു കൂട്ടുനില്‍ക്കുന്നതിനാല്‍ ചില പരിസ്ഥിതി പ്രവര്‍ത്തകരോ മറ്റോ അല്ലാതെ മറ്റാരും ഇതിനെതിരെ രംഗത്തുവന്നിട്ടില്ല. മഴയില്ല, കിണറുകള്‍ വറ്റി, കുഴല്‍ കിണറുകളിലും വെള്ളമില്ല, പാലക്കാട്ടു കടുത്ത വരള്‍ച്ച എന്നതൊക്കെ സത്യമാണെങ്കിലും വെള്ളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഊറ്റുന്ന വെള്ളം പിടിച്ചെടുത്ത് വിതരണം ചെയ്യാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടം ഉണ്ടെങ്കില്‍ പാലക്കാടിന്റെ ദാഹം മാറും.

പെപ്സി ഉൾപ്പെടെയുള്ള വമ്പൻസ്രാവുകളെ തൊടാൻ സർക്കാരിനും ഭയം

മദ്യ കമ്പനികളും പെപ്‌സിയും ഉള്‍പ്പടെ 16 കുപ്പിവെള്ള കമ്പനികളാണ് ജില്ലയില്‍ ഉള്ളത്. മദ്യ കമ്പനികളും ശീതള പാനീയ കമ്പനിയുമെല്ലാം കുപ്പിവെള്ളം കൂടി ഉല്‍പ്പാദിപ്പിച്ചു വില്‍ക്കുന്നുണ്ട്. പെപ്‌സിക്ക് ആറുലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം അടുത്തിടെ ഒന്നരലക്ഷം ലിറ്ററാക്കി കുറച്ചെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആറര ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്ന സമയത്തും 15 ലക്ഷത്തിലേറെ വെള്ളം പെപ്‌സി എടുത്തിരുന്നുവെന്നും ഇപ്പോഴും എടുക്കുന്നുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. സമാന്തര ഭരണകൂടം പോലെ കഞ്ചിക്കോട്ടു പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനിക്കുള്ളിൽ എംഎല്‍എമാര്‍ ഉള്‍പ്പടെ ജനപ്രതിനിധികളെ ആരേയും കടത്തിവിടാറില്ല. പെപ്‌സിക്കകത്ത് എന്തു നടക്കുന്നുവെന്ന് ജില്ലാ ഭരണകൂടത്തിനു പോലും ഒന്നും അറിയില്ലെന്നതാണ് വാസ്തവം.

പെപ്സിയില്‍ ഇപ്പോള്‍ ഉല്‍പ്പാദനം നടക്കുന്നില്ലെന്ന് പറയുമ്പോഴും ലോഡുകള്‍ പുറത്തേക്കു പോകുകയും വെള്ളം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഉല്‍പ്പാദനം നടക്കുന്നില്ലെന്നു പറയുന്ന പെപ്‌സി, വെള്ളം എടുക്കുന്നതിനെ പറ്റി ഭൂഗര്‍ഭജല വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത് ഭാവിയിലേക്കു കരുതി വെക്കുകയാണെന്നാണ്. വരുന്ന മഴക്കാലത്തിനു വേണ്ടി വേനലില്‍ എന്തിനാണ് വെള്ളം കരുതി വയ്ക്കുന്നതെന്ന് പെപ്‌സിക്കും ഈ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ അറിയൂ. നിത്യേന 15 ലക്ഷം ലിറ്റര്‍ വെള്ളം ഊറ്റുന്ന പെപ്‌സിക്കു പുറമേ മറ്റ് 15 കമ്പനികള്‍ പാലക്കാട് നിന്നും കുപ്പിവെള്ളത്തിനായി ജലം ഊറ്റുന്നുണ്ട്.


ജില്ലയില്‍ കഞ്ചിക്കോട്ടെ വ്യവസായ പാര്‍ക്ക് മുതല്‍ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിനുള്ളില്‍ വരെ കുപ്പിവെള്ള കമ്പനികള്‍ പടര്‍ന്നു കിടക്കുന്നുണ്ട്. സൈലന്റ് വാലിയില്‍ വനത്തിനുള്ളില്‍ ജെ ജെ മിനറല്‍സ് എന്ന കുപ്പിവെള്ള കമ്പനി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നിത്യേന ഊറ്റുന്നത്. വനത്തിനുള്ളിലെ ഈ കമ്പനിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഹൈക്കോടതി വരെ കേസുമായി പോയെങ്കിലും കമ്പനിക്കെതിരെ പറയാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലാത്തതിനാല്‍ കമ്പനി നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. കാടിനുള്ളില്‍ പുഴയോരത്തായി നിരവധി കുഴല്‍ കിണര്‍ കുഴിച്ചാണ് വെള്ളമൂറ്റല്‍ നടക്കുന്നത്. സൈലന്റ് വാലി ക്ലബ്ബ് സോഡ എന്ന പേരില്‍ ഇവിടെ നിന്നുള്ള ഉല്‍പ്പന്നം തമിഴ്‌നാട്ടിലും കേരളത്തിലും സുലഭമാണ്.


