കുപ്പിയിലാക്കി കേരളം കുടിക്കുന്നത് 600 കോടിയുടെ കുടിനീര്‍; മരുന്നിനേയും മദ്യത്തേയും കടത്തിവെട്ടാന്‍ കുപ്പിവെള്ള കമ്പനികള്‍; നാരദാന്യൂസ് പരമ്പര തുടരുന്നു

2010ല്‍ അറുപത് കുപ്പിവെള്ള കമ്പനികളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 146 ആയി ഉയര്‍ന്നു. രജിസ്റ്റര്‍ ചെയ്യാത്ത ചെറുകിടകമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം കമ്പനികളുണ്ടെന്നാണ് വിവരം. പ്രതിവര്‍ഷം 600 കോടി വിറ്റുവരവുള്ള ബിസിനസായി കുപ്പിവെള്ള വ്യവസായം മാറി. 130 കോടി ലിറ്ററിനു മുകളിലാണ് കുപ്പിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലം. നാരദാന്യൂസ് പരമ്പര 'ജീവന് ജലമുണ്ടോ' ? തുടരുന്നു

കുപ്പിയിലാക്കി കേരളം കുടിക്കുന്നത് 600 കോടിയുടെ കുടിനീര്‍; മരുന്നിനേയും മദ്യത്തേയും കടത്തിവെട്ടാന്‍ കുപ്പിവെള്ള കമ്പനികള്‍; നാരദാന്യൂസ് പരമ്പര  തുടരുന്നു

കേരളത്തില്‍ കുപ്പിവെള്ള വ്യവസായം അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റര്‍ ചെയ്ത 146 കുപ്പിവെള്ള കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ അടക്കമുള്ള കുപ്പിവെള്ള കമ്പനികള്‍ക്ക് കേരളത്തിലെ മാര്‍ക്കറ്റില്‍ ഏകദേശം 600 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. അതായത് ദിവസവും ഒന്നരകോടി രൂപയുടെ കുപ്പിവെള്ളം കേരളം കുടിക്കുന്നു!

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മരുന്നിനെക്കാളും മദ്യത്തെക്കാളും ലാഭമുള്ളതായി കുടിവെള്ള വ്യവസായം മാറിയാലും അതിശയപ്പെടാനില്ല. വേണ്ടത്ര സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമില്ലാതെ നിരവധി കമ്പനികൾ കേരളത്തില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

കേരളത്തില്‍ കുപ്പിവെള്ളത്തിന് ഇരുപതാണ്ട്

1997 ല്‍ സജോ ഇന്‍ഡസ്ട്രി അങ്കമാലിയില്‍ ആരംഭിച്ച 'ഗുഡ് ലക്ക്' ആണ് കേരളത്തിലെ ആദ്യത്തെ കുപ്പിവെള്ള കമ്പനി. പിന്നീട് തിരുവനന്തപുരത്ത് നിന്ന് ഗോള്‍ഡന്‍ വാലി എന്ന പേരില്‍ നെസ്റ്റ് ഗ്രൂപ്പ് ആരംഭിച്ച ബ്രാന്‍ഡ് പിന്നീട് വന്‍ വിജയമായി. 2000-ല്‍ കുപ്പിവെള്ള കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു. 2010 ആയപ്പോഴേക്കും രജിസ്റ്റര്‍ ചെയ്ത കുപ്പിവെള്ള കമ്പനികളുടെ എണ്ണം അറുപതായി ഉയര്‍ന്നു. ഇപ്പോള്‍ 146 കമ്പനികളാണ് കേരളത്തിലുള്ളത്.


ഇന്നു കാണുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലിലെ കുപ്പിവെള്ളം വിപണിയിലെത്തിയത് 1973ല്‍ അമേരിക്കയിലാണ്. ഡുപോന്റ് എന്ന എന്ന എഞ്ചിനീയര്‍ പെറ്റ് ബോട്ടില്‍ കണ്ടു പിടിച്ചതോടെ കുപ്പിവെള്ള വ്യവസായം പിന്നെ തിരിഞ്ഞു നോക്കാനില്ലാതെ വളര്‍ന്നു. ലോകത്ത് മരുന്നു വ്യവസായം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം വരുന്ന മേഖലയായി ജലവ്യവസായം മാറിയെന്നാണ് ഇന്റര്‍നാഷണല്‍ ബോട്ടില്‍ഡ് വാട്ടര്‍ ആസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണക്ക്.

