ഇസഹാക്ക് എപ്പോഴും ഫാത്തിമയുടെ ചുമലില്‍: നാലുകൈകള്‍ നീട്ടി ഒരൊറ്റ ജീവിതം

കുര്‍ളയില്‍ നിന്നം ഫാത്തിമ ഇസഹാക്കിനേയും ചുമലേറ്റി കൊച്ചിയിലെത്തിയിട്ട് 20 വര്‍ഷം. പ്രണയികളുടെ മറൈന്‍ഡ്രൈവില്‍ ഇവരെപ്പോഴുമുണ്ട്- ജീവിതം ഇതുകൂടിയാണെന്ന കാഴ്ചയായി.

ഇസഹാക്ക് എപ്പോഴും ഫാത്തിമയുടെ ചുമലില്‍:  നാലുകൈകള്‍ നീട്ടി ഒരൊറ്റ ജീവിതം

പ്രണയികളും ദമ്പതികളും സ്നേഹം പങ്കിടാന്‍ വരുന്ന മറൈന്‍ ഡ്രൈവിലെ കായലോരത്തൂടെ ഇങ്ങനെ ഒരു താജ്മഹല്‍ നടന്നു വരും. മുംതാസിന് കുടീരം പണിത ഷാജഹാനല്ല അത്, ഇസഹാക്കും ഫാത്തിമയുമാണ്. ഫാത്തിമയുടെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ഇസഹാക്ക്. ഇസഹാക്കിന് ഫാത്തിമയുടെ ചെവിയില്‍ എപ്പോഴും മിണ്ടാം. രണ്ടു കാലുകളും നാലുകൈകളുമുള്ള ഒറ്റശരീരമാണപ്പോളവര്‍. യാചിക്കാന്‍ പടച്ചവന്‍ നാലുകൈകളെന്തായാലും കൊടുത്തിട്ടുണ്ട്.

ഫാത്തിമയ്ക്ക് ഇസഹാക്ക് ജീവിതത്തില്‍ ഭാരമേ അല്ല. പോളിയോ ബാധയെ തുടര്‍ന്ന് ചെറുപ്പത്തിലെ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന ഇസാഹക്ക് ഇന്ന് ഫാത്തിമയുടെ ചുമലില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇസാഹക്കും ഫാത്തിമയും കൊച്ചിയില്‍ എത്തിയിട്ട് ഇരുപത് വര്‍ഷമായി. മഹാരാഷ്ട്രയിലെ കുര്‍ളയില്‍ നിന്നും കൊച്ചിയിലേക്ക് ട്രെയിന്‍ കേറുമ്പോള്‍ അവര്‍ക്ക് മനസ്സില്‍ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ കൈവിടരുതേയെന്ന്.

ഏപ്രില്‍ വേനച്ചൂടിനെ വകവെയ്ക്കതെ കൊച്ചിയില്‍ ഇസാഹക്കും ഫാത്തിമയും തളരാതെ കൈനീട്ടുകയാണ് ജീവിക്കാനായി... ഇരുപതു വര്‍ഷം കൊണ്ട് ഇരുവരും നന്നായി മലയാളം പഠിച്ചു. പര്‍ദ്ധയാണ് ഫാത്തിമയുടെ വേഷം. ഇസഹാക്കിനെ ചുമലേറ്റി കരുത്തയായ സ്ത്രീ.കുര്‍ള സ്വദേശികളാണ് ഇരുവരും. അവിടെ നിന്നും പോരാനുണ്ടായ സാഹചര്യം ഇരുവരും പറഞ്ഞില്ല. രണ്ട് മക്കളുണ്ട് അവര്‍ നാട്ടില്‍ തന്നെയാണ്. മക്കളെ നല്ലനിലയില്‍ വളര്‍ത്തണം, അതിനാണ് കൊച്ചിയിലേയ്ക്ക് ട്രെയിന്‍ കയറിയത്.


61 വയസായി ഇസഹാക്കിന്. ഫാത്തിമയ്ക്ക് 58 വയസും. ഇരുവര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ഇരുവര്‍ക്കുമുണ്ട്. ഇസാഹക്കിന് അത്ര കനമൊന്നുമില്ലെന്ന് ഉമ്മ പറയുന്നു. അത് ഫാത്തിമ വെറുതെ പറയുകയാണെന്ന് ഇസഹാക്കിന് അറിയാമല്ലോ. തന്റെ ഭാരത്തെക്കുറിച്ച് അറിയാവുന്നതിനാലാവണം പെട്ടെന്ന് ഇസഹാക്കിന്റെ കണ്‍പീലിക്കുമുകളില്‍ ഒരു തുള്ളിക്കണ്ണീരിന്റെ കനത്തഭാരം വന്നു നിറഞ്ഞത്. നഗരത്തിലെ പ്രധാന വീഥികളില്‍ ഇവര്‍ ഉണ്ടാകും. ലുലു മാളിനു മുന്നിലും ഇടപ്പള്ളി പള്ളിയിലുമെല്ലാം പോകും. പലര്‍ക്കും ഇരുവരേയും അറിയാം. കിട്ടുന്ന കാശും കൊണ്ട് കുര്‍ളയ്ക്ക് പോകും. മക്കള്‍ക്ക് കൊടുക്കും. വാപ്പയും ഉമ്മയും ജോലി ചെയ്യുന്ന നാട് മക്കളിനിയും കണ്ടിട്ടില്ല.

മണ്ണില്‍ പണിയെടുത്ത് ജീവിക്കാന്‍ ആഗ്രഹമുണ്ട് എന്നാല്‍ എന്റെ ഇപ്പോഴത്തെ അവസ്ഥ അനുവദിക്കുന്നില്ല. ഇരുപത് വര്‍ഷത്തോളം ഞങ്ങളെ വളര്‍ത്തിയത് കേരളമാണ്. ഇനിയുള്ള കാലം സ്‌ന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അനുകമ്പ തോന്നിയാണ് കൂടുതല്‍ ജനങ്ങള്‍ പത്ത് രൂപ നോട്ടുകള്‍ തരുന്നത്. ചിലര്‍ മുഖം തിരിക്കുന്നു. ചെറു പുഞ്ചിരിയോടെ ഇസാഹക്ക് പറഞ്ഞു.

ഇസഹാക്കും ഫാത്തിമയും അബ്ദുള്‍ കലാം മാര്‍ഗ്ഗിലേയ്ക്ക് നടന്നു നീങ്ങി. അവിടെയിരിക്കുന്ന ഓരോ പ്രണയിക്കും അവരില്‍ തങ്ങളെ കാണാനാകും. അവര്‍ക്ക് കൊടുക്കാന്‍ ആരും നാണയങ്ങള്‍ നോക്കാറില്ല- പത്തുരൂപ കൊടുക്കും. അതില്‍ കൂടുതലും കൊടുക്കും.