കുടിക്കാന്‍ വെള്ളമില്ലെന്നറിയാന്‍ നമ്മളിനി എത്ര ദാഹിക്കണം! നാരദാന്യൂസ് പരമ്പര ആരംഭിക്കുന്നു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണറുകളുള്ളത് കേരളത്തിലാണ്. എഴുപത് ലക്ഷത്തോളം. പ്രതിശീര്‍ഷ മഴ ലഭ്യത ദേശീയ ശരാശരിയെക്കാള്‍ 2.7 മടങ്ങ്. 44 നദികള്‍, മൂന്ന് ശുദ്ധജല തടാകങ്ങള്‍, ഇരുപതിനായിരത്തോളം കുളങ്ങള്‍. ഇവയൊക്കെ സംസ്ഥാനത്തിന്റെ ജലസ്രോതസ്സുകളാണ്. എന്നിട്ടും സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ പോലും കുപ്പിവെള്ളം ചെന്നുകയറുന്നതിലേക്കെത്തി മലയാളിയുടെ കുടിവെള്ള സംസ്‌കാരം. കേരളം നേരിടുന്ന ജലപ്രശ്നങ്ങളെക്കുറിച്ചുള്ള നാരദാന്യൂസ് പരമ്പര 'ജീവന് ജലമുണ്ടോ?'.

കുടിക്കാന്‍ വെള്ളമില്ലെന്നറിയാന്‍ നമ്മളിനി എത്ര ദാഹിക്കണം! നാരദാന്യൂസ് പരമ്പര ആരംഭിക്കുന്നു

2017 ഏപ്രില്‍ 13 നും 18നും പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ വന്ന രണ്ട് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഇത് കേരളത്തിലാണോ എന്ന് സംശയിച്ചു പോകും. കോഴിക്കോട് കക്കഞ്ചേരിയില്‍ കിണര്‍ വെള്ളം മോഷ്ടിച്ചെന്ന വാര്‍ത്തയും കോട്ടയത്ത് കുടിവെള്ള വിതരണക്കാരനെ കുടിവെള്ള മാഫിയ തലയ്ക്കടിച്ചു കൊന്നെന്ന വാര്‍ത്തയുമാണവ. കുടിവെള്ളത്തിന്റെ കാര്യത്തില്‍ കേരളം ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും അതൊരു പ്രശ്‌നവും ചര്‍ച്ചയുമായി വരാന്‍ നമ്മളിനിയും എത്ര ദാഹിക്കണം!

ജല സംഘര്‍ഷം തുടങ്ങി...

കുടിവെള്ളം സംബന്ധിച്ച കേരളത്തിലെ ആദ്യ കൊലപാതകം നടന്നത് കുറവിലങ്ങാടിനു സമീപത്താണ്. ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ കൊലപാതകത്തിനു പിന്നിലുള്ള കാരണം ന്യായവിലയ്ക്ക് കുടിവെള്ളം വിതരണം ചെയ്തതാണ്. ഷാബു എന്ന നാല്‍പത്തിയഞ്ചുകാരനായ കുടിവെള്ള ടാങ്കര്‍ ഡ്രൈവറെ മറ്റൊരു ടാങ്കര്‍ ലോറി ഡ്രൈവറും കൂട്ടാളിയും തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. വേനല്‍ക്കാലത്ത് കുടിവെള്ളം ടാങ്കറിലെത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന ആളാണ് ഷാബു.

ഷാബു വെള്ളം വില കുറച്ച് വില്‍ക്കുന്നതാണ് ജോണ്‍സണ്‍, മണി എന്നിവരെ പ്രകോപിപ്പിച്ചത്. കുടിവെള്ളം ശേഖരിക്കുന്നത് സംബന്ധിച്ചും ഷാബുവും മറ്റ് ടാങ്കര്‍ ലോറിക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.