ഇന്ത്യയില്‍ തൊണ്ണൂറുകളുടെ ആദ്യത്തിലാണ് വെള്ളം പ്ലാസ്റ്റിക് കുപ്പിയിലാക്കി തുടങ്ങിയത്. രാജ്യത്തെ മൊത്തം കുപ്പിവെള്ളത്തിന്റെ 65 ശതമാനവും കൈകാര്യം ചെയ്യുന്നത് ബിസ്‌ലേരി, പെപ്‌സികോ, കൊക്കകോള, പാര്‍ലെ എന്നീ കമ്പനികളാണ്. 2013 ല്‍ ആറായിരം കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കുപ്പിവെള്ള ബിസിനസ് 2020-ല്‍ പതിനാറായിരം കോടിയുടേതായി മാറുമെന്നാണ് സിഎജിആര്‍( കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ്) പ്രതീക്ഷിക്കുന്നത്.

ഇവിടുത്തെ വെള്ളം കുപ്പിയിലാക്കിയാല്‍ കുപ്പിവെള്ളം!

കേരളത്തിലെ കുപ്പിവെള്ള കമ്പനികള്‍ ഭൂരിഭാഗവും നദികളുടേയോ മറ്റ് ജലാശയങ്ങളുടേയോ തീരത്തായിരിക്കുമെന്ന് കേരളത്തിലെ കുപ്പിവെള്ള വ്യവസായത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ഷീബ വി.ടി പറയുന്നു. പതിനായിരം ലിറ്റര്‍ ശേഷിയുള്ളത് മുതല്‍ ലക്ഷകണക്കിന് ലിറ്റര്‍ വരെ ശേഷിയുള്ള കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. പതിനായിരം മുതല്‍ ഇരുപത്തി അയ്യായിരം ലിറ്റര്‍ വരെ കുപ്പിവെള്ളം ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന കമ്പനികളാണ് കൂടുതലും.


ഒരു കമ്പനി 20000 ലിറ്റര്‍ വെള്ളം എടുക്കുന്നതായി കണക്കാക്കിയാല്‍ 146 കമ്പനികളും കൂടി ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് മുപ്പത് ലക്ഷത്തോളം ലിറ്റര്‍ വരും. ഒരു മാസം 9 കോടി ലിറ്റര്‍, പ്രതിവര്‍ഷം 108 കോടി ലിറ്റര്‍. പെപ്‌സികോ ഉള്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ ദിവസവും ആറ് ലക്ഷം ലിറ്ററിനു മുകളില്‍ വെള്ളം ഉപയോഗിക്കുന്നതിനാല്‍ ശരിക്കുള്ള കണക്ക് ഇനിയും കൂടാം. ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മ്മിക്കാന്‍ പരമാവധി ചെലവ് ആറ് രൂപയാണ്. ഒരു കുപ്പി വിറ്റാല്‍ കമ്മിഷനെല്ലാം കിഴിച്ച് പത്തു രൂപയോളമാണ് ലാഭം.

ഒരു ലിറ്ററിന്റെ കുപ്പിവെള്ളം നിര്‍മ്മിക്കാന്‍ ഒന്നര ലിറ്റര്‍ ജലം വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. കഴുകല്‍ പ്രക്രിയ അടക്കമുള്ള പണികള്‍ക്കാണ് കൂടുതല്‍ ജലം ആവശ്യമായിട്ടുള്ളത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനി പ്രതിദിനം ആറു ലക്ഷം ലിറ്ററെന്ന നിലയില്‍ ഒന്നേ മുക്കാല്‍ കോടിയിലേറെ ലിറ്റര്‍ വെള്ളം പ്രതിമാസം ഊറ്റുന്നുവെന്നാണ് കണക്ക്. 2001 മുതലാണ് കമ്പനി ജലമെടുക്കാന്‍ തുടങ്ങിയത്.

