കയ്യേറ്റക്കാരായി ചിത്രീകരിക്കരുത്; മൂന്നാറില്‍ ജനകീയസമിതി സമരമാരംഭിക്കുന്നു

മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കയ്യേറ്റക്കാരായി ചിത്രികീരിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരവ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി സമരമാരംഭിക്കുന്നത്. നാളെ വൈകിട്ട് മൂന്നുമണി മുതല്‍ മൂന്നാറില്‍ കടകളടച്ച് പ്രതിഷേധിക്കാനാണ് തീരുമാനം.

കയ്യേറ്റക്കാരായി ചിത്രീകരിക്കരുത്; മൂന്നാറില്‍ ജനകീയസമിതി സമരമാരംഭിക്കുന്നു

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരത്തിന് ആഹ്വാനം. മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കയ്യേറ്റക്കാരായി ചിത്രികീരിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരവ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി സമരമാരംഭിക്കുന്നത്. നാളെ വൈകിട്ട് മൂന്നുമണി മുതല്‍ മൂന്നാറില്‍ കടകളടച്ച് പ്രതിഷേധിക്കാനാണ് തീരുമാനം.

മൂന്നാറിലെ കയ്യേറ്റം സബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ഇടുക്കി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമായതോടെ മാധ്യമങ്ങളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. നിരവധി കൈയേറ്റ വാര്‍ത്തകളാണ് ഇതോടെ പുറത്തുവന്നത്. സ്ഥലം എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും മൂന്നാറില്‍ കയ്യേറ്റം നടത്തുന്നുവെന്നതിന്റെ തെളിവുകളും ലഭ്യമായിരുന്നു.

മൂന്നാറില്‍ കയ്യേറ്റം വ്യാപകമായിരിക്കുന്നുവെന്ന് എല്ലാ ദൃശ്യ മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലെമ്പാടും കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൂന്നാറിനെ മാത്രമാണ് മാധ്യമങ്ങള്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇത് സംബന്ധിച്ച് മത സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമര സമിതി നോട്ടീസ് പതിപ്പിട്ടിച്ചിട്ടുണ്ട്. മത, രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. അതേസമയം വ്യാപാരികളെയും ജനങ്ങളെയും അണിനിരത്തി കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമമെന്ന ആരോപണവും ശക്തമാണ്.