ഈ മഴക്കാലത്ത് ടെക്കികള്‍ ചൂടുന്നത് കാര്‍ത്തുമ്പി കുടകള്‍ !

അട്ടപ്പാടിയിലെ സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭമായ കാര്‍ത്തുമ്പി കുടകളാണ് ടെക്കികള്‍ ഈ മഴക്കാലത്ത് ചൂടുക. ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ആദിവാസി സ്ത്രീകള്‍ നിര്‍മ്മിച്ച ആയിരത്തിലേറെ കുടകള്‍ വാങ്ങി ആദ്യവില്‍പ്പന ആഘോഷമാക്കി.

ഈ മഴക്കാലത്ത് ടെക്കികള്‍ ചൂടുന്നത് കാര്‍ത്തുമ്പി കുടകള്‍ !

ഈ മഴക്കാലത്ത് ടെക്കികള്‍ ചൂടുന്ന കുടകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വെറും കുടകളല്ല അവ, അട്ടപ്പാടിയിലെ ഒരുകൂട്ടം അമ്മമാര്‍ക്കുള്ള തണല്‍ കൂടിയാണത്. അട്ടപ്പാടിയിലെ സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭമായ കാര്‍ത്തുമ്പി കുടകളുടെ വില്‍പ്പനയ്ക്ക് മികച്ച പിന്തുണയുമായാണ് ടെക്കികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ആദിവാസി സ്ത്രീകള്‍ നിര്‍മ്മിച്ച ആയിരത്തിലേറെ കുടകള്‍ വാങ്ങി ആദ്യവില്‍പ്പന ആഘോഷമാക്കുകയും ചെയ്തു. കാര്‍ത്തുമ്പി കുടകളുടെ ആദ്യവിതരണം പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. പ്രതിധ്വനി വൈസ് പ്രസിഡന്റ് മാഗി വൈ വി, കുട ഏറ്റുവാങ്ങി.

രണ്ടു ദിവസത്തിനുള്ളില്‍ 1122 ഓര്‍ഡറുകള്‍ ഐ ടി ജീവനക്കാര്‍ നല്‍കിയിട്ടുണ്ട്. 100 രൂപ നല്‍കി പ്രീ സെയില്‍ കൂപ്പണുകള്‍ വാങ്ങിയാണ് ജീവനക്കാര്‍ കുട ബുക്ക് ചെയ്തത്. 350 രൂപയാണ് ഒരു കുടയുടെ വില. പ്രീ ഓര്‍ഡര്‍ പ്രകാരം കുടകള്‍ വിതരണം ചെയ്യുമ്പോള്‍ ബാക്കി 250 രൂപ കൂടി ജീവനക്കാര്‍ നല്‍കും. പ്രീ സെയില്‍ കൂപ്പണുകള്‍ അവസാനിച്ചെങ്കിലും കൂടുതല്‍ കുടകളെത്തിച്ചാല്‍ 'റെഡി കാഷ്' കൊടുത്ത് വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കൂടുതല്‍ ഐടി ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

സാമൂഹിക സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസുസ്ഥിരത കൈവരിക്കുന്നതിനായി കുടനിര്‍മാണം ആരംഭിച്ചത്. 60 ഓളം ആദിവാസിയുവതികള്‍ കുടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദിവസം 500 മുതല്‍ 700 രൂപവരെ വരുമാനം ഇതില്‍നിന്ന് ലഭിക്കുന്നു. വിപണിയില്‍ ഇടംകണ്ടെത്തുന്നതിനൊപ്പം ആദിവാസിസ്ത്രീകളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കയെന്ന ലക്ഷ്യം കൂടി കുടനിര്‍മ്മാണത്തിനുണ്ട്. ഷോളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂര്‍ത്തി, തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആദിവാസി മൂപ്പന്‍സ് സംഘടനാ വൈസ് പ്രസിഡന്റ് ചൊറിയ മൂപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് സഹായമേകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രതിധ്വനി സംഘടനയിലെ അംഗങ്ങളും. ടെക്ക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കു പിന്നാലെ കേരളത്തിലും വിദേശത്തുമുള്ള നിരവധിപേര്‍ കുടയ്ക്ക് ഓര്‍ഡറുമായി രംഗത്തുണ്ട്.