മീങ്കരയില്‍ അണക്കെട്ടിന് അകത്തുനിന്ന് വെള്ളം ഊറ്റിയാണ് ഇംപീരിയല്‍ സ്പിരിറ്റ് എന്ന മദ്യകമ്പനി പ്രവര്‍ത്തിക്കുന്നത്. അണക്കെട്ടിലേക്ക് ജനങ്ങള്‍ക്കു വേണ്ടി പഞ്ചായത്ത് നിര്‍മിച്ച റോഡ് തന്നെ അടച്ചുകെട്ടിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവിക്കുന്ന ചിറ്റൂര്‍ താലൂക്കിലാണ് കൂടുതല്‍ കുപ്പിവെള്ള കമ്പനികൾ പ്രവര്‍ത്തിക്കുന്നത്.

കുഴൽക്കിണർപ്പാടത്ത് കൊയ്യുന്ന നോട്ടുകൾ; സർക്കാർ നിയന്ത്രണത്തിനു തൃണവില

കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാക്കനിയായപ്പോള്‍ ജില്ലാ ഭരണകൂടം കുഴല്‍ക്കിണറുകളിലെ വെള്ളം വ്യവസായിക ആവശ്യത്തിന് എടുക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. എന്നാല്‍ ശീതളപാനീയവും, മദ്യവും, കുപ്പിവെള്ളവും എല്ലാം ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഭൂരിഭാഗവും കുഴല്‍കിണറുകളെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. ടാങ്കര്‍ ലോറികളിലും മറ്റും വെള്ളം നിറച്ച് സ്വകാര്യ വ്യക്തികള്‍ മറിച്ചു വില്‍ക്കുന്നതും കുഴല്‍ കിണറുകളിലെ വെള്ളം തന്നെ. സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും നിരവധി കുഴല്‍ കിണറുകളാണ് ജില്ലയില്‍ കുഴിച്ചുകൊണ്ടിരിക്കുന്നത്.


രാത്രി കാലങ്ങളിലാണ് തമിഴ്‌നാട്ടില്‍ നിന്നും വരുന്ന സംഘങ്ങള്‍ കുഴല്‍കിണര്‍ കുഴിക്കുന്നത്. പകല്‍സമയങ്ങളില്‍ ആരും കാണാതിരിക്കാൻ ഇവ ഓലയോ മറ്റോ കൊണ്ടോ മൂടിയിടും. നിര്‍മാണ പ്രവര്‍ത്തനം കഴിഞ്ഞശേഷം പുറത്തുകണ്ടാലും നടപടിയെടുക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട് കുഴിക്കുന്ന സമയത്തു മാത്രമേ ചെറിയ മറയൊക്കെ വേണ്ടതുള്ളു.

ഭീമൻ ടാങ്കിൽ വെള്ളമുണ്ടെങ്കിലും സമീപവാസികൾക്ക് തൊണ്ട നനയ്ക്കാൻ കിട്ടാറില്ല

ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മദ്യകമ്പനികള്‍ക്കും സര്‍ക്കാര്‍ വക കുടിവെള്ളം നല്‍കുന്നത് നാരദാ ന്യൂസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ഇടക്കാലത്ത് ചെറിയ നിയന്ത്രണം വന്നെങ്കിലും പിന്നീടും പഴയ സ്ഥിതിയായി. മലമ്പുഴ ഡാമില്‍ നിന്ന് മദ്യകമ്പനികളിലേക്ക് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കടത്ത്. നിത്യേന നല്‍കുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ്. കഞ്ചിക്കോട് ഐ ടി ജങ്ഷനു സമീപം നാലു തൂണില്‍ പൊക്കിക്കെട്ടിയ കോണ്‍ക്രീറ്റ് ടാങ്ക് കാണാം. ഇതിന്റെ പരിസരങ്ങളിലൊന്നും പൈപ്പില്‍ വെള്ളം ഉണ്ടായില്ലെങ്കിലും ഈ ടാങ്കില്‍ വെള്ളം കാണും.

ഒറ്റ നോട്ടത്തില്‍ 20,000 ലിറ്റര്‍ സംഭരണ ശേഷി തോന്നിക്കുന്ന ടാങ്കാണത്. ഇതിന്റെ പരിസരങ്ങളിലൊന്നും പൊതുടാപ്പില്‍ കുടിവെള്ളം വല്ലപ്പോഴുമെ വരാറുള്ളു. പക്ഷെ മിക്കവാറും സമയത്ത് ഈ ടാങ്കിനു സമീപത്ത് ടാങ്കര്‍ ലോറികള്‍ വന്നുപോകുന്നത് കാണാം. ഒരു ലോറി വന്നു പോയി അര മണിക്കൂറിനകം മറ്റൊന്നു വരും. ഇവിടെ എന്താണ് നടക്കുന്നതെന്നു പരസരവാസികളില്‍ ചിലര്‍ക്കു മാത്രമേ അറിയു. എംപി ഡിസ്റ്റിലറി എന്ന മദ്യനിര്‍മാണ കമ്പനി അവരുടെ സ്വകാര്യ സ്ഥലത്ത് നിര്‍മിച്ച ടാങ്കാണിത്. ടാങ്കിന്റെ തൂണുകള്‍ നില്‍ക്കുന്ന സ്ഥലത്ത് രഹസ്യമായി നിര്‍മിച്ച വലിയ ഭൂഗര്‍ഭ അറയാണുള്ളത്.

