പുഷ്പം പോലെ കിണര്‍ കുഴിക്കുന്ന പൂക്കോട്ടുകാവിലെ 300 പെണ്ണുങ്ങള്‍; നാരദാ ന്യൂസ് പരമ്പര തുടരുന്നു

വള്ളുവനാടിന്റെ ശാലീനത മുഴുവനും ഏറ്റുവാങ്ങിയ ഗ്രാമമാണ് പൂക്കോട്ടുകാവ്. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ ഉള്‍ഗ്രാമങ്ങളിലൊന്നായ പൂക്കോട്ടുക്കാവ് ഇപ്പോള്‍ സംസ്ഥാനത്തിനു തന്നെ മാത്യകയാക്കാവുന്ന ഒരു പദ്ധതി വിജയകരമായി നടത്തിവരികയാണ്. കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളേയും സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതികളേയും കാത്തിരിക്കുന്ന പഞ്ചായത്തുകള്‍ ഇനി പൂക്കോട്ടുകാവിനെ കണ്ടു പഠിക്കണം. നാരദാ ന്യൂസ് പരമ്പര ജീവനു ജലമുണ്ടോ? തുടരുന്നു

പുഷ്പം പോലെ കിണര്‍ കുഴിക്കുന്ന പൂക്കോട്ടുകാവിലെ 300 പെണ്ണുങ്ങള്‍; നാരദാ ന്യൂസ് പരമ്പര തുടരുന്നു

പാലക്കാട്ടെ ഉള്‍നാടന്‍ ഗ്രാമമായ പൂക്കോട്ടുകാവ് പഞ്ചായത്തില്‍ കിണറുകള്‍ കുഴിക്കുന്നത് 300ലേറെ വരുന്ന സ്ത്രീകളാണ്. പഞ്ചായത്തിലെ 13 വാര്‍ഡിലും കിണര്‍ കുഴിക്കുന്ന പെണ്‍സംഘങ്ങളുണ്ട്. ഒരോ വാര്‍ഡിലും ഒന്നു മുതല്‍ നാലും അഞ്ചും വരെ സംഘങ്ങള്‍ വരെ ഇപ്പോൾ കിണര്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം പെണ്‍കരുത്തില്‍ 182 കിണറുകള്‍ കുഴിച്ചുകഴിഞ്ഞു. കേരളത്തില്‍ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സ്ത്രീത്തൊഴിലാളികള്‍ കിണര്‍ കുഴിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്.


പണിതീര്‍ന്ന പത്തില്‍ താഴെ കിണറുകളില്‍ മാത്രമാണ് വേണ്ടത്ര വെള്ളം കിട്ടാതെ പോയത്. ബാക്കി കിണറുകളില്‍ നിന്നും ആവശ്യത്തിന് വെള്ളം കോരിയെടുക്കാം. റോഡരികിലെ പുല്ലും കുറ്റിക്കാടും വെട്ടുക, ഓട വൃത്തിയാക്കുക തുടങ്ങിയ ജോലികളില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയെ ഏറ്റവും പ്രയോജനപ്രദമായി നടപ്പിലാക്കുന്ന പഞ്ചായത്തുകളിലൊന്നാണ് പൂക്കോട്ടുകാവ്.


കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടുമുറ്റത്ത് കിണര്‍ കുഴിക്കുക എന്ന ആശയം നടപ്പിലാക്കി തുടങ്ങിയത്. എങ്ങിനെ സ്ത്രീകള്‍ കിണര്‍ കുഴിക്കും എന്നു കരുതി നില്‍ക്കുമ്പോഴാണ് അമ്മിണിയെന്ന തൊഴിലാളി തയ്യാറായി മുന്നോട്ടുവന്നത്. അമ്മിണിയുടെ നേതൃത്വത്തില്‍ ആറംഗത്തിന് കിണര്‍ കുഴിക്കലില്‍ പരിശീലനം നല്‍കി. പിന്നീട് കൂടുതല്‍ സ്ത്രീകള്‍ കടന്നുവന്നു.

ഇന്നിപ്പോള്‍ 300ഓളം വരുന്ന വനിത സംഘങ്ങള്‍ പൂക്കോട്ടുകാവില്‍ കിണര്‍ കുഴിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ 240 രൂപയാണ് ഇവര്‍ക്ക് കൂലിയായി കിട്ടുക. പുരുഷന്‍മാര്‍ക്ക് 850 രൂപയെങ്കിലും കൂലിയോ കരാര്‍ ആണെങ്കില്‍ അടിക്കണക്കിലോ രൂപ നല്‍കണം. തൊഴിലുറപ്പ് പദ്ധതിയുമായി വെച്ചുനോക്കുമ്പോള്‍ കിണര്‍ കുഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ അതിന് ആശ്രയമാകുകയാണ് ഈ വനിത സംഘം.


കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതിയെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ഓരോ വര്‍ഷവും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി കൊണ്ടിരിക്കെ അതിനെ ജനോപകാരപ്രദമാക്കാനുള്ള പദ്ധതികള്‍ വാര്‍ത്തെടുക്കുകയാണ് പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍. തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതുവഴികള്‍ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കുന്നതെന്ന് പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ കെ ജയദേവന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ 52 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയിനത്തില്‍ കിട്ടാനുണ്ടെന്നും ജയദേവന്‍ പറഞ്ഞു.

ദാഹജലത്തിനായി പൂക്കോട്ടുകാവ് പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍ ദീര്‍ഘവീക്ഷണത്തോടു കൂടി തന്നെയാണ്. ജല സാക്ഷരതയില്ലാത്ത മലയാളി ഇതേ അവസ്ഥയില്‍ ഇനിയും മുന്നോട്ടുപോയാല്‍ വരും വര്‍ഷങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകും. സ്വന്തം പഞ്ചായത്തിലെങ്കിലും ആവശ്യത്തിന് കുടിവെള്ളം ഉണ്ടാക്കുകയെന്ന ആശയമാണ് ഭാവനപൂര്‍ണ്ണമായ ഈ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചത്. പുഴകളോ കൊച്ചു തോടോ ഇല്ലാത്ത പഞ്ചായത്തില്‍ 26 ചെറുകിട കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്.

എല്ലാം കുഴല്‍കിണറിനെ ആശ്രയിച്ചുള്ളവ. പഞ്ചായത്തിന് സ്വന്തമായി ഒരു സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ വേണ്ടത്ര കുടിവെള്ള സ്രോതസ്സുകളും പഞ്ചായത്തില്‍ ഇല്ല. ഇതും കിണര്‍ കുഴിക്കല്‍ ആശയത്തിന് പ്രചോദനമായി. ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ സ്തീകള്‍ കിണര്‍ കുഴിക്കുകയാണ് ചെയ്യുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ കിണര്‍ റീചാര്‍ജിങ്ങ് പദ്ധതിയാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.

'ഉറവ്' എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ പഞ്ചായത്തിലെ നൂറു കണക്കിന് വീടുകളിലെ കിണറുകള്‍ റീചാര്‍ജ് ചെയ്തു. കോണ്‍ക്രീറ്റ് വീടോ, ഓടുമേഞ്ഞ വീടോ എന്തായാലും അതിന് മുകളില്‍ പെയ്യുന്ന വെള്ളം പിവിസി പൈപ്പുകള്‍ വഴി കരി, മണല്‍, മെറ്റല്‍ തുടങ്ങിയവ അടങ്ങിയ ടാങ്കില്‍ ശേഖരിച്ച് കിണറിലേക്ക് തുറന്നുവിടുന്നതാണ് കിണര്‍ റീചാര്‍ജിങ്ങ് പദ്ധതി. ഒരു വീടിന് 6,000 രൂപ വീതം പഞ്ചായത്ത് നല്‍കിയിരുന്നു. കിണറുകളില്‍ ഒരടി മുതല്‍ രണ്ടടി വരെ ജലനിരപ്പ് ഉയര്‍ത്താനും മഴ വെള്ളത്തെ കിണറ്റിലേക്ക് തിരിച്ചുവിട്ട് ഉപയോഗിക്കാനും ഇതുവഴി സാധിച്ചിരുന്നു.