പരോള്‍ വേണ്ട, ശിക്ഷാ ഇളവാകാം; ടി പി വധക്കേസ് പ്രതികളുടെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ജയില്‍വകുപ്പ്, ശിക്ഷാ ഇളവില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

കഴിഞ്ഞ ജനുവരിയില്‍ കൊടി സുനിയടക്കം നാലു പ്രതികളുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശകസമിതി തള്ളിയിരുന്നു. കൊടി സുനി അടക്കമുള്ളവര്‍ക്കെതിരേ ജയില്‍ അധികൃതര്‍ക്കിടയില്‍ത്തന്നെ പരാതികളുണ്ടായിരുന്നതും പരോള്‍ നല്‍കുന്നതിന് തടസമായി. പിന്നെങ്ങനെയാണ് ശിക്ഷാ ഇളവിനുള്ള ശുപാര്‍ശ പട്ടികയില്‍ ഇവരുള്‍പ്പെട്ടത് എന്നതാണ് ദുരൂഹം

പരോള്‍ വേണ്ട, ശിക്ഷാ ഇളവാകാം; ടി പി വധക്കേസ് പ്രതികളുടെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ജയില്‍വകുപ്പ്, ശിക്ഷാ ഇളവില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

ടി പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍വകുപ്പിന്റെ തീരുമാനം ദുരൂഹം. ടി പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച അതേ ജയിലധികൃതരാണ് ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ കൊടി സുനിയടക്കം നാലു പ്രതികളുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശകസമിതി പരിഗണിച്ചിരുന്നു. എന്നാല്‍ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കേണ്ട എന്ന ശക്തമായ നിലപാടിലേക്കു യോഗമെത്തി. ജയില്‍ ഡിജിപിയും ജില്ലാ ജഡ്ജിയുമുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഉപദേശകസമിതി യോഗം, കൊലപാതകികള്‍ക്ക് പരോള്‍ നല്‍കേണ്ട എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ജയിലിനുള്ളിലെ നല്ല നടപ്പുകാരെയാണ് പൊതുവേ പരോളിന് ശുപാര്‍ശ ചെയ്യാറ്. എന്നാല്‍ കൊടി സുനി അടക്കമുള്ളവര്‍ക്കെതിരേ ജയില്‍ അധികൃതര്‍ക്കിടയില്‍ത്തന്നെ പരാതികളുണ്ടായിരുന്നതിനാല്‍ അതും പരോള്‍ നല്‍കുന്നതിന് തടസമായി. ടി പി വധക്കേസ് പ്രതികള്‍ പ്രശ്‌നക്കാരാണെന്ന് ജയിലധികൃതര്‍ക്ക് ഉറപ്പുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തം. പിന്നെങ്ങനെയാണ് പട്ടികയില്‍ ടി പി കേസ് പ്രതികള്‍ ഇടംപിടിച്ചതെന്നതാണ് ഉയരുന്ന ചോദ്യം.


2012 മെയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഐഎം വിമതനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ സംഘം ടിപിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു. കൊലയാളി സംഘത്തില്‍പ്പെട്ട ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികളായ ചെണ്ടയാട് മംഗലശേരി എം.സി. അനൂപ് (32), മാഹി മനോജ്കുമാര്‍ എന്ന കിര്‍മ്മാണി മനോജ് (32), ചൊക്‌ളി എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (32), പാട്യം തുക്കിടിയില്‍ ടി.കെയെന്ന ടി.കെ. രജീഷ് (35), പത്തായക്കുന്ന് പറമ്പത്ത് ഷാഫിയെന്ന മുഹമ്മദ് ഷാഫി (26), ചമ്പാട് അണ്ണന്‍ എന്ന സിജിത്ത് (23), പാട്യം കണ്ണാറ്റിങ്കല്‍ കെ.ഷിനോജ് (32), എട്ടാം പ്രതി സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന്‍ (52), പതിനൊന്നാം പ്രതി സി.പി.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ വടക്കെയില്‍ വീട്ടില്‍ മനോജ് എന്ന ട്രൗസര്‍ മനോജ് (45), പതിമൂന്നാം പ്രതി സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് പി.കെ. കുഞ്ഞനന്തന്‍ (60), പതിനെട്ടാം പ്രതി മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വായപ്പടച്ചി റഫീഖ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണമെന്നായിരുന്നു കോടതി വിധി. കൊലയാളി സംഘാംഗങ്ങള്‍ക്കെതിരേ കൊലക്കുറ്റവും സിപിഐഎം നേതാക്കളായ മൂന്നുപേര്‍ക്കെതിരേ വധഗൂഢാലോചനയും മറ്റു രണ്ടുപേര്‍ക്കെതിരേ പ്രേരണ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളുമായിരുന്നു തെളിഞ്ഞത്.


ടി പി വധം നടന്ന് 628 ദിവസങ്ങള്ക്കു ശേഷമായിരുന്നു കോടതി വിധി. എട്ട് സിപിഐഎം നേതാക്കളാണ് പ്രതിപ്പട്ടികയില്‍ അവസാനമുണ്ടായിരുന്നത്. ഇതില്‍ പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സിപിഐഎം നേതാക്കളെ കുറ്റവിമുക്തരാക്കിയത് പാര്‍ട്ടിക്ക് ഏറെ ആശ്വാസവുമായിരുന്നു.76 പ്രതികളും 286 പ്രോസിക്യൂഷന്‍ സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്‍പ്പെടെ 105 തൊണ്ടിമുതലുകളും ഉള്‍പ്പെടുത്തി ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷ് സമര്‍പ്പിച്ചത്. 2012 ഓഗസ്റ്റ് 13 ന് വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ ഈ കേസില്‍ 2013 ഫെബ്രുവരി 11 ന് എരഞ്ഞിപ്പാലത്ത് മാറാട് കേസുകള്‍ക്കായി സ്ഥാപിച്ച പ്രത്യേക കോടതിയില്‍ വിചാരണ ആംഭിച്ചു. 2013 ഡിസംബര്‍ 20 വരെ നീണ്ടുനിന്ന വിചാരണയ്ക്കിടയില്‍ 56 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു.

Read More >>