പെപ്‌സികോയില്‍ നിന്നുള്ള ഉദ്പാദനം കണക്കാക്കിയാല്‍ പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളം അവര്‍ എടുക്കുന്നുവെന്നു വേണം കരുതാന്‍. അതിനു പുറമെ മലമ്പുഴ ഡാമില്‍ നിന്നും കുപ്പിവെള്ള കമ്പനികള്‍ക്കും പ്രദേശത്തെ ബിയര്‍ കമ്പനികൾക്കും വാട്ടര്‍ അതോറിറ്റി ജലം നല്‍കുന്നുണ്ട്. കര്‍ഷകരോട് നെല്‍കൃഷി ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് ഈ ചൂഷണം നിര്‍ബാധം തുടരുന്നത്- സി ആര്‍ നീലകണ്ഠന്‍, എഎപി സംസ്ഥാന കണ്‍വീനര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

കുപ്പിവെള്ളത്തിലെ വ്യാജന്മാര്‍

നാരദാന്യൂസ് അന്വേഷണത്തിനിടെ കുപ്പിവെള്ള കമ്പനികള്‍ക്ക് നിര്‍മ്മാണ സാമഗ്രികള്‍ നല്‍കുന്ന കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നു. അഞ്ഞൂറോളം കുപ്പിവെള്ള പ്ലാന്റുകള്‍ കേരളത്തിലുണ്ടെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ഇത് പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെങ്കിലും ഒറ്റമുറിയിലും മറ്റും പ്രവര്‍ത്തിക്കുന്ന നൂറോളം അനധികൃത കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ ഉണ്ടായിരിക്കാമെന്ന് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഇ മുഹമ്മദ് നാരദാന്യൂസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കുപ്പിയില്‍ വെള്ളം നിറച്ച് പേരുള്ള സ്റ്റിക്കറുമൊട്ടിച്ച് പതിനഞ്ചും ഇരുപത് രൂപയ്ക്കും വില്‍ക്കുന്ന വ്യാജന്മാരാണുള്ളത്. കുപ്പിവെള്ളം നിര്‍മ്മിക്കുന്നതിനെക്കാൾ ഇവര്‍ക്ക് പ്രിയം ഓഫീസുകളില്‍ ഉപയോഗിക്കുന്ന 20 ലിറ്ററിന്റെ ബോട്ടില്‍ നിര്‍മ്മിക്കുന്നതിനാണ്.ഇത്തരത്തിൽ ഡൂപ്ലിക്കേറ്റ് നേരിട്ട് ഓഫീസുകളിലും മറ്റും എത്തിക്കുകയാണ് പതിവ്.

ഇരുപത് ലിറ്റര്‍ ബോട്ടിലിന്റെ ഡൂപ്ലിക്കേഷനാണ് കൂടുതലും. അങ്ങനെ വിതരണം ചെയ്യുന്ന ഇരുപതോളം പേര്‍ക്കെതിരെ ഫുഡ് സേഫ്റ്റി വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ അടക്കമുള്ള ഭാഗങ്ങളില്‍ ഇങ്ങനെ വ്യാജ കമ്പനികള്‍ കുടിവെള്ളം വിതരണം ചെയ്യുന്നതായി വിവരമുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കും- കെ. അനില്‍കുമാര്‍, ജോയിന്റ് കമ്മിഷണര്‍, ഫുഡ് സേഫ്റ്റി

ഹില്ലി അക്വ മാതൃകയാണ്, പക്ഷെ...