ഭൂ​ഗർഭ അറയിലെ ജലശേഖരവും അതിന്റെ ഉപയോ​ഗ- കച്ചവട സാധ്യതകളും

ഇതില്‍ രണ്ടു ലക്ഷത്തിലേറെ ലിറ്റർ വെള്ളം സംഭരിക്കാന്‍ കഴിയും. ഈ ഭൂഗര്‍ഭ അറയില്‍ നിന്നു മുകളിലെ ടാങ്കിലേക്കു വെള്ളം പമ്പു ചെയ്തു കയറ്റുകയാണ് ചെയ്യുന്നത്. ആരെങ്കിലും പരിശോധനക്കു വന്നാല്‍ കാണിക്കാനായി മുകളിലെ വെള്ളം അങ്ങനെ കിടക്കും. താഴെ ഭൂഗര്‍ഭ അറയിലേക്കു വരുന്ന വെള്ളമാണ് ഇടയ്ക്കിടെ വരുന്ന ടാങ്കര്‍ ലോറികളില്‍ കയറ്റിപ്പോകുന്നത്. എംപി ഡിസ്റ്റിലറിയില്‍ മദ്യം ഉണ്ടാക്കാന്‍ മാത്രമല്ല ഈ വെള്ളം പോകുന്നത്.

അവിടുത്തെ മദ്യനിര്‍മാണ ആവശ്യത്തിനായി ഉപയോഗിച്ച വെള്ളത്തിനു ശേഷം ബാക്കിയുള്ളത് ഉയര്‍ന്ന വിലക്ക് ഇവര്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ നിന്ന് വെള്ളം വാങ്ങി വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ വരെയുണ്ട്. കൂടാതെ സമീപ സ്ഥലങ്ങളായ കോയമ്പത്തൂരിലേക്കു വരെ ഇവിടെ നിന്നു വെള്ളം വില്‍പ്പന നടത്തുന്നു. ജല അതോറിറ്റി സ്വന്തം ചെലവില്‍ ഇവിടേക്കു മാത്രം വലിച്ചുകൊടുത്ത പൈപ്പ് വഴിയാണ് ഇവിടേക്ക് വെള്ളം എത്തുന്നത്.

കാശെറിയണം ഒരിറ്റു കുടിനീരിനായി; മദ്യകമ്പനികൾക്കു വെള്ളം ചുളുവിലയിൽ

ആയിരം ലിറ്റര്‍ വെള്ളത്തിന് 700 മുതല്‍ 1000 രൂപ വരെ കൊടുത്താലേ സ്വകാര്യ ടാങ്കര്‍ ലോറികളില്‍ നിന്നും ഏതെങ്കിലും സ്ഥലത്ത് നിന്നു അടിച്ചു കയറ്റി കൊണ്ടുവന്ന ശുദ്ധീകരിക്കാത്ത വെള്ളം പോലും ഇപ്പോള്‍ ലഭിക്കൂ. 1000 ലിറ്ററിന് 60 രൂപ നിരക്കിലാണ് മദ്യകമ്പനികള്‍ക്ക് ജല അതോറിറ്റി വെള്ളം വില്‍ക്കുന്നത്. എന്നാൽ, ജനങ്ങള്‍ക്ക് കുടിക്കാനുള്ള ആവശ്യം കഴിഞ്ഞ് ബാക്കി വേസ്റ്റായി വരുന്ന 20 ശതമാനം വെള്ളം മാത്രമേ വില്‍പ്പന നടത്തുന്നുള്ളൂ എന്നാണ് ജല അതോറിറ്റിയുടെ വാദം.

ജല അതോറിറ്റി പറയുന്ന മറ്റൊരു കാര്യം കൂടി കേട്ടാല്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ വരാം. പാലക്കാട് ജില്ലയില്‍ കുടിവെള്ളത്തിന് ഒരു പ്രശ്‌നം ഇല്ലെന്നും 2030 വരെ സുലഭമായി വെള്ളം കിട്ടാനുള്ള സംവിധാനങ്ങള്‍ ജല അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ജല അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. വെള്ളം കച്ചവട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ കുടിക്കാന്‍ മാത്രമായി പരിമിതപ്പെടുത്തിയാല്‍ ആ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ സത്യമായി ഭവിക്കുമെന്നതാണ് വാസ്തവം.