മര്യാദയ്ക്കു ശമ്പളം തന്നില്ലെങ്കില്‍ ഇങ്ങനെയിരിക്കും; എം എം ഹസന്റെയും ഡീന്‍ കുര്യാക്കോസിന്റെയും പരിപാടികള്‍ ബഹിഷ്‌കരിച്ച് ജയ്ഹിന്ദ് ടിവി ജീവനക്കാരുടെ പ്രതിഷേധം

ശമ്പളത്തിനു പുറമെ ബ്യൂറോ എക്‌സ്‌പെന്‍സ് ഉള്‍പ്പെടെ കുടിശ്ശികയായി കിടക്കുന്ന സാഹചര്യത്തിലാണ് ജയ്ഹിന്ദ് ജീവനക്കാര്‍ ചാനല്‍ എംഡി കൂടിയായ എം എം ഹസ്സന്റെ പരിപാടി ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചത്. ഹസ്സന്റെ പരിപാടി ഡിസിസി ഓഫീസില്‍ നടക്കുന്ന സമയത്ത് കോഴിക്കോട് ഓഫീസില്‍ വാഹനമില്ലാത്തതിനാലാണ് പങ്കെടുക്കാനാവാതെ പോയതെന്നാണ് ജീവനക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

മര്യാദയ്ക്കു ശമ്പളം തന്നില്ലെങ്കില്‍ ഇങ്ങനെയിരിക്കും; എം എം ഹസന്റെയും ഡീന്‍ കുര്യാക്കോസിന്റെയും പരിപാടികള്‍ ബഹിഷ്‌കരിച്ച് ജയ്ഹിന്ദ് ടിവി ജീവനക്കാരുടെ പ്രതിഷേധം

മൂന്നു മാസത്തോളമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് ടിവിയിലെ കോഴിക്കോട്ടെ ജേര്‍ണലിസ്റ്റുകള്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെയും പരിപാടികള്‍ ബഹിഷ്‌കരിച്ചു.

കെപിസിസി പ്രസിഡന്റായ ശേഷം എം എം ഹസ്സന്റെ കോഴിക്കോട്ടെ കന്നി സന്ദര്‍ശനമാണ് കല്ലു കടിയായത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗത്വ വിതരണോത്ഘാടനത്തിന് ഇന്നലെ ഉച്ചയ്ക്കു ശേഷം 2.30ന് കോഴിക്കോട് ഡിസിസി ഓഫീസിലെത്തിയ എം എം ഹംസ്സന്റെ പരിപാടി ജയ്ഹിന്ദ് ഒഴികെ മറ്റെല്ലാം ചാനലുകളും കവര്‍ ചെയ്യുകയും പ്രതികരണം എടുക്കുകയും ചെയ്തിരുന്നു.

ശമ്പളത്തിനു പുറമെ ബ്യൂറോ എക്‌സ്‌പെന്‍സ് ഉള്‍പ്പെടെ കുടിശ്ശികയായി കിടക്കുന്ന സാഹചര്യത്തിലാണ് ജയ്ഹിന്ദ് ജീവനക്കാര്‍ ചാനല്‍ എംഡി കൂടിയായ എം എം ഹസ്സന്റെ പരിപാടി ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചത്. ഹസ്സന്റെ പരിപാടി ഡിസിസി ഓഫീസില്‍ നടക്കുന്ന സമയത്ത് കോഴിക്കോട് ഓഫീസില്‍ വാഹനമില്ലാത്തതിനാലാണ് പങ്കെടുക്കാനാവാതെ പോയതെന്നാണ് ജീവനക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

എന്നാല്‍ ഇന്ന് ഉച്ചയ്ക്കു ശേഷം ഡിസിസിയില്‍ നടന്ന ഡീന്‍ കുര്യാക്കോസിന്റെ വാര്‍ത്താസമ്മേളനത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. ജയ്ഹിന്ദില്‍ നിന്ന് ജീവനക്കാര്‍ ആരും തന്നെ എത്തിയില്ല. ബ്യൂറോ ചീഫ് ഉള്‍പ്പെടെ മൂന്നു റിപ്പോര്‍ട്ടര്‍മാരും രണ്ട് കാമറമാന്‍മാരും ഇതര ജീവനക്കാരുമുള്‍പ്പെടെ എട്ടു പേരാണ് കോഴിക്കോട് റീജ്യണല്‍ ബ്യൂറോയിലുള്ളത്. ഫെബ്രുവരി മുതലുള്ള ശമ്പളം ജീവനക്കാര്‍ക്കു ലഭിക്കാനുണ്ട്. ചിലര്‍ക്ക് ഫെബ്രുവരിയിലേത് കിട്ടിയിട്ടുണ്ട്. ബ്യൂറോയുടെ ദൈനംദിന ചിലവിലേക്കായുള്ള തുകയും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഇതോടെ ജീവനക്കാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്.

യുഡിഎഫ് ഭരണകാലത്തു തന്നെ ജയ്ഹിന്ദിന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. രണ്ടു വര്‍ഷത്തോളമായി ശമ്പളം വൈകല്‍ പതിവാണെങ്കിലും ഇത്രത്തോളം പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു. ഭരണമാറ്റത്തോടെയാണ് ജയ്ഹിന്ദ് ജീവനക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുന്നത്. പ്രതിസന്ധിയെത്തുടര്‍ന്ന് പല സിങ്കിള്‍മാന്‍ ബ്യൂറോകളും പൂട്ടിയിരുന്നു.

അതേസമയം, തന്റെ പരിപാടികളിൽ ഏതൊക്കെ ചാനലുകൾ വരുന്നുണ്ടെന്നു നോക്കാറില്ലെന്നും ജയ്‌ഹിന്ദ്‌ വിഷയം അറിയില്ലെന്നും എം എം ഹസ്സൻ നാരദാ ന്യൂസിനോട് പ്രതികരിച്ചു.