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഇരുപത് രൂപയാണ് പൊതുവെ ഈടാക്കുന്നത്. എന്നാല്‍ തൊടുപുഴ മലങ്കര പ്ലാന്റില്‍ സര്‍ക്കാരിന്റ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന 'ഹില്ലി അക്വാ' എന്ന കുപ്പിവെള്ളത്തിന് 15 രൂപയേ ഉള്ളൂ. സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ ബോട്ടില്‍ ഒന്നിന് പത്തു രൂപ ലാഭമുണ്ടാക്കുമ്പോള്‍ ഹില്ലി അക്വായുടെ ലാഭം അഞ്ചു രൂപയാണ്. എട്ടു മണിക്കൂറുള്ള ഒരു ഷിഫ്റ്റ് മാത്രമാണ് ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ പി അനില്‍കുമാര്‍ പറയുന്നു. ഒരു ഷിഫ്റ്റില്‍ 40000 ലിറ്റര്‍ വെള്ളമാണ് കുപ്പികളില്‍ നിറയ്ക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണ ഹില്ലി അക്വായ്ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ വഴി പത്തു രൂപ നിരക്കില്‍ കുപ്പിവെള്ളം വില്‍ക്കുന്നുണ്ട്. പ്രതിദിനം 3500 കുപ്പികളുടെ വിപണനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലാ തലത്തില്‍ ഒരു ഡിസ്ട്രിബ്യൂട്ടറെ മാത്രമാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്.എന്നാല്‍ ഇടുക്കി ജില്ലയ്ക്കപ്പുറം മറ്റിടങ്ങളില്‍ ഹില്ലി അക്വ കാര്യമായി വില്‍ക്കുന്നുമില്ല. കെഎസ്ആര്‍ടിസി സ്റ്റേഷനിലടക്കം സര്‍ക്കാര്‍ കുപ്പിവെള്ളമെത്തിച്ച് വിപണനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വില്‍പ്പന നടത്താനുള്ള ആലോചനകളുണ്ട്. മലങ്കര ജലാശയത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ പൈപ്പ്ലൈൻ സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നത്. ഒന്‍പത് ശുദ്ധീകരണ ഘട്ടങ്ങള്‍ കഴിഞ്ഞാണ് കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നത്. - പി അനില്‍കുമാര്‍, എംഡി, ഹില്ലി അക്വ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുപ്പിവെള്ള കമ്പനികളുള്ളത് തമിഴ്‌നാട്ടിലാണ്. 1400ഓളം കുപ്പിവെള്ള കമ്പനികളാണ് ഇവിടെയുള്ളത്. തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച അമ്മ കുടിനീര്‍ പദ്ധതിയിൽ ഒരു ലിറ്റര്‍ കുപ്പിവെള്ളം പത്ത് രൂപയ്ക്കാണ് വില്‍ക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാരും സ്വന്തമായി കുപ്പിവെള്ളം വിപണിയിലിറക്കി പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

ഭൂമിയില്‍ പ്ലാസ്റ്റിക് നിറയുമ്പോള്‍

ലക്ഷക്കണക്കിന് ബോട്ടില്‍ കുപ്പിവെള്ളമാണ് ഓരോ ദിവസവും വിപണിയിലിറങ്ങുന്നത്. പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചറിയപ്പെടുന്നത് മൂലമുള്ള പാരിസ്ഥിക ദോഷങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നതല്ല. ഉപേക്ഷിക്കപ്പെടുന്ന 30 ശതമാനം പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമാണ് റീസൈക്ലിംഗിനായി എത്തുന്നത്. എഴുപത് ശതമാനവും ഭൂമിയില്‍ ജീർണ്ണിക്കാതെ കിടക്കുകയാണ്. ഒരു പ്ലാസ്റ്റിക് കുപ്പി സ്വയം നശിക്കാന്‍ 700 വര്‍ഷം വേണം. 562 ഗ്രാം ഹരിതകവാതകമാണ് ഒരു കുപ്പിയില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്നത്. കുടിവെള്ളം മുട്ടുന്ന കാലമായതിനാല്‍ കുപ്പിവെള്ള വ്യവസായത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല. കുപ്പികള്‍ വലിച്ചെറിഞ്ഞ് ഭൂമിയ്ക്ക് ഭാരമാകുന്ന പ്രവണതയെങ്കിലും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഊര്‍ജിതമാക്കേണ്ടതാണ്.