ലൈംഗിക പീഡനക്കേസിൽ ജനം ടിവി ഉന്നതൻ അറസ്റ്റിൽ; ബന്ധമില്ലെന്ന് ചാനൽ

ജനം ടി വിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ അറസ്റ്റിനോട് ഇതുവരെ ആർഎസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. ശ്രീകുമാറുമായി ബന്ധമില്ലെന്നും അയാൾ നേരത്തെ ചാനലുമായി സഹകരിച്ചിരുന്ന വ്യക്തി മാത്രമായിരുന്നുവെന്നും ജനം ടി വി അധികൃതർ നാരദാ ന്യൂസിനോട് പ്രതികരിച്ചു.

ലൈംഗിക പീഡനക്കേസിൽ ജനം ടിവി ഉന്നതൻ അറസ്റ്റിൽ; ബന്ധമില്ലെന്ന് ചാനൽ

പാലക്കാട് സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ബിജെപി ചാനലായ ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍. ലൈംഗികപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയാണ് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കീഴടങ്ങാന്‍ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നെടുമ്പാശേരി ആപ്പിള്‍ റെസിഡന്‍സി ഫ്ളാറ്റില്‍ താമസക്കാരനായിരുന്ന ശ്രീകുമാർ തുരുത്തിശ്ശേരി സ്വദേശിയാണ്. മെയ് രണ്ടാം വാരമാണ് കേസിനാസ്പാദമായ സംഭവം നടന്നത്. ശ്രീകുമാര്‍ താമസിക്കുന്ന ഫ്ളാറ്റില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നേരത്തേ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന യുവതി ഇപ്പോൾ ശ്രീകുമാർ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്ളോര്‍ മാനേജരുടെ ജോലി ചെയ്തുവരികയാണ്.

നേരത്തെ രണ്ടു തവണ ശ്രീകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ രണ്ട് തവണയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് മുറി വൃത്തിയാക്കുന്നത് സംബന്ധിച്ച്‌ ചോദിക്കാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി വാതില്‍ അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും ജോലി ഇല്ലാതാക്കുമെന്നും ശ്രീകുമാര്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പാലക്കാട്ടെ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അങ്കമാലി മജിസ്ട്രേട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍പോയ ശ്രീകുമാര്‍ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു.ജനം ടി വിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ അറസ്റ്റിനോട് ഇതുവരെ ആർഎസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. ശ്രീകുമാറുമായി ബന്ധമില്ലെന്നും അയാൾ നേരത്തെ ചാനലുമായി സഹകരിച്ചിരുന്ന വ്യക്തി മാത്രമായിരുന്നുവെന്നും ജനം ടി വി അധികൃതർ നാരദാ ന്യൂസിനോട് പ്രതികരിച്ചു.

Read More >>