ആർഎസ്എസ് ശക്തികേന്ദ്രത്തിലെ മുസ്ലിം പള്ളിക്കകത്ത് 'ജയ് ശ്രീറാം'; കടന്നുകയറി ചുമരെഴുതിയ അക്രമിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി

ഇന്ന് ഉച്ചയ്ക്ക് 1.30യോടെയാണ് സംഭവം. ജുമുഅഃ (വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന) നടക്കാത്ത ചെറിയ പള്ളിയായതിനാൽ ഊ സമയം ഇവിടെയാരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആരും കൃത്യം കണ്ടിരുന്നുമില്ല. എന്നാൽ ദൃശ്യങ്ങൾ അടുത്തുള്ള ആയുർവേദ ആശുപത്രിയുടെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ആർഎസ്എസ് ശക്തികേന്ദ്രത്തിലെ മുസ്ലിം പള്ളിക്കകത്ത് ജയ് ശ്രീറാം; കടന്നുകയറി ചുമരെഴുതിയ അക്രമിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി

തൃശൂർ കൊടുങ്ങല്ലൂരിൽ ആർഎസ്എസ് ശക്തികേന്ദ്രത്തിലെ മുസ്ലിം പള്ളിയ്ക്കകത്ത് 'ജയ് ശ്രീറാം' ചുവരെഴുത്ത്. കൊടുങ്ങല്ലൂർ കിഴക്കേനട സലഫി പള്ളിയുടെ മിംബറിലാണ് ജയ് ശ്രീറാം എന്നെഴുതിയത്. ഇന്ന് ഉച്ചയ്ക്ക് 1.30യോടെയാണ് സംഭവം. ജുമുഅഃ (വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന) നടക്കാത്ത ചെറിയ പള്ളിയായതിനാൽ ഊ സമയം ഇവിടെയാരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആരും കൃത്യം കണ്ടിരുന്നുമില്ല. എന്നാൽ ദൃശ്യങ്ങൾ അടുത്തുള്ള ആയുർവേദ ആശുപത്രിയുടെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഒരാൾ പള്ളിയിലേക്ക് കടന്നുവന്ന ശേഷം മൂത്രപ്പുരയിലേക്കു കടക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നീട് ഇവിടെ നിന്നും ഇറങ്ങിയ ശേഷം ഇയാൾ പള്ളിക്കുള്ളിലേക്കു കടക്കുകയും ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു മിനിറ്റിനുള്ളിൽ തന്നെ ഇതെല്ലാം കഴിഞ്ഞു. തുടർന്ന് രണ്ടരയോടെ പള്ളി പരിപാലനസമിതിയെ ഒരാൾ വന്നപ്പോഴാണ് മിംബറിൽ ജയ് ശ്രീറാം എന്നെഴുതിയിരിക്കുന്നതായി കാണുന്നത്.

Image Title

ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ഇവർ അറിയിച്ചതിന് അനുസരിച്ച് എസ്പിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ എസ്ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രദേശവാസികളെ കാണിക്കുകയും ചെയ്തെങ്കിലും ആളെ തിരിച്ചറിയാനായില്ല. ഇതോടെ കൂടുതൽ പരിശോധനയ്ക്കായി ദൃശ്യങ്ങൾ കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് നാ​രദാ ന്യൂസിനോടു പറഞ്ഞു.

സംഭവത്തെ തുടർന്ന് സിഐയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒമ്പതു മണിവരെ പള്ളി പരിസരത്തുണ്ടായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ മൊഴിയെടുത്തു മടങ്ങി. സംഭവത്തിൽ കേസെടുത്തതായും പൊലീസ് അറിയിച്ചു.

1983ൽ ഇതേ പള്ളി, ‌കൈയേറ്റ സ്ഥലത്താണ് നിർമിച്ചതെന്നാരോപിച്ച് ഒരു സംഘം ആർഎസ്എസ് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പള്ളിയുടെ കൈവശാവകാശ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇവരുടെ വാദം തെറ്റാണെന്നു തെളിഞ്ഞതും പ്രശ്നത്തിനു പരിഹാരമുണ്ടായതും.