ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഉത്തരവ്

സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്

ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഉത്തരവ്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലുള്ള സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. കേരളാ കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്. കാരണം വ്യക്തമാക്കാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായുള്ള സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. യോഗ്യതക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ അംഗീകരിച്ചു. ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് രണ്ടു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല.അതിനാൽ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നാണുത്തരവ്.