പൊന്നോളം വിലയുണ്ട്, മോഷ്ടിക്കപ്പെടാം

കോഴിക്കോട് നടുവണ്ണൂരിലെ കക്കഞ്ചേരിയില്‍ നടന്ന സംഭവമിങ്ങനെ: കക്കഞ്ചേരി ബാപ്പറ്റ ഇല്ലത്ത്പറമ്പിലെ ചായടം ഗോവിന്ദന്‍ നമ്പൂതിരിയുടെ വീട്ടിലെ കിണര്‍വെള്ളം മോഷ്ടിച്ചു. പുലര്‍ച്ചെ മോട്ടോര്‍ വെച്ച് വീട്ടുപറമ്പിലെ കിണര്‍വെള്ളം മുഴുവന്‍ ചോര്‍ത്തിയെടുത്ത് വാഹനത്തില്‍ കടത്തുകയായിരുന്നു. ശബ്ദമില്ലാത്ത മോട്ടോര്‍ ഉപയോഗിച്ച് വെള്ളമൂറ്റിയതാണെന്നാണ് വീട്ടുകാരുടെ സംശയം. വെള്ളം മോഷ്ടിച്ചു വില്‍ക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നും സംശയമുണ്ട്.

തൃശ്ശൂര്‍ നെല്ലങ്കരയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് തുരന്ന് ജലം മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് പിടികൂടിയതും വാര്‍ത്തയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് തുരന്ന ശേഷം പി വി സി പൈപ്പ് ഘടിപ്പിച്ച് ഹോളോബ്രിക്‌സ് യൂണിറ്റിലേക്ക് നേതാവ് വെള്ളം ചോര്‍ത്തിയിരുന്നു. കൊച്ചി കളമശ്ശേരിയിലും ഒരു മാസം മുമ്പ് സമാന സംഭവമുണ്ടായി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കടന്നുപോകുന്നതിന് സമീപത്താണ് ഇയാളുടെ കിണര്‍. മറ്റൊരു പൈപ്പ് കണക്ട് ചെയ്ത് വറ്റിയ കിണറില്‍ വെള്ളം നിറച്ച് അവിടുന്ന് ടാങ്കിലേക്ക് നിറയ്ക്കുന്ന പരിപാടിയാണ് ഇയാള്‍ വര്‍ഷങ്ങളായി ചെയ്തു വന്നത്.

ഇതൊരു കണക്ക് മാത്രം

3220 കിലോമീറ്ററില്‍ ഒഴുകുന്ന 44 നദികള്‍. എഴുപത് ലക്ഷം കിണറുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണറുള്ളതും കേരളത്തില്‍- ഏഴു പേര്‍ക്ക് ഒന്നെന്ന കണക്കില്‍. ചെറുതും വലുതുമായ നാല്‍പതിനായിരത്തിലേറെ കുളങ്ങള്‍. മുപ്പതിലേറെ തടാകങ്ങളും കായലുകളും. ഇതിനെല്ലാം പുറമെ കാലവര്‍ഷവും തുലാമഴയും. പ്രതിശീര്‍ഷ മഴ ലഭ്യത ദേശീയ ശരാശരിയുടെ 2.7 മടങ്ങ് കൂടുതൽ.

ചോര്‍ന്നു തീര്‍ന്നോ കിണറുവെള്ളം?

കഴിഞ്ഞ ജനുവരി മുപ്പതിന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് ഡവലപ്‌മെന്റ് പുറത്തു വിട്ട കണക്ക് ഞെട്ടിക്കുന്നതായിരുന്നു. കേരളത്തിലെ മുപ്പത് ലക്ഷത്തോളം കിണറുകളും വറ്റിയെന്നായിരുന്നു അത്. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലെ കിണറുകളാണ് കൂടുതല്‍ വറ്റുന്നത്. എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ തീരദേശ കിണറുകളില്‍ ഭൂഗര്‍ഭജലം താഴുന്നതനുസരിച്ച് ഉപ്പുവെള്ളം കയറുന്നത് രൂക്ഷമായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


വയനാട്ടിലെ 83 ശതമാനം കിണറുകളിലും ശരാശരി രണ്ട് മീറ്ററില്‍ കൂടുതല്‍ വെള്ളമില്ലെന്ന് ദ ഹിന്ദു ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് മീറ്റര്‍ വരെ വെള്ളമുള്ള 17 ശതമാനം കിണറുകളാണ് വയനാട്ടിലുള്ളത്. എറണാകുളം ജില്ലയിലെ അറുപത് ശതമാനം കിണറുകളിലും രണ്ട് മീറ്റര്‍ വരെയാണ് വെള്ളത്തിന്റെ അളവ്. ശരാശരി നാലു മീറ്റര്‍ വരെ വെള്ളമുള്ള കിണറുകള്‍ കേരളത്തില്‍ അഞ്ച് ശതമാനം മാത്രമാണ്.

വയല്‍ നികത്തി നമ്മള്‍ കൊയ്തത്...

കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് കേരളം നികത്തിയത് പന്ത്രണ്ടര ലക്ഷം ഏക്കര്‍ നെല്‍പാടമാണെന്നാണ് ഏകദേശ കണക്ക്. ഒരേക്കര്‍ പാടം ഒരു വര്‍ഷം ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ജലം ഭൂഗര്‍ഭത്തിലേക്ക് സന്നിവേശിപ്പിക്കും. ഈ കണക്കനുസരിച്ച് മാത്രം ഒരു വര്‍ഷം കേരളത്തിന് നഷ്ടമാകുന്നത് പതിനഞ്ച് ലക്ഷം കോടി ലിറ്റര്‍ ജലമാണ്. ഈ കണക്കുകള്‍ ഭീമവും ഭീകരവുമാണെന്നിരിക്കെ വയലും ചതുപ്പ് നിലങ്ങളും നികത്തുന്നത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഒഴുക്കില്ല...ഒഴുകുന്നതോ നിറം മാറിയും

സംസ്ഥാനത്തിന്റെ നാല്‍പത് ശതമാനം ഭൂമിയേയും നനവുള്ളതാക്കിയിരുന്നത് പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍, ചാലക്കുടി എന്നീ അഞ്ചു നദികളായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി മണല്‍ത്തിട്ടയായി നദികള്‍ മാറിയിട്ടും നമ്മളൊട്ടും അറിഞ്ഞില്ല. വിരലിണ്ണാവുന്നവരുടെ പ്രതിഷേധത്തെ മറികടക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ എല്ലാത്തിനും മറയൊരുക്കി.

പെരിയാറും പമ്പയും ചാലിയാറും മാലിന്യം വഹിക്കുന്ന നദികളായി. പെരിയാര്‍ തീരത്തെ 71 വന്‍ വ്യവസായ ശാലകളും നദിയിലേക്ക് വന്‍ തോതില്‍ മാലിന്യം തള്ളുന്നുവെന്നും കാര്യക്ഷമമല്ലാത്ത മാലിന്യസംസ്‌കരണ പ്ലാന്റുകളാണ് അവിടെയുള്ളയുള്ളതെന്ന് കണ്ടെത്തിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. 2015 ല്‍ 44 തവണയും 2016-ല്‍ 28 തവണയുമാണ് കറുത്തും, ചുവന്നും പെരിയാറൊഴുകിയത്. കൂടുതല്‍ മാലിന്യമൊഴുക്കിയ പെരിയാർ തീരത്തെ കമ്പനി സംസ്ഥാനസര്‍ക്കാരിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ പുരസ്‌കാരം വരെ നേടി!

അടുത്ത ദിവസം- കുപ്പിവെള്ളം കുടിക്കുന്ന മലയാളിയ്ക്ക് ഇരുപത് വയസ